പ്രദീപ് കളത്തില്‍
നെയ്യാറ്റിന്‍കര: അധികൃതരുടെ അനാസ്ഥയില്‍ ഇന്ന് അപകടം പതിയിരിക്കുന്ന വളവായി മാറിയിരിക്കുകയാണ് ദേശീയപാതയില്‍ നെയ്യാറ്റിന്‍കര ഗ്രാമംവളവ്. സംസ്ഥാനത്തിന്റെ തെക്കന്‍ അതിര്‍ത്തിയായ കളിയിക്കാവിള കഴിഞ്ഞ് എത്തുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് ഇതുവഴിയാണ് പല വാഹനങ്ങളും ആദ്യമായിട്ടായിരിക്കും കടന്നുവരുന്നത്. അതുകൊണ്ട് തന്നെ അപകടങ്ങളും അപകടമരണങ്ങളും തുടര്‍ക്കഥയായ വളവിന്റെ രീതിയെ കുറിച്ച് അവര്‍ക്ക് അറിവും കുറവായിരിക്കും.
നിരവധി ജീവനെടുത്ത ഈ വഴിയിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ക്ക് അപകടസൂചന നല്കുന്ന ബോര്‍ഡുകള്‍ ഇതുവരെ ഇവിടെ സ്ഥാപിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്നും വരുന്ന വാഹനങ്ങളുടെ അമിത വേഗം കുറയ്ക്കുന്നതിന് വേണ്ട നടപടിയും ഇവിടെ സ്വീകരിച്ചിട്ടില്ല. ഈ വളവിന് ഇടതും വലതും ഭാഗങ്ങളില്‍ മറ്റ് ചെറുറോഡുകള്‍ പോകുന്നുണ്ട്. ഇവിടെ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂള്‍ പാരലല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന നിരവധി യാത്രക്കാര്‍ കടന്നുപോകുന്നതും ഇതുവഴി തന്നെ. ഇവിടെ ഒരു ട്രാഫിക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. ഇവിടെ അപകടങ്ങളും അപകടമരണങ്ങളും തുടര്‍ക്കഥയായിട്ടും അനങ്ങാപ്പാറ നയമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
മൂന്നുമാസം മുമ്പ് ഗ്രാമം വളവില്‍ വിഎസ്എസ്സിയുടെ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. രണ്ടരമാസം മുമ്പ് ഗ്രാമം വളവില്‍ ടിപ്പറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ഓട്ടോറിക്ഷയില്‍ തട്ടിമറിഞ്ഞ ബൈക്ക് യാത്രക്കാരന് പിക്കപ്പ് വാന്‍ കയറി മരിച്ച സംഭവവുമുണ്ടായി. ഗ്രാമത്ത് തമിഴ്നാട് ബസും കെഎസ്ആര്‍ടിസി ബസും ഇടിച്ച് അപകടമുണ്ടായി. പ്രദേശത്ത് അപകടങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. റോഡില്‍ ബാരിക്കേഡ് സ്ഥാപിക്കുക, ഡിവൈഡര്‍ സ്ഥാപിക്കുക, പോലീസിന്റെ വാഹന പരിശോധന ശക്തമാക്കുക തുടങ്ങിയ നടപടികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ പോലീസ് ഇടയ്ക്കിടെയുള്ള പട്രോളിംഗ് അല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: