അഡ്വ. എ.കെ. ഷണ്മുഖം
മകളെ തുടങ്ങുന്നു നിന്റെയീ യാത്ര
ജീവിത യാത്ര ആ തീര്‍ത്ഥയാത്ര.
താണ്ടുവാനൊത്തിരി
കാത മുണ്ടിനിയും
നേടുവാനൊത്തിരി കാര്യങ്ങളും.
യാത്രയില്‍ വീഴ്ചകള്‍
സംഭവിച്ചീടാം
കൈകാല്‍ കുടഞ്ഞെഴുന്നേല്ക്കണം വൈകാതെ.
നീ തന്നെ നിന്നെയറിയുന്ന പോലെ
മറ്റാരുമില്ല നിന്നെയറിയുവാന്‍.
നീ തന്നെ നിന്നിലെ
നിന്നെയുണര്ത്തുക.
നീ തന്നെ നിന്നിലെ
നിന്നെത്തുണക്കുക.
കല്ലേറു കൊണ്ടാലും കയ്പ്പു
രുചിച്ചാലും
ലക്ഷ്യത്തെ ലക്ഷ്യമായ്
പോകവേണം.
ഇന്നിന്റെ വേദനയുള്ളിലൊതുക്കുക.
പുതിയൊരുപ്പുലരിയെപ്പുല്കാന് മുതിരുക.
മകളെ തുടങ്ങുന്നു നിന്റെയീ യാത്ര
ജീവിത യാത്ര ആ തീര്‍ത്ഥയാത്ര.
നിന്നെത്തുണയ്ക്കുവാ-
നച്ഛനുമമ്മയും
പിന്നെയീ ലോകവും സര്‍വ്വസ്വവും.
നല്ലതു മാത്രം കാണുവാനും പിന്നെ
കേള്‍ക്കാനും നല്ലപോല്‍
ശ്രദ്ധ വേണം.
ലോക നന്മയ്ക്കായ്
ഭവിയ്ക്കുമാറാകട്ടെ
നിന്റെയീ ജീവിതമെന്നുമെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: