പുതിയ വിദ്യാഭ്യാസ വര്‍ഷം തുടങ്ങി. അടുത്ത ഏപ്രില്‍ അഞ്ചുവരെ, 210 ദിവസം കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാന്‍ സ്കൂളുകളില്‍ പരിശ്രമങ്ങളാണിനി. പ്രവേശനോത്സവം മുതല്‍ എകസ്ട്രാ ക്ലാസുകള്‍, നൈറ്റ് ക്ലാസുകള്‍ വരെയാണ് ക്രമം. തുടക്കത്തിലും അവസാനത്തിലും വിദ്യാഭ്യാസ വകുപ്പുമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയുമടക്കം സര്‍ക്കാര്‍ സംവിധാനത്തിന്റെ ‘അഭ്യാസ’ങ്ങളുണ്ട്, പ്രവേശനോത്സവത്തിലും റിസള്‍ട്ട് പ്രഖ്യാപനത്തിലുമുള്‍പ്പെടെ. അതിനിടയില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രാദേശിക നേതാക്കളുടെ വകയായി സ്കൂള്‍ ഭരണകാര്യങ്ങളില്‍ ദൈനംദിന ഇടപെടലുകളും സര്‍ക്കാര്‍ സ്കൂളുകളിലുണ്ടാകും. ഈ വര്‍ഷം വിദ്യാഭ്യാസ മേഖല കൂടുതല്‍ പ്രശ്ന സങ്കുലമാകാന്‍ ഇടയുണ്ട്. കാരണം, ദേശീയ വിദ്യാഭ്യാസ നയം 2020, ഈ വര്‍ഷം നടപ്പാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. നിശ്ചയമായും കേരളത്തില്‍ അതിനോട് ഇപ്പോഴേയുള്ള എതിര്‍പ്പ് ശക്തമാക്കാനുള്ള ‘പ്രഘോഷണോത്സവങ്ങള്‍’ തുടങ്ങിക്കഴിഞ്ഞു. അതാണ്, സ്കൂള്‍ തുറന്ന ആദ്യദിവസംതന്നെയുയര്‍ന്ന എസ്സിആര്‍ടി പാഠ പുസ്തകത്തിലെ പാഠങ്ങള്‍ മാറ്റുന്നുവെന്ന വിവാദം.
ആദ്യമായി സ്കൂളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകാനിടയുള്ള ‘സ്കൂള്‍പ്പേടി’ ഇല്ലാതാക്കി അവരെ സ്കൂളിലേക്ക് ആകര്‍ഷിക്കാനാണ് ‘പ്രവേശനോത്സവം’ എന്ന പരിപാടിയെങ്കില്‍, അത് വിഭാവനം ചെയ്ത ആദ്യകാലത്ത് നല്ലതായിരുന്നു. ഇപ്പോള്‍ ‘സെല്‍ഫ് കോണ്‍ഫിഡന്‍സ്’ മാത്രമല്ല, സെല്‍ഫി കോണ്‍ഫിഡന്‍സും’ കുഞ്ഞുങ്ങള്‍ കാണിക്കുന്ന കാലമാണ്. സ്കൂള്‍ തുറന്ന ദിവസത്തെ രണ്ട് വാര്‍ത്താചിത്രങ്ങള്‍ അതുകാണിച്ചുതന്നു. പുതുമുഖമായ പെണ്‍കുഞ്ഞ്, കൂട്ടുകാര്‍ക്കൊപ്പം സ്കൂള്‍ ചടങ്ങില്‍ മൊബൈല്‍ ക്ലിക്ക് ചെയ്ത് സെല്‍ഫി എടുക്കുന്നതാണ് ഒന്ന്. (ജന്മഭൂമിയില്) മറ്റൊന്ന്, സ്കൂളിലാക്കി മടങ്ങുന്ന അമ്മയുടെ ചേലത്തുമ്പില്‍ ജനാലയിലൂടെ പിടിച്ചുവലിച്ചുകൊണ്ട് കരയുന്നതാണ് (മനോരമ). അതായത്, പ്രവേശനോത്സവമില്ലാതെതന്നെ കുഞ്ഞുങ്ങള്‍ ഭയമില്ലാത്തവരായിരിക്കുന്നു, പ്രവേശനോത്സവം നടത്തിയിട്ടും ചില കുട്ടികള്‍ക്ക് പേടി പോയിട്ടില്ല. പക്ഷേ, പ്രവേശനോത്സവത്തിനായി നമ്മള് ലക്ഷങ്ങള്‍ ചെലവിടുന്നു. നടക്കട്ടെ, ആഘോഷമല്ലേ. ആഘോഷമില്ലാതെ എന്തുജീവിതം എന്നാണല്ലോ പുതിയ പ്രമാണം.
പക്ഷേ, പ്രവേശനോത്സവം കൊണ്ടാണ് പൊതുവിദ്യാലയത്തില്‍ കുട്ടികള്‍ കൂടുന്നതെന്ന് മുഖ്യമന്ത്രിയും മറ്റും അവകാശവാദം പറയുന്നത് അബദ്ധങ്ങളാണ്. മറിച്ച്, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒരു കാലത്ത്, എന്നല്ല ഇപ്പോഴും, (എന്തെല്ലാം ദുഷ്പ്രവണതകള്‍ ഉണ്ടെന്ന് പറഞ്ഞാലും) സ്വാധീന ശക്തിയായ സ്വകാര്യ വിദ്യാഭ്യാസ മേഖലയേക്കാള്‍ സൗജന്യങ്ങളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ പെതുമേഖലയില്‍ കൊടുക്കുന്നതുകൊണ്ടാണ് ആ ‘വളര്‍ച്ച’ എന്ന സത്യം സമ്മതിക്കണം. അതു മാത്രമല്ല, അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ വളര്‍ച്ചയും പരിഗണിക്കണം. ആ വളര്‍ച്ചയ്ക്കു കാരണമായത് കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ വികസന പദ്ധതികളാണെന്നും അതിനു കേന്ദ്ര സര്‍ക്കാര്‍ സഹസ്ര കോടികളുടെ സാമ്പത്തിക സഹായം നല്കിയതു വിനിയോഗിച്ചിട്ടാണെന്നും സമ്മതിക്കണം. കുട്ടികള്‍ക്കു മുന്നില്‍ തട്ടിവിടുന്ന അവകാശവാദങ്ങള്‍ സ്വയം പരിശോധിച്ച് സത്യം അറിയാന്‍ കഴിയുന്ന സാങ്കേതിക സംവിധാനങ്ങള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഉണ്ടെന്നെങ്കിലും മനസ്സിലാക്കണം. ഇനി ഇപ്പറഞ്ഞതില്‍ തര്‍ക്കമുണ്ടെങ്കില്‍, മുഖ്യമന്ത്രി അവകാശവാദം പറയുന്ന 2016 മുതല്‍, (2014 മുതല്‍ വേണ്ട) കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ നല്കിയ ധനസഹായം എത്ര, കേരളം വിനിയോഗിച്ചതെത്ര, സംസ്ഥാനത്തിന്റെ വിഹിതമെത്ര എന്നെല്ലാം ശതമാനക്കണക്കില്ലാതെ സംഖ്യയില്‍ ആധികാരികമായി, ഔദ്യോഗികമായി പറയണം. കണക്ക് കണക്കായിരിക്കണമല്ലോ.
ഇനി, ‘ജനാധിപത്യം ഇല്ലാതായി’ ‘പരിണാമ സിദ്ധാന്തം’ പഠിപ്പിക്കുന്നത് നിര്‍ത്തി, പാഠപുസ്തകം മാറ്റി എന്നെല്ലാമുള്ള ചിലരുടെ മുറവിളികളും അത് ഏറ്റുപറയുന്ന ചിലരുടെ അലറിക്കരച്ചിലുകളും സംബന്ധിച്ച് ചുരുക്കി ഇത്രയും മാത്രം പറയാം: കൊവിഡ് കാലത്ത് വിദ്യാലയത്തില്‍ പോയി പഠനം സാധിക്കാതെ വന്നപ്പോള്‍ പാഠഭാഗങ്ങള്‍ ചിലതൊഴിവാക്കി കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. അത് കേന്ദ്ര സര്‍ക്കാരിന്റെയോ ഭരണകക്ഷിയുടെയോ ഏകപക്ഷീയ തീരുമാനമല്ല. അതിന് ചില മാനദണ്ഡങ്ങളും ഉണ്ടാക്കി. പ്ലസ് ടുവരെയുള്ള ക്ലാസുകളില്‍ ഏതെങ്കിലും ഘട്ടത്തില്‍ പഠിക്കാന്‍ ഇടയുള്ള ഭാഗം താഴത്തെ ക്ലാസില്‍ ഒഴിവാക്കാം, ആവര്‍ത്തിച്ച് പഠിക്കേണ്ടതില്ല. ചില പാഠഭാഗം ചരിത്രപരമായി തെറ്റാണെന്നോ അപ്രസക്തമാണെന്നോ വന്നാല്‍ ഒഴിവാക്കാം. ചില കഠിന പാഠഭാഗങ്ങള്‍ ഉയര്‍ന്ന ക്ലാസിലെ പാഠത്തില്‍ ഉണ്ടെങ്കില്‍ താഴേക്ലാസില്‍ ഉപേക്ഷിക്കാം… എന്നിങ്ങനെയായിരുന്നു പൊതു മാനദണ്ഡങ്ങളില്‍ ചിലത്. ഇത് നിശ്ചയിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളോ സര്‍ക്കാരോ അല്ല, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ആയിരിക്കും എന്നായിരുന്നു തീരുമാനം. അതനുസരിച്ച് 2019 ല്‍ എടുത്ത തീരുമാനം, പുതിയ വിദ്യാഭ്യാസ നയ പ്രകാരം ക്ലാസുകളുടെ ഘടനയും പാഠ്യപദ്ധതിയും പാഠഭാഗങ്ങളും മാറുന്നതിനാല്‍ ഈ അധ്യയന വര്‍ഷംകൂടി തുടരുക എന്നു നിശ്ചയിച്ചതാണ് ഇപ്പോഴത്തെ ‘വിവാദ തീരുമാന’മായിരിക്കുന്നത്.
ഇനി മറ്റൊന്നുകൂടി, ഈ പൊതു തീരുമാനപ്രകാരം, കേരളത്തിലെ സംസ്ഥാന വിദ്യാഭ്യാസ കൗണ്‍സില്‍ സ്കൂള്‍ വിദ്യാഭ്യാസ പാഠങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അക്കാര്യം സംസ്ഥാന സര്‍ക്കാരിന് അറിയാത്തതതല്ല, മന്ത്രിമാര്‍ക്കോ സര്‍ക്കാര്‍ പക്ഷത്തു നില്ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കോ അവര്‍ക്ക് ‘റാന്‍’ മൂളുന്ന മാധ്യമങ്ങള്‍ക്കോ അറിയാത്തതല്ല. ഇനി അറിയാത്തതാണെങ്കില്‍ ഇതില്പരം നാണക്കേട് വേറേയില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
പുതിയ ദേശീയ വിദ്യാഭ്യാസനയ പ്രകാരം (എന്‍ഇപി) ദേശീയ വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് (എന്‍ഇഎഫ്) സംബന്ധിച്ച് കരട് (ഡ്രാഫ്ട്) പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. അത് വിദഗ്ദ്ധര്‍ ചര്‍ച്ചചെയ്ത് രൂപപ്പെടുത്തിയതാണ്. അതില്‍ ആര്‍ക്കും അഭിപ്രായം അറിയിക്കാനും യോജിക്കാനും വിയോജിക്കാനും തിരുത്താനുമുള്ള അവസരം 2023 മെയ് 15 വരെ ഉണ്ടായിരുന്നു. അതില്‍ ‘ജനാധിപത്യമുണ്ടോ’ ‘പരിണാമ സിദ്ധാന്ത’മുണ്ടോ, ചരിത്രം ശരിയാണോ എന്നൊന്നും അഭിപ്രായം പറഞ്ഞിട്ടില്ല, ഇപ്പോള്‍ മുറവിളി നടത്തുന്ന പല പ്രതികരണക്കാരും പ്രചാരണക്കാരും. വ്യാജവിവരം പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും അഭിപ്രായം പറഞ്ഞിട്ടില്ല. ഈ ജൂണ്‍ 20നു കരട് രൂപരേഖക്ക് അന്തിമരൂപം നല്‍കും. അതിനു ശേഷമാണ് ഈ വാര്‍ത്തകളും വിമര്‍ശനങ്ങളും വന്നതെങ്കില്‍ അതില്‍ കാമ്പും കഴമ്പും ഉണ്ടായേനെ. പക്ഷേ, സത്യം പറയാനല്ല, വിവാദം ഉണ്ടാക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണല്ലോ താല്പര്യം.
അവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഈ വര്‍ഷത്തെ പ്രവേശനോത്സവത്തില്‍ ചൊല്ലിയ സംസ്കൃത ശ്ലോകത്തിന്റെ പ്രസക്തി. നീതിസാരത്തിലെ ശ്ലോകമാണ്. പണ്ട് സ്കൂളില്‍ പഠിച്ചതാണത്രെ. നല്ല ഓര്‍മ്മ ശക്തി. അന്ന് സംസ്കൃത ശ്ലോകങ്ങള്‍ പാഠപുസ്തകത്തിലുണ്ടായിരുന്നു. അത് നീതിസാരത്തിലേതായിരുന്നു. അദ്ധ്യാപകര്‍ പഠിപ്പിച്ചിരുന്നു. അത് ഇന്നും ഓര്‍മ്മ നില്ക്കുന്ന വിധം വിദ്യാര്‍ത്ഥികള്‍ മനപ്പാഠമാക്കിയിരുന്നു. അത് ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നവരുമായി മുഖ്യമന്ത്രിക്ക് ഇപ്പോഴും സമ്പര്‍ക്കമുണ്ട്. പാഠ്യപദ്ധതിയുടെ കാര്യത്തിലും പാഠത്തിന്റെയും പഠിപ്പീരിന്റെയും കാര്യം അന്ന് അങ്ങനെയായിരുന്നുവെന്ന് ഓര്‍മിക്കണം, ഇന്ന് സംസ്കൃതത്തിന് എന്താണ് അവസ്ഥയെന്നും. മുഖ്യമന്ത്രി ചൊല്ലി:
”ഹൃദിസ്ഥം ഈശ്വരം ത്യക്ത്വാ/പ്രതിഷ്ഠാം പ്രതിമാം ഭജേത്/
കരസ്ഥം പായസം ത്യക്ത്വാ/കൂര്‍പ്പരസ്ഥം ഗുളം ലിഹേല്‍”
അര്‍ത്ഥം ഏകദേശം ഇങ്ങനെ: ‘ഹൃദയത്തിലുള്ള ഈശ്വരനെ ഉപേക്ഷിച്ച് പ്രതിമ പ്രതിഷ്ഠകളില്‍ ഈശ്വരനെ ഭജിക്കുന്നത്, കൈയിലിരിക്കുന്ന പായസം കളഞ്ഞ് കൈമുട്ടില്‍ പറ്റിയിരിക്കുന്ന ശര്‍ക്കര നക്കുംപോലെ,’ എന്നാണ്. ഇത് പഠിപ്പിച്ച ആശാനെ തിരുത്തിക്കൊണ്ട് പഴയ ശിഷ്യന് വിജയന് ഇപ്പോള്‍ പുതിയ അര്‍ത്ഥം പറയുകയും ചെയ്തു എന്നാണ് മനസിലാകുന്നത്. അങ്ങനെയാണ്, തിരുത്തും, തിരുത്തിയത് തെറ്റാണെന്ന് തോന്നും, അപ്പോള്‍ പഴയ ശരിയിലെത്തും. അപ്പോഴേക്കും ഏറെക്കാലം തെറ്റിലൂടെ കടന്നുപോകും. അതാണ് പിണറായി വിജയന്റെ പാര്‍ട്ടിയുടെയും ശീലം. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മഹാകവി അക്കിത്തത്തിന്റെ കവിത പാഠപുസ്തകത്തില്‍ തിരുത്തിയത്. ‘കണ്ടവരുണ്ടോ?’ എന്ന കവിത. അത് സാമൂഹ്യ വിപ്ലവത്തിന്റെ മന്ത്രധ്വനിയാണ്, വേദാന്തത്തിന്റെ സാരമാണ്. കവിതയില്‍ ചാത്തുവിനെ അേന്വഷിച്ചു നടക്കുന്ന അമ്മ, അവന്റെ നിറം പറയുന്നുണ്ട്; ‘അമ്പാടിക്കണ്ണന്റെ ചേലാണേ’ എന്ന ഭാഗം ‘ഞാവല്‍ പഴത്തിന്റെ ചേലാണേ’ എന്ന് തിരുത്തി; കവിയുടെ അനുവാദമില്ലാതെ. അതിന് കാരണം പറഞ്ഞത് ‘അമ്പാടിക്കണ്ണന്’ വിവാദമാകുമെന്നായിരുന്നു. ഈ വര്‍ഷത്തെ പ്രവേശനോത്സവ ഗാനത്തില്‍ പക്ഷേ സൂക്ഷിച്ചു നോക്കിയാല്‍ ചിലതുകാണാം.
”മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം/ സൂര്യനെ പിടിക്കണം പിടിച്ചു സ്വന്തമാക്കണം/ കുഞ്ഞാറ്റക്കിളികളെ വരൂ വസന്ത കാലമായ് /പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം” എന്നാണ് പാട്ട് തുടക്കം.
മുഖ്യമന്ത്രി പറയുന്ന ‘ശാസ്ത്ര’വും ഈ ‘സാഹിത്യ’വും ‘യുക്തി’യും തമ്മില്‍ ചേരുന്നില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിനും വിശദീകരിക്കാനാവില്ല, കുട്ടികളെക്കൊണ്ട് പാടിച്ച ഈ പാട്ട്. സൂര്യനെ പിടിക്കാനാവുമോ? കുഞ്ഞാറ്റക്കിളി കരിഞ്ഞുപോകല്ലേ? അബദ്ധമെന്നും അന്ധവിശ്വാസമെന്നും കള്ളക്കഥയെന്നും കമ്യൂണിസ്റ്റുകള്‍ പറഞ്ഞു നടക്കുന്ന ‘രാമായണ’ത്തില്‍ പക്ഷികളായ സമ്പാതിയും ജടായുവും സൂര്യന്റെ സമീപം ചെന്നപ്പോള്‍ ചിറകുകരിഞ്ഞത്, യുക്തിഭദ്രമായി, ശാസ്ത്രതത്ത്വമായി പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് കുട്ടികളോട് സൂര്യന് മറ്റൊരു ‘മ്മ്്ണി ബല്യ’ മിന്നാമ്മിനുങ്ങ് പോലെയാണെന്ന് പറയുന്നത്!
‘റാകിപ്പറന്ന’ ചെമ്പരുന്തിനേയും മുമ്പ് മലയാളം മാറ്റിയിട്ടുണ്ട്. അതിന്റെ കേടുതീര്‍ക്കാന്‍ ആണോ ആവോ, അറിയില്ല, പ്രവേശനഗാനത്തില്‍: ”പ്രകൃതി അമ്മ നിറയെ നന്മ പുലരി വെണ്മ പുലരുവാന്‍..” എന്നൊരു വരിയുണ്ട്. പ്രകൃതി ‘അമ്മ’യാണെന്ന് സമ്മതിച്ചു. അപ്പോള്‍ മരംമുറി, പാറപൊട്ടിക്കല്‍, മലതുരക്കല്‍, പാടം നികത്തല്‍,ഇതൊക്കെ… കുട്ടികള്‍ക്ക് സംശയം വരാം; അവര്‍ ചോദിക്കാം, അപ്പോള്‍ ‘ഗോവ് മാതാവാകാത്ത’തെന്താണെന്ന്, ‘ഭാരത് മാതാ’ കീ ജയ് വിളിക്കാത്തതെന്താണെന്ന്…. നോക്കണേ പുകില്. പറഞ്ഞുവരുന്നത് അഭ്യാസവിദ്യയാകാം. പക്ഷേ ‘വിദ്യകൊണ്ട് അഭ്യാസം’ നടത്തിയാല്‍ അപകടമാണ്. മറിച്ച് വിദ്യകൊണ്ട് മികവ് നേടാം. ”സാ വിദ്യാ യാ വിമുക്തയേ” എന്നാണ് വിഷ്ണുപുരാണം. ‘വിദ്യ സകല ബന്ധനങ്ങളില്‍നിന്നും സ്വാതന്ത്ര്യം നല്കുന്നു’ എന്നര്‍ത്ഥം.
പിന്കുറിപ്പ്:
ബുഡാപ്പെസ്റ്റില്‍, യുറോപ്യന്‍ ലീഗ് ഫുട്ബോള്‍ ഫൈനലില്‍ തോറ്റ റോമയുടെ പരിശീലകന് ഹൊസെ മൊറേന്യോ, ടീമിന് കിട്ടിയ വെള്ളിമെഡല്‍ വലിച്ചെറിഞ്ഞുവെന്ന് വാര്‍ത്ത. ഇതിനകം വല്ലാതായ കേസില്‍ ഇന്ത്യന്‍ ഗുസ്തിത്താരങ്ങള്‍ നടത്താന്‍ ശ്രമിച്ച ‘ഗംഗാ മെഡല്‍ എറിയ’ലിന്റെ സ്വാധീനം അങ്ങ് ഹംഗറിരാജ്യത്ത് എത്തിയതാണെന്ന് വാര്‍ത്ത വരുമോ എന്ന് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: