ന്യൂദല്‍ഹി : വന്‍ ധനാഢ്യരായ 6,500ഓളം വ്യക്തികള്‍ ഈ വര്‍ഷം ഇന്ത്യ വിട്ട് വിദേശത്തേക്ക് കുടിയേറുമെന്ന് റിപ്പോര്‍ട്ട്. അയല്‍രാജ്യമായ ചൈനയില്‍ നിന്ന് 13,500 ധനാഢ്യരും ബ്രിട്ടനില്‍ നിന്ന് 3,200 ധനാഢ്യരും മറ്റ് രാജ്യങ്ങളിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹെന്‍ലി വാര്‍ഷിക സ്വകാര്യ കുടിയേറ്റ റിപ്പോര്‍ട്ട് 2023 പതിപ്പ് പ്രകാരമാണ് ഈ വിവരങ്ങള്‍.2022 ലെ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്ന് 7,500 ധനാഢ്യര്‍ പുറം രാജ്യങ്ങളില്‍ കുടിയേറിപ്പാര്ക്കുമെന്നാണ് പറഞ്ഞിരുന്നത്.
ധനാഢ്യരെന്ന് ഉദ്ദേശിക്കുന്നത്
ഏകദേശം 8.2 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപം നടത്താന്‍ കഴിയും വിധം സമ്പത്തുള്ള ആളുകളാണ് രാജ്യം വിടുന്നവരുടെ പട്ടികയില്‍ ഉളളത്.നികുതി നിയമങ്ങളിലെയും പണമയയ്ക്കുന്നതിലെയും സങ്കീര്‍ണത, അതുമായി ബന്ധപ്പെട്ട ദുര്‍വ്യാഖ്യാനങ്ങളും അധിക്ഷേപവും ഒക്കെയാണ് ഈ ധനാഢ്യരെ പുതിയ ലാവണം തേടാന്‍ പ്രേരിപ്പിക്കുന്നത്.
കൂടാതെ, സമ്പന്ന കുടുംബങ്ങള്‍ക്ക് പൊതുവെ, മറ്റിടങ്ങളിലേക്ക് മാറി പോകാനുളള താത്പര്യം കൂടുതലാണ്. ഇവരുടെ നീക്കങ്ങളില്‍ നിന്ന് ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വിലയിരുത്തല്‍ നടത്താനുമാകുമെന്ന് ഹെന്‍ലി കമ്പനി സി ഇ ഒ ജര്‍ഗ് സ്റ്റെഫന് പറയുന്നു.
കുടിയേറുന്നത് ഏത് രാജ്യത്തേക്ക്
പഠനമനുസരിച്ച് ദുബായും സിംഗപ്പൂരുമാണ് രാജ്യം വിടുന്ന ധനാഢ്യര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍. യുഎഇ സര്‍ക്കാരിന്റെ ‘ഗോള്‍ഡന്‍ വിസ’ പദ്ധതി, അനുകൂല നികുതി അന്തരീക്ഷം, ശക്തമായ ബിസിനസ് ആവാസവ്യവസ്ഥ, സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം തുടങ്ങിയ ഘടകങ്ങള്‍ കാരണം ദുബായ് പ്രത്യേകിച്ചും ആകര്‍ഷകമാണ്.എന്നിരുന്നാലും, ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള ഒഴുക്ക് വലിയ പ്രശ്നമല്ലെന്ന് റിപപ്പോര്ട്ടില് പറയുന്നു. കുടിയേറ്റം മൂലം നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ധനാഢ്യരെ രാജ്യം സൃഷ്ടിക്കുന്നതാണ് കാരണം.
ഏറ്റവുമധികം കോടീശ്വരന്മാരെ നഷ്ടപ്പെടുന്ന രാജ്യങ്ങള്‍
റഷ്യയില്‍ നിന്ന് 3,000 ധനാഢ്യര്‍ ഈ വര്‍ഷം വിദേശത്തേക്ക് കുടിയേറുമെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലില്‍ നിന്ന് 1200, ഹോങ്കോങില്‍ നിന്ന് 1000, ദക്ഷിണ കൊറിയയില്‍ നിന്നും 800, മെക്സിക്കോയില്‍ നിന്ന് 700, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 500, ജപ്പാനില്‍ നിന്ന് 300 എന്നിങ്ങനെ ധനാഢ്യര്‍ പുറം രാജ്യങ്ങളില്‍ കുടിയേറും.
ഭൂരിഭാഗവും കുടിയേറുന്ന രാജ്യങ്ങള്‍
യുഎഇ , സിംഗപ്പൂര്‍ ,യുഎസ്എ ,സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലാകും ധനാഢ്യര്‍ ചേക്കേറുക. ഓസ്ട്രേലിയയിലേക്കാകും കൂടുതല്‍ ആള്ക്കാര് ചേക്കേറുക.കാനഡ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് കുടിയേറ്റക്കാര്‍ എത്താനിടയുളള ആദ്യ പത്ത് രാജ്യങ്ങളില്‍ ഉളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: