അമ്മയ്ക്ക് നടന് കൊല്ലം സുധിയെ ഒരു നോക്കു കാണണം എന്നത് അവസാനത്തെ ആഗ്രഹമായിരുന്നു. അത് സാധിപ്പിച്ചുകൊടുക്കാനായതിന്റെ നിറവോടെയാണ് നടന് സുരേഷ് ഗോപി. “വാശിയുടെ കാര്യമല്ല. ഇലിടെ കൊണ്ടുവന്നിട്ട് അവൻ പൊയ്ക്കോട്ടേ. അവിടേക്ക് (കോട്ടയത്തേക്ക്) അവൻ പോയിട്ട് ആറോ ഏഴോ മാസമേ ആയിട്ടുള്ളൂ. അവൻ പഠിച്ചത് എല്ലാം കൊല്ലത്താണ്” – കൊല്ലം സുധിയുടെ അമ്മയുടെ ഈ പ്രതികരണം സുരേഷ് ഗോപിയുടെ ഉള്ളുലച്ചിരുന്നു.
അമ്മ വാര്‍ത്താമാധ്യമങ്ങളെ കണ്ടതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. “എന്റെ മോനെ എന്റെ അടുത്തുകൊണ്ട് വരണം. അത് എന്റെ അവകാശമാണ്” ഇതായിരുന്നു സുധിയുടെ അമ്മ പറഞ്ഞത്. കൊല്ലത്തേക്ക് കൊണ്ട് പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു സുധിയുടെ അമ്മ വാര്‍ത്താമാധ്യമങ്ങളെ കണ്ടത്. “എനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്, കോട്ടയം വരെ യാത്ര പറ്റില്ല, പിന്നെ അവൻ ജനിച്ചു വളർന്ന വീടാണ് ഇത് അവനെ ഇവിടെ കൊണ്ട് വരണം” – അമ്മ വാശിയിലായിരുന്നു. വിവാഹശേഷം ഭാര്യ രേഷ്മയുടെ നാടായ കോട്ടയം വാകത്താനത്താണ് സുധി അഞ്ച് വര്‍ഷമായി താമസിക്കുന്നത്.
ഇതോടെ അമ്മയുടെ ആ അവസാന ആഗ്രഹം സാധിച്ചുകൊടുക്കണം എന്ന വാശിയോടെ സുരേഷ് ഗോപി പ്രവര്‍ത്തിച്ചു. ഒടുവില്‍ രാത്രി വൈകിയാണെങ്കിലും കൊല്ലത്തേക്ക് സുധിയുടെ മൃതദേഹം എത്തി. അമ്മ ആവോളം മകനെ കണ്ടു. ആ ആഗ്രഹം സഫലീകരിച്ചതിന്റെ തൃപ്തിയിലായിരുന്നു സുരേഷ് ഗോപി. രാത്രി ഏറെ വൈകിയിട്ടും താരത്തെ കാണാൻ ജനസാഗരം ആയിരുന്നു കൊല്ലത്ത്.
കാക്കനാട് നടന്ന പൊതുദർശനത്തിൽ നടൻ കൊല്ലം സുധിയ്ക്ക് സുരേഷ് ഗോപി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കണ്ണീരോടെയായിരുന്നു സുരേഷ് ഗോപിയുടെ അന്ത്യാഞ്ജലി. നടൻ ഹരിശ്രീ ആശോകനും സുരേഷ് ഗോപിയുടെ ഒപ്പം ഉണ്ടായിരുന്നു. അപകടം നടക്കുന്ന അന്ന് രാത്രിയിലെ അവസാന പരിപാടിയിൽ സുരേഷ് ഗോപിയേയും ജഗദീഷിനേയും അനുകരിച്ചാണ് കൊല്ലം സുധി കാണികളുടെ കയ്യടി നേടിയത്.
“എനിക്ക് വലിയ ഇഷ്ടമുള്ള ആളായിരുന്നു. സുധീടെ കൂടെയുള്ളവരെയും ഇഷ്ടമാണ്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നേരങ്ങളിൽ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഇവരുടെ തമാശകൾ കാണാറുണ്ട്. സുധിയുടെ വിയോഗം തീരനഷ്ടമാണ്”- സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: