പരപ്പ: ദുരവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അധികൃതര്‍ കണ്ണുതുറന്നില്ല. അശോകച്ചാലിന്റെ കൈവഴിയായ തോട്ടിലെ ചപ്പാത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ അവസാനം നാട്ടുകാര്‍ രംഗത്തിറങ്ങി.ഈ വര്‍ഷം കാലവര്‍ഷത്തില്‍ ചപ്പാത്ത് തകരാനിടയാകുമോ എന്ന ഭീതിയാണ് തുക ശേഖരിച്ച് നവീകരണം നടത്താന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചത്.
അഞ്ച് പൈപ്പുകളില്‍ മൂന്നെണ്ണവും കല്ലും മണ്ണും ചപ്പുചവറുകളും നിറഞ്ഞ് ചപ്പാത്തിന് മുകളിലൂടെ കഴിഞ്ഞവര്‍ഷങ്ങളില്‍ വെള്ളം കവിഞ്ഞൊഴുകുകയായിരുന്നു. ചപ്പാത്തിന്റെ നടുവില്‍ വലിയ കുഴിയുണ്ടായി. വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസമായി. കൊന്നക്കാട്ടുനിന്ന് അതിര്‍ത്തിഗ്രാമമായ മഞ്ചുച്ചാലിലേക്കുള്ള റോഡിലാണിത്. 20 വര്‍ഷം മുന്‍പാണ് ഇവിടെ ചപ്പാത്ത് നിര്‍മിച്ചത്. റോഡിന് സമം ഉയരത്തില്‍ പാലം നിര്‍മിക്കാന്‍ അടുത്തയിടെ 40ലക്ഷത്തിന്റെ പദ്ധതി തയ്യാറാക്കിയതല്ലാതെ നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. തിങ്കളാഴ്ച രാത്രി എട്ടുവരെ പണിയെടുത്താണ് ചപ്പാത്തിലെ തടസ്സങ്ങള്‍ നീക്കി ഗതാഗതയോഗ്യമാക്കിയത്. വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കല്ലില്‍ റോഡിനോടുള്ള അവഗണന തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ രംഗത്തിറങ്ങി പണം ശേഖരിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തത് അടുത്തയിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: