പാലക്കാട്: അട്ടപ്പാടി ഗവൺമെന്റ് കോളേജില്‍ ലക്ചര്‍ പോസ്റ്റിനുള്ള അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലെന്ന് പൊലീസ്. കോളേജിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് തിരിച്ചറിഞ്ഞത്.
അന്ന് വിദ്യയ്ക്കൊപ്പം ഒരാളും ഉണ്ടായിരുന്നു. എന്നാല്‍ കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ ആളുടെ മുഖം വ്യക്തമല്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് സിസിടിവി ദൃശ്യം പരിശോധിക്കാന്‍ കോളേജിലെത്തിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ പഴയ നാളുകളിലെ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞ് പൊലീസിനെ മടക്കി അയച്ചിരുന്നു. കോളേജിൽ അവസാന ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്നായിരുന്നു ഇയാളുടെ വിശദീകരണം. എന്നാല്‍ പിന്നീട് പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തിയാണ് ഈ നിര്‍ണ്ണായക ദൃശ്യങ്ങൾ കണ്ടത്.
അതേസമയം വിദ്യ ഇത്രയും ദിവസമായി ഒളിവിലാണ്. ഒളിവിലിരിക്കുന്ന വിദ്യ അഭിഭാഷകരെയും സുഹൃത്തുക്കളെയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ പോലീസിന് മാത്രം കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. ഇതേക്കുറിച്ച് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്.
അട്ടപ്പാടി ആർ ജി എം കോളജിൽ എത്തിയ പോലീസിന് അട്ടപ്പാടി കോളജ് പ്രിൻസിപ്പൽ ലാലി മോൾ വർഗീസ് ഇക്കാര്യത്തിൽ വിശദമായ മൊഴി പൊലീസിന് നൽകി. രേഖകളും കൈമാറി. ഇവരാണ് വിദ്യയുടെ തട്ടിപ്പ് ആദ്യം കണ്ടെത്തിയത്. ഇവിടെയും വ്യാജമായി നിര്‍മ്മിച്ച പ്രവൃത്തി പരിചയസര്‍ട്ടിഫിക്കറ്റ് തന്നെയാണ് വിദ്യ നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: