ആലപ്പുഴ: ബോട്ടുകളുടെ സര്‍വേയടക്കമുള്ള പരിശോധന മുടങ്ങിയതോടെ ഹൗസ്ബോട്ട് മേഖല പ്രതിസന്ധിയിലായെന്ന് ഹൗസ്ബോട്ട് ഉടമകളുടെ വിവിധ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ചീഫ് സര്‍വേയര്‍ ജയിലിലായതോടെ ബോട്ടുകളുടെ പരിശോധന നിര്‍ത്തിവച്ചതിനാല്‍ നൂറൂകണക്കിന് ഹൗസ് ബോട്ടുകള്‍ക്ക് ലൈസന്‍സ് കിട്ടാത്ത സ്ഥിതിയാണ്.
പുതിയ ഉദ്യോഗസ്ഥനെ നിയമിച്ച് സര്‍വേ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് പുതുക്കി നല്‍കണം. നിലവില്‍ സര്‍വേ നടത്തിയ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഉറപ്പുവരുത്തിയാല്‍ മാത്രമേ സര്‍വീസ് നടത്താന്‍ കഴിയൂ. സര്‍വേ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ അപകടമുണ്ടായാല്‍ നിയമനടപടി നേരിടേണ്ടിവരുന്നത് ഹൗസ്ബോട്ട് ഉടമകളാണ്. ആഭ്യന്തര ടൂറിസ്റ്റുകളടക്കം എത്തുന്ന സീസണില്‍ ലൈന്‍സ് പുതുക്കാതിരുന്നാല്‍ മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ ഓള് കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് വി.വിനോദ്, സെക്രട്ടറി വിജയന്, വൈസ് പ്രസിഡന്റ് സിബി കുമാര്‍, കുമരകം ഹൗസ്ബോട്ട് ഓണേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി സോജി ജെ.ആലുംപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: