എം.കെ. മോഹന്‍ദാസ്
കലാലോകത്തിന്റെ ഒരു സ്മരണപോലും ലഭിക്കാതെ അവഗണനയേറ്റ് തൃശൂരിന്റെ ഒരു അഭിനയപ്രതിഭ കൂടി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഇക്കഴിഞ്ഞ മെയ് ആറിന് അന്തരിച്ച കെ.ജി.വത്സലന്‍ എന്ന വത്സന് ഒരു റിട്ടയേഡ് ബാങ്ക് മാനേജര്‍ മാത്രമായിരുന്നില്ല. നല്ലൊരു അഭിനേതാവായിരുന്നു. നാടകമായിരുന്നു ആദ്യ തട്ടകം. ടി.ജി. രവി, കെപിഎസി പ്രേമചന്ദ്രന്, ചിത്രമോഹന്‍, ജോസ് ചിറമ്മല്‍, തൃശൂര്‍ രാജന്, രാജു കൂര്‍ക്കഞ്ചേരി, മുല്ലനേഴി നീലകണ്ഠന്, ജോസ് പായമ്മല്‍, ടി.എല്‍. ജോസ്, ശേഖരന്കുട്ടി തുടങ്ങിയവരുമായിട്ടായിരുന്നു സഹവര്‍ത്തിത്വം.
ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ നെടുങ്ങാടി ബാങ്കില്‍ ജോലി കിട്ടിയതോടെ അഭിനയ മോഹത്തോട് താല്‍ക്കാലികമായി വിടപറയേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ ജോലി ചെയ്തുവരവെ, തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു, സിനിമയില്‍നിന്നുള്ള ക്ഷണം വന്നത്. അങ്ങനെ പി. രാമദാസ് രചന നിര്‍വഹിച്ച് കെ. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ‘കത്ത്’ എന്ന ഫീച്ചര്‍ ഫിലിമില്‍ നായകനായി. തൃശൂരിലും പരിസരത്തുമായി ചിത്രീകരിച്ച ‘കത്തി’ല്‍ ഇന്നത്തെ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയായിരുന്നു നായിക. നവസിനിമയുടെ ഗണത്തില്‍പ്പെട്ട ഈ ചിത്രം വിതരണത്തിനായി ജനശക്തി ഫിലിംസ് എടുത്തുവെങ്കിലും സാമ്പത്തിക ബാധ്യതകൊണ്ട് തിയറ്റേറുകളില്‍ പ്രദര്‍ശനത്തിന് എത്തിയില്ല.
‘കത്തി’നുശേഷം പി. ചന്ദ്രകുമാറിന്റെ ‘കാവല്‍മാട’ത്തിലായിരുന്നു അടുത്ത വേഷം. തുടര്‍ന്ന് സത്യന് അന്തിക്കാടിന്റെ കിന്നാരം, കെ.ആര്. മോഹനന്റെ അശ്വത്ഥാമാവ്, ചിന്ത രവിയുടെ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്, പവിത്രന്റെ യാരോ ഒരാള്‍ തുടങ്ങിയ ചിത്രങ്ങള്‍. സത്യന് അന്തിക്കാടുമായി നല്ല സൗഹൃദമായിരുന്നു വത്സന്. പിന്നീട് പ്രൊമോഷന് കിട്ടി ബാങ്ക് മാനേജരായതോടെ, ജോലിത്തിരക്ക് ഏറുകയും ലീവ് കിട്ടാതെയാവുകയും ചെയ്തു. അങ്ങനെ അഭിനയകലയോട് വീണ്ടും അകലം പാലിക്കേണ്ടിവന്നു.
റിട്ടയര്‍മെന്റിനുശേഷം ടെലിഫിലിമുകളിലും മറ്റുമായി വീണ്ടും സജീവമായി വരവെയാണ് ഓര്‍ക്കാപ്പുറത്ത് മരണം കയറിവന്ന് കൂട്ടിക്കൊണ്ടുപോയത്. ഏറ്റവും വലിയ ദുഃഖം വിരഹവും ഏറ്റവും വലിയ വിരഹം മരണവുമാണല്ലോ. വത്സനെ വേദനയോടെ ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: