കാസര്‍കോട്: കേടായി മൂന്നു മാസമായിട്ടും ലിഫ്റ്റ് ശരിയാക്കാത്തതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ മൃതദേഹം ആറാം നിലയില്‍ നിന്നിറക്കിയത് തോളില്‍ ചുമന്ന്. ആരോഗ്യരംഗത്തു മുന്‍നിരയിലെന്ന് മേനി നടിക്കുന്ന സര്‍ക്കാരിന്റെ ആശുപത്രിയിലാണ് സംഭവം.
ഇന്നലെ രാവിലെ മരിച്ച ബേക്കല്‍ സ്വദേശി രമേശന്റെ (44) മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് ആറാം നിലയിലുള്ള ഐസിയുവില്‍ നിന്നു ചുമന്നിറക്കിയത്. മത്സ്യത്തൊഴിലാളിയാണ് രമേശന്. കരള്‍ രോഗത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.
ഇതേ ആശുപത്രിയില്‍ ഇതു രണ്ടാം തവണയാണ് ഈ ഗതികേട്. അന്ന് ചികിത്സ തേടിയ ബന്തിയോട് സ്വദേശിയെ ആറാം നിലയിലെത്തിക്കാന്‍ ബിഎംഎസ് ചുമട്ടുതൊഴിലാളികള്‍ എത്തേണ്ടി വന്നു. ആ സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിനുത്തരവിട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഓപ്പറേഷന് തിയേറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്.
ആശുപത്രിയില്‍ റാമ്പില്ലാത്തതിനാല്‍ രോഗികളെയെത്തിക്കുന്നതും മാറ്റുന്നതുമെല്ലാം പടിക്കെട്ടിലൂടെ ചുമന്നാണ്. ലിഫ്റ്റ് കേടായതില്‍ അധികൃതരില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ജില്ലാ സബ് ജഡ്ജ് ബി. കരുണാകരനാണ് അന്വേഷിച്ചത്.
പെട്ടെന്നു പരിഹരിക്കാമായിരുന്ന വിഷയത്തില്‍ താമസമുണ്ടായതായും പകരം സംവിധാനമൊരുക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആശുപത്രി സൂപ്രണ്ടിന്റെ അലംഭാവം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നല്‍കിയിരുന്നു.
എന്നാല്‍, ആരോഗ്യവകുപ്പ് സൂപ്രണ്ടിനെ സംരക്ഷിക്കുകയായിരുന്നെന്ന ആരോപണം ശക്തമായിരുന്നു. ജില്ലാ സബ് ജഡ്ജിനു പുറമേ ആരോഗ്യവിഭാഗവും അന്വേഷണം നടത്തി. തുടര്‍ന്ന് ലിഫ്റ്റ് സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനുള്ള സാമഗ്രികള്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
എറണാകുളത്തുള്ള കമ്പനിക്കാണ് പുതിയ ലിഫ്റ്റിന്റെ നിര്‍മാണച്ചുമതല. ഇനിയും ഒരു മാസം വേണം നിര്‍മാണം പൂര്‍ത്തിയാകാനെന്ന് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: