തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയം മൂലം പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. നിരവധി പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് നഷ്ടത്തില്‍. അധികമായി ഏര്‍പ്പെടുത്തിയ സെസും നികുതിയും കുറയ്ക്കണമെന്ന് പമ്പ് ഉടമകള്‍.
സാമൂഹിക സുരക്ഷാ പെന്‍ഷന്റെ പേരു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക സെസാണ് പമ്പുടമകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചത്. ഏപ്രില്‍ മുതല്‍ രണ്ടു രൂപ ഇന്ധനത്തിന് അധികമായി നികുതിക്ക് പുറമെ സര്‍ക്കാര്‍ ഈടാക്കുന്നു.
അധിക സെസ് ഏര്‍പ്പെടുത്തിയതിലൂടെ സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് 750 കോടി രൂപ അധികമായി ലഭിക്കുമെന്നും സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പ്രതിബദ്ധതകളെ സഹായിക്കുന്നതിന് ഒരു സീഡ് ഫണ്ട് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നുവെന്നുമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞത്. എന്നാല്‍ അധികമായി പിരിച്ച തുക പെന്ഷന് ഫണ്ടിലേക്ക് മാറ്റിയിട്ടില്ല. അധിക സെസ് ഏര്‍പ്പെടുത്തിയതോടെ പെട്രോള്‍ പമ്പുകളുടെ വ്യാപാരത്തില്‍ വന്‍ ഇടിവ് സംഭവിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയും ഡീസലിനും 18 രൂപയുമാണ് സംസ്ഥാനത്ത് നികുതിയിനത്തില്‍ ഈടാക്കുന്നത്. ഇതിനു പുറമെയാണ് അധികമായി രണ്ട് രൂപ സെസ്. ലിറ്ററിന് പത്ത് രൂപയോളം വ്യത്യാസം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ അധികമായി വരുന്നു. ഇതോടെ ദീര്‍ഘദൂര വാഹനങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലെ വാഹനങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നു. ഇതോടെ സംസ്ഥാനത്തെ പമ്പുകളില്‍ വ്യാപാരം കുത്തനെ ഇടിഞ്ഞു.
കൂടാതെ വൈദ്യുതി വാഹനങ്ങളുടെയും സിഎന്‍ജി വാഹനങ്ങളും ധാരാളം നിരത്തില്‍ ഇറങ്ങിത്തുടങ്ങി. അതിനാല്‍ അധികം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാലും പമ്പുകളില്‍ വ്യാപാരം വര്‍ധിക്കുന്നില്ല. 3700ല്‍ അധികം പമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. പമ്പുകള്‍ നഷ്ടത്തിലായതോടെ ആയിരക്കണക്കിന് പേരുടെ തൊഴിലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: