മസ്കറ്റ് : ഗൾഫിലെ ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിലേക്ക് കൈകോർക്കാനൊരുങ്ങുങ്ങി സൗദി അറേബ്യയും ഒമാനും. പരസ്പരം ഇരുരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാനും സംയുക്ത ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനെക്കുറിച്ചുമുള്ള മന്ത്രിതല ചർച്ചകൾ ഇതിനോടകം നടന്നതായി സൗദി വാർത്താ ഏജൻസിയായ എസ്പിഎ ആണ് റിപ്പോർട്ട് ചെയ്തത്.
മസ്കറ്റിൽ വച്ച് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ഒമാൻ ടൂറിസം മന്ത്രി സലേം അൽ മഹ്റൂഖിയുമായി ഇരു രാജ്യങ്ങളിലെയും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ചർച്ച നടത്തിയത്. ടൂറിസത്തിന് കരുത്തേകുന്ന നിരവധി പദ്ധതികളാണ് ഇരുവരും ചർച്ച ചെയ്തത്. ഏകീകൃത ടൂറിസ്റ്റ് വിസ, സീസണൽ ഫ്ലൈറ്റുകൾ, സംയുക്ത ടൂറിസം കലണ്ടർ എന്നിവയിലൂടെ വിദേശ വിനോദസഞ്ചാരികളെയും ഇരു രാജ്യങ്ങളിലെ പൗരന്മാരെയും മറ്റ് ജിസിസി രാജ്യങ്ങളിലെ താമസക്കാരെയും ആകർഷിക്കാനുള്ള നീക്കങ്ങളാണ് സൗദി-ഒമാൻ ചർച്ചയിൽ ഒരുത്തിരിഞ്ഞതെന്ന് വാർത്താ ഏജൻസി വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ ജിസിസി രാഷ്ട്രങ്ങൾ സംയുക്തമായി ടൂറിസം, ഈ മേഖലയിലെ സംരംഭകരെ പിന്തുണയ്ക്കൽ, മാനവ വിഭവശേഷി വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ നിക്ഷേപ സഹകരണം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിന് ആക്കം കൂട്ടുന്ന പദ്ധതിയുടെ നടത്തിപ്പ് വശങ്ങളും ചർച്ചയിൽ ഇരു നേതാക്കളും പങ്കുവച്ചു. ഗൾഫ് മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഒമാനും സൗദി അറേബ്യയും എന്ന് അൽ മഹ്റൂഖി പറഞ്ഞു. ഇരു രാജ്യങ്ങളുടെ പ്രകൃതിയും സാംസ്കാരിക വൈവിധ്യവും ഏറെ മനോഹരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യപാദത്തിൽ
ഒമാനിൽ നിന്ന് ഏകദേശം 164,000 വിനോദസഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 136 ശതമാനം വർധനവാണുണ്ടായത്. ഏകദേശം 310 ദശലക്ഷം സൗദി റിയാലാണ് സഞ്ചാരികൾ സന്ദർശനത്തിലൂടെ ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: