ഭോപ്പാല്‍ : ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകള്‍ ചത്തൊടുങ്ങിയ സാഹചര്യത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് കുനോ ദേശീയോദ്യാനം സന്ദര്‍ശിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സാഷ, ഉദയ്, ദക്ഷ എന്നീ ചീറ്റകള്‍ ചത്തിരുന്നു. സാഷ, ഉദയ് തുടങ്ങിയ ചീറ്റകള്‍ അസുഖബാധിതരായി ചത്തപ്പോള്‍ ഇണചേരലിനിടെയായിരുന്നു ദക്ഷയുടെ മരണം. മാര്‍ച്ചില്‍ ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് ജനിച്ച മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും ചത്തിരുന്നു. ഇതിനെതുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം.
കുനോ ദേശീയോദ്യാനം അധികൃതരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. സംരക്ഷണയില്‍ കഴിയുന്ന ചീറ്റകള കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. പ്രോജക്ട് ചീറ്റ എന്ന പദ്ധതി പൂര്‍ണ വിജയമാകണമെന്ന പൂര്‍ണ ബോധം കേന്ദ്ര സര്‍ക്കാരിനുണ്ട്. ചീറ്റകളുടെ സംരക്ഷണവും മറ്റും കാര്യങ്ങളുടെയും ചുമതല പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ ഭൂപേന്ദര്‍ യാദവ് കുറിച്ചു. ചീറ്റകളുടെ വിഷയത്തില്‍ ഇതിനോടകം പല വികസനങ്ങളുമുണ്ടായിട്ടുണ്ട്.
പ്രൊജക്ട് ചീറ്റയുടെ ഭാഗമായി കൂടുതല്‍ ചീറ്റകള്‍ രാജ്യത്തേക്കെത്തും. കുനോ ദേശീയോദ്യാനത്തില്‍ ഉള്‍ക്കൊള്ളാവുന്ന ചീറ്റകള്‍ക്ക് പരിമിതിയുണ്ട്. അങ്ങനെയെങ്കില്‍ മറ്റിടങ്ങളിലേക്ക് ചീറ്റകളെ എത്തിക്കുന്ന കാര്യം പരിഗണനയിലാണ്. മധ്യപ്രദേശിലെ തന്നെ ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിനാണ് ഇത്തരത്തില്‍ പ്രഥമ പരിഗണന. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് നൗറദേഹി വന്യജീവി സങ്കേതമാണ്.
ഇതിനിടെ രാജ്യത്തേക്ക് ചീറ്റകളെ എത്തിച്ച നമീബിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പഠനയാത്ര നടത്താനൊരുങ്ങുകയാണ് ‘പ്രൊജക്ട് ചീറ്റ’യിലെ അംഗങ്ങള്‍. അവിടുത്തെ ചീറ്റകളുടെ സംരക്ഷണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിനാണിത്. രണ്ടു ബാച്ചുകളിലായി 20 ചീറ്റകളാണ് രാജ്യത്തെത്തിയത്. നമീബിയയില്‍ നിന്നും എട്ടും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളുമാണ് രാജ്യത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: