തിരുവനന്തപുരം: ക്ലിഫ്ഹൗസിൽ കാലിത്തൊഴുത്തല്ല, മതിലാണ് പണിയുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം പൊളിഞ്ഞു. മതിലിനൊപ്പം കാലിത്തൊഴുത്ത് പണിയാൻ ടെന്റർ വിളിച്ചതിന്റെ രേഖകൾ പുറത്ത്. കാലിത്തൊഴുത്ത് പണിയുന്നെന്ന പ്രചരണം അസംബന്ധമാണെന്നും മതിലാണ് പണിയുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിവാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ 2022 ആഗസ്ത് 18 ന് ടെന്റർ വിളിച്ചിതന്റെ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മതിലിനൊപ്പം പുതിയകാലിത്തൊഴുത്ത് നിർമ്മാണം എന്നാണ് ടെന്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 34.64 ലക്ഷമെന്നാണ് ടെന്റർ തുക രേഖപ്പെടുത്തിയിരിക്കുന്നത്.
ക്ലിഫ് ഹൗസിൽ ചുറ്റുമതിലിന്റെ പുനർനിർമാണവും പുതിയ കാലിത്തൊഴുത്ത് നിർമാണവും നടത്താൻ 42.9 ലക്ഷം രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും 2022 ജൂൺ 22 ന് ഉത്തരവ് ഇറക്കുകയും ചെയ്തു. 2023 ഫെബ്രുവരിയിൽ ഈ ഉത്തരവ് പുറത്ത് വന്നപ്പോഴായിരുന്നു വിവാദമായത്. എന്നിട്ടും 2023 ഫെബ്രുവരി 9 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ”കാലിത്തൊഴുത്തിന് 40 ലക്ഷം എന്ന് പറയുന്നത്..അതുപോലൊരു അസംബന്ധ പ്രചരണം ഭൂലോകത്ത് ഉണ്ടാകില്ല. അവിടത്തെ റോഡ് സൈഡിലെ മതിലിടിഞ്ഞുപോയതിന്റെ ഭാഗമായി അവിടയുള്ള ആ മതിൽ പുതുക്കി പണിയാനുള്ള നടപടിയാണ് വന്നത്. ഞാനാണോ കണക്ക് തയ്യാറാക്കുന്നത്. അതാത് ഡിപ്പാർട്ട്മെന്റല്ലെ..അതുമായി ബന്ധപ്പെട്ട നടപടിയാണ് എടുക്കുന്നത്. അതാണ് കാണേണ്ടത്”. എന്നായിരുന്നു. മുഖ്യമന്ത്രിയുടെ അവകാശവാദം മുഴുവൻ കള്ളമാണെന്ന ടെന്റർ രേഖകൾ വ്യക്തമാക്കുന്നു.
തൊഴുത്ത് നിർമ്മാണത്തിന് പിന്നാലെ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ മൂന്നാം ഘട്ട പരിപാലനത്തിന് 3.84 ലക്ഷം അനുവദിച്ചതും വിവാദമായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാസം മുതൽ നീന്തൽക്കകുളം നവീകരിക്കാൻ 31.92ലക്ഷം രൂപയാണ് ഖജനാവിൽ നിന്നും എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: