കൊച്ചി: വികസനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ എത്തിച്ചേരണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് റോസ്ഗാര്‍ മേളയെന്ന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി എ. നാരായണസ്വാമി. ദേശീയ തല റോസ്ഗാര്‍ മേളയുടെ ഭാഗമായി കൊച്ചിയില്‍ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ഗംഗോത്രി കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പുതിയ നയങ്ങളിലൂടെ രാജ്യം സംരംഭകത്വത്തിനും തൊഴിലിനുമുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചുവെന്ന് എ. നാരായണസ്വാമി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റി മിഷന് തുടങ്ങിയ മുന്‍നിര പരിപാടികള്‍ ഉള്‍പ്പെടെ ഗവണ്മെന്റിന്റെ വിവിധ സംരംഭങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഗണ്യമായ സംഭാവന നല്കി.
ഒരു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം റിക്രൂട്ട്മെന്റുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനും യുവാക്കളുടെ ജോലി പ്രവേശനം വേഗത്തിലാക്കാനും നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും റിക്രൂട്ട്മെന്റ് പ്രക്രിയയുടെ സമയം കുറയ്ക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ യുവാക്കള്‍ക്ക് ഇത് ഒരു പ്രത്യേക ദിവസമാണെന്ന് പ്രസ്താവിച്ച നാരായണസ്വാമി, യുവാക്കള്‍ക്ക് രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് റോസ്ഗാര്‍ മേള നല്‍കുന്നതെന്ന് പറഞ്ഞു. ഇന്ന് രാജ്യത്തുടനീളം 43 സ്ഥലങ്ങളില്‍ റോസ്ഗാര്‍ മേള നടന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പുതുതായി നിയമിതരായ 70,000 പേര്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്യുകയും ഈ അവസരത്തില്‍ അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. കൊച്ചിയില്‍ നടന്ന റോസ്ഗാര്‍ മേളയില്‍ പങ്കെടുത്തവര്‍ പരിപാടിയുടെ തത്സമയ വെബ്കാസ്റ്റിനു സാക്ഷ്യം വഹിച്ചു. പരിപാടിയില്‍ പുതുതായി നിയമിതരായ 184 പേര്‍ക്ക് നിയമന കത്തുകള്‍ കൈമാറി. എ നാരായണസ്വാമി 25 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമന കത്തുകള്‍ വിതരണം ചെയ്തു.
ഇന്ത്യന്‍ റെയില്‍വേ, എന്‍പിഓഎല്‍, തപാല്‍ വകുപ്പ്, ആദായ നികുതി വകുപ്പ്, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ഡഇഛ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കെ.ജി.ബി, ടകഉആക, എസ്.ബി.ഐ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തും റോസ്ഗര് മേള നടന്നു. കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പുതുതായി നിയമിതരായ 105 പേര്‍ക്ക് നിയമന കത്തുകള്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: