പാലക്കാട്ടെയൊരുക്കവും
നുരനുരെപ്പൊങ്ങു-
ന്നൊരാവേശവും/
വേലിക്കെട്ടു തകര്‍ത്തു
കൊണ്ടലയടിക്കുന്നു-
ണ്ട് നാടെങ്ങുമേ
തപസ്യ കലാസാഹിത്യ വേദിയുടെയും പൂര്‍വരൂപമായ സാഹിത്യസായാഹ്നത്തിന്റെയും ആദ്യ അധ്യക്ഷനായ പ്രമുഖ മാധ്യമ പ്രവര്ത്തകന് പി. ബാലകൃഷ്ണന് കുറിച്ചിട്ട ഈ വരികളിലുണ്ട് പാലക്കാട് നടന്ന തപസ്യയുടെ നാല്‍പ്പത്തിയേഴാം വാര്‍ഷികോത്സവത്തിന്റെ വിജയത്തുടക്കം. സഹ്യന്റെ മടിത്തട്ടില്‍, കരിമ്പനകളുടെ നാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ഈ ഒത്തുചേരല്‍ പുതിയൊരു തുടക്കമായി. കലയും സാഹിത്യവും വര്‍ത്തമാനകാലത്തോട് സംവദിക്കുന്നതും സംവദിക്കേണ്ടതും എങ്ങനെയെന്ന വിചാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ഈ ദിനങ്ങളില്‍ തപസ്യയുടെ പ്രവര്‍ത്തകരും കലാസാഹിത്യരംഗത്തെ പ്രമുഖരും.
ഉദ്ഘാടന പര്‍വം
പാലക്കാടന്‍ പ്രകൃതിയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ലീഡ് കോളജ് കാമ്പസില്‍ കലാസാഹിത്യരംഗത്തെ ദേശീയ സംഘടനയായ സംസ്കാര്‍ ഭാരതിയുടെ അഖില ഭാരതീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ തപസ്യയുടെ പതാക ഉയര്‍ത്തി തുടക്കമിട്ട വാര്‍ഷികോത്സവത്തിന്റെ ഉദ്ഘാടന സഭയില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.ജി. ഹരിദാസ്, ഈ സമ്മേളനത്തോടെ സംഘടന സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചു. തപസ്യയുടെ വേദികള്‍ സമ്പുഷ്ടമാക്കിയ മഹാന്മാരായ കലാകാരന്മാരും സാഹിത്യകാരന്മാരും തെളിച്ച വഴിയിലൂടെയാണ് തപസ്യ മുന്നോട്ടു പോകുന്നതെന്നും, സംസ്കാരത്തിന്റെ അടിവേരുകളിലേക്ക് നമ്മുടെ അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പ്രൊഫ. ഹരിദാസ് പറഞ്ഞത് വരുംനാളുകളിലേക്കുള്ള സന്ദേശമായിരുന്നു. സാഹിത്യ സായാഹ്നമെന്ന പേരില്‍ തപസ്യ പ്രവര്‍ത്തനം ആരംഭിച്ചത് 1974 ല്‍ ആണെങ്കിലും ഒന്നാം വാര്‍ഷികം ആഘോഷിച്ചത് 1977 ല്‍ ആയതിനാലാണ് ഇപ്പോള്‍ നാല്‍പ്പത്തിയേഴാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് ജന. സെക്രട്ടറി അനൂപ് കുന്നത്ത് സ്വാഗത ഭാഷണത്തില്‍ ഓര്‍മപ്പെടുത്തി.
തപസ്യയെപ്പോലെ ദേശത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കേണ്ടത് ഒരു ബാധ്യതയാണെന്നും, ഇതില്‍ ദൂരമോ മറ്റ് ബുദ്ധിമുട്ടുകളോ പ്രശ്നമല്ലെന്നും വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്ത് കേന്ദ്ര സാഹിത്യ അക്കാദമി ഉപാധ്യക്ഷയും ഹിന്ദി സാഹിത്യകാരിയും ദല്‍ഹി സര്‍വകലാശാല ഹിന്ദി വിഭാഗത്തില്‍ പ്രൊഫസറുമായ കുമുദ് ശര്‍മ പറഞ്ഞത് തപസ്യയുടെ അഭിമാനകരമായ ചരിത്രത്തിന് അടിവരയിടുന്നതായിരുന്നു. സംസ്കാര്‍ ഭാരതി ദേശീയസമിതിയംഗം കെ. ലക്ഷ്മി നാരായണ്‍ജിയുടെ ഫോണ്‍ കോള്‍ ലഭിച്ചതോടെ മനോഹരമായ കേരളത്തിലേക്കു വരാന്‍ താന്‍ തയ്യാറെടുക്കുകയായിരുന്നു എന്ന കുമുദ് ശര്‍മ്മയുടെ വാക്കുകളോട് കരഘോഷത്തോടെയാണ് സമ്മേളനം പ്രതികരിച്ചത്.
നിതാന്തമായ യാത്രകളിലൂടെയും, ദാര്‍ശനികമായ ഉള്‍ക്കാഴ്ചകള്‍ ഉറവയെടുക്കുന്ന നിരൂപണങ്ങളിലൂടെയും മലയാള സാഹിത്യത്തില്‍ ഹരിതാഭമായ ഒരു ഭാവുകത്വം കൊണ്ടുവന്ന ആഷാ മേനോന് നടത്തിയ ആശംസാ പ്രസംഗത്തിന് തപസ്യയുമായുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പമുണ്ടായിരുന്നു. തപസ്യയുമായി തനിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ടെന്നും, 2006 ല്‍ പാലക്കാട് നടന്ന വാര്ഷികോത്സവത്തിലാണ് അത് തുടങ്ങുന്നതെന്നും പറഞ്ഞതില്‍ സദസ്സ് ആത്മാര്‍ത്ഥതയുടെ മുഴക്കം കേട്ടു.
”ഇത്തവണയും വാര്‍ഷികോത്സവത്തിന് ക്ഷണിക്കുമ്പോള്‍ ഞാന്‍ യാത്രയിലായിരുന്നു. കശ്മീരിലെ ശ്രീനഗറില്‍. അവിടെ ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ച ശിവക്ഷേത്രം ദര്‍ശിച്ചപ്പോഴുണ്ടായ അനുഭൂതി വാക്കുകള്‍ക്കതീതമാണ്. കാടുപിടിച്ചുകിടന്നിരുന്ന ഈ ക്ഷേത്രം ഇപ്പോള്‍ പുനരുദ്ധരിക്കപ്പെടുകയാണ്. അവിടെ നില്ക്കുമ്പോള് മനസ്സ് മുഗ്ധമാവുന്നു. ആ പരിസരം അന്തരാത്മാവിനെ തൊട്ടുണര്‍ത്തുന്നു. ഇവിടം മാത്രമല്ല, കാശിയും അമര്നാഥുമൊക്കെ മാറ്റത്തിന്റെ പാതയിലാണ്.” അനുഭൂതിധന്യമായിരുന്നു ആഷാ മേനോന്റെ വാക്കുകള്‍.
പഴയതിന്റെ തുടര്‍ച്ചയല്ല മഹാകവി കുമാരനാശാന് കാവ്യലോകത്തും സാമൂഹ്യ ജീവിതത്തിലും ആവിഷ്കരിച്ചതെന്നും, ജാതിചിന്ത രാജിയാവേണ്ടത് സമൂഹത്തിന്റെ മുന്നിലാണെന്നും പറഞ്ഞ സാഹിത്യനിരൂപകന്‍ കെ.എം. നരേന്ദ്രന് കുമാരനാശാന്റെ കാലത്തെയും കാഴ്ചപ്പാടുകളെയും പറ്റി പുതിയ പഠനങ്ങള്‍ ആവശ്യമാണെന്നും മുഖ്യ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടത് പിന്നീടു നടന്ന കാതലായ ചര്‍ച്ചകള്‍ക്ക് കളമൊരുക്കി.
സമാദരണ പര്‍വം
കലയുടെയും സാഹിത്യത്തിന്റെയും മേഖലകളില്‍ സവിശേഷമായ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുകയെന്നത് ഓരോ വാര്‍ഷികോത്സവങ്ങളിലും തപസ്യ പിന്തുടരുന്ന രീതിയാണ്. ഇക്കുറി ആദരിക്കപ്പട്ടത് കലാമണ്ഡലം സരസ്വതിയും, കര്‍ഷകശ്രീ ഭുവനേശ്വരിയമ്മയുമാണ്.
എഴുത്തിലെ പെരുന്തച്ചനായ എം.ടി. വാസുദേവന്‍ നായരുടെ ധര്മപത്നി കൂടിയായ സരസ്വതി ടീച്ചര്‍ ഭാരതീയവും കേരളീയവുമായ നൃത്തകലയിലൂടെ വിശ്വപ്രസിദ്ധി നേടിയവരാണ്. പാലക്കാട് ജനിച്ച് കലാമണ്ഡലത്തിന്റെ കളരിയില്‍ പഠിച്ച് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും അനുഗൃഹീതരായ ഗുരുക്കന്മാര്ക്കു കീഴില്‍ പരിശീലിച്ചും അറിവുകള്‍ കരസ്ഥമാക്കിയും, രാജ്യത്തിനകത്തും പുറത്തും നൃത്തപരിപാടികള്‍ അവതരിപ്പിച്ച് കലാ നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ ഒരുപോലെ നേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള സരസ്വതി ടീച്ചറെ പ്രൊഫ. കുമുദ് ശര്‍മ പൊന്നാടയണിയിച്ച് ആദരിച്ചത് വാര്‍ഷികോത്സവത്തിന് അസുലഭ നിമിഷങ്ങള്‍ സമ്മാനിച്ചു. ജന്മനാട്ടില് വച്ച് ഇങ്ങനെയൊരു ആദരവ് നല്‍കിയതില്‍ തപസ്യയോടുള്ള കടപ്പാട് സരസ്വതി ടീച്ചറുടെ വാക്കുകളില്‍ പ്രകടമായിരുന്നു.
പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച് മണ്ണിനോടുള്ള സ്നേഹംകൊണ്ട് ചെരുപ്പിടുകപോലും ചെയ്യാത്ത ഭുവനേശ്വരിയമ്മ കാര്‍ഷികരംഗത്ത് സൃഷ്ടിക്കുന്നത് നിശ്ശബ്ദ വിപ്ലവമാണ്. നാല് ഏക്കര്‍ കൃഷിഭൂമിയെ 24 ഏക്കര്‍ ജൈവകൃഷിയിടമാക്കി വികസിച്ച ഈ ഹരിതവനിത കേരളത്തിന്റെ നെല്ലറകളിലൊന്നായ പാലക്കാടിന്റെ മഹത്വം സ്വന്തം പ്രവൃത്തിയിലൂടെ വീണ്ടെടുക്കുകയാണ്. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഭുവനേശ്വരിയമ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത്തിന്റെ നൂറാം എപ്പിസോഡില്‍ കേരള ഗവര്‍ണറുടെ പ്രത്യേക ക്ഷണിതാവായി പങ്കുചേരുകയുണ്ടായി. പാരിസ്ഥിതിക വിവേകത്തിന്റെ വിശിഷ്ട മാതൃകയായ ഈ വനിതയെ ആദരിച്ചതിലൂടെ തപസ്യ അതിന്റെ ഭാഗധേയം നിര്‍വഹിക്കുകയായിരുന്നു.
പുരസ്കാര പര്‍വം
പുതുതലമുറയിലെ പ്രതിഭാശാലികളായ എഴുത്തുകാര്‍ക്ക് തപസ്യ വര്‍ഷംതോറും നല്‍കിവരുന്ന ദുര്‍ഗാദത്ത പുരസ്കാരം നിരൂപകന് ഡോ. പി.ശിവപ്രസാദിന് അഭിജിത് ഗോഖലെ സമ്മാനിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നു. തപസ്യയുടെ കാര്യാധ്യക്ഷന്‍ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാധ്യമപ്രവര്ത്തകന് ടി.എസ്. നീലാംബരന്‍ ദുര്‍ഗാദത്തന്‍ ഭട്ടതിരിപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. അധികം അറിയപ്പെടാതിരുന്ന, എന്നാല്‍ അറിയപ്പെടേണ്ടുന്ന കവിയായിരുന്ന ദുര്‍ഗദത്തന്‍ കാലത്തെയും കടന്ന് ചിന്തിച്ചിരുന്നയാളാണെന്നും, സംസ്കാര നിര്‍മിതിയില്‍ ഊന്നിയിട്ടുള്ളതും സാമൂഹ്യദൗത്യം നിര്‍വഹിക്കുന്നതുമായ ഭാരതീയ കാവ്യദര്‍ശനം ദുര്‍ഗാ ദത്തന് തന്റെ കവിതകളില്‍ ആവിഷ്കരിക്കുകയുണ്ടായെന്നും നീലാംബരന്‍ എടുത്തുകാട്ടി.
ഉത്തരാധുനിക സാഹിത്യത്തിന്റെ കാലത്ത് ഭാഷയുടെയും സാഹിത്യത്തിന്റെയും വേരുകളിലേക്കും നേരുകളിലേക്കും ഇറങ്ങിച്ചെല്ലുന്ന എഴുത്തുകാരനാണ് ഡോ. പി. ശിവപ്രസാദ്. സാഹിത്യവിമര്‍ശനത്തിലെ ആധുനിക പ്രവണതകള്‍ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഈ അധ്യാപകന് നൂറിലേറെ ലേഖനങ്ങളിലൂടെയും, പ്രതിവായനകള്‍, കവിതയുടെ രാഷ്ട്രതന്ത്രം, ദേശീയതയുടെ അടയാളങ്ങള്‍ തുടങ്ങിയ കൃതികളിലൂടെയും എഴുത്തിനെ ഉന്മിഷിത്താക്കുന്നു. തപസ്യയാണ് തനിക്ക് ആദ്യമായി ഒരു പുരസ്കാരം നല്‍കുന്നതെന്ന് പറഞ്ഞ ശിവപ്രസാദ്, തലശ്ശേരി ബ്രണ്ണന്‍ കോളജിലെയും കാര്യവട്ടം കാമ്പസിലെയും പ്രതികൂലാന്തരീക്ഷത്തിലും ദേശീയതയും ഭാരതീയതയുമാണ് തന്നെ ജ്വലിപ്പിച്ച് നിര്‍ത്തിയിട്ടുള്ള ആശയങ്ങളെന്നും മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.
കുമാര പര്‍വം
മഹാകവി കുമാരനാശാന്റെ നൂറ്റിയന്പതാം ജന്മദിനം മുന്‍നിര്‍ത്തി വാര്‍ഷികോത്സവം ചര്‍ച്ചയ്ക്കെടുത്തത് ‘കുമാരനാശാന്-കാലവും കാവ്യധര്‍മവും’ എന്ന വിഷയമാണ്. നവോത്ഥാനം, സാമൂഹിക മോക്ഷം എന്നിവ കാവ്യസങ്കല്പ്പമായി മാറുന്നിടത്താണ് ആശാന്റെ വലിപ്പം കാണാന്‍ കഴിയുന്നതെന്ന് സ്വാഗതഭാഷണത്തില്‍ സി.സി.സുരേഷ് പറഞ്ഞുവച്ചത് ശരിയായ തുടക്കമായിരുന്നു. ആശാന് ആശയഗംഭീരനാണെന്ന് വാഴ്ത്തുന്ന പലരും പക്ഷേ എന്തൊക്കെയാണ് ഈ ആശയങ്ങളെന്ന് പറയാനും പിന്പറ്റാനും മടിക്കുന്നവരാണെന്നും, ജാതിശരീരങ്ങളെ അതിവര്‍ത്തിച്ച് സ്നേഹപ്പരപ്പ് സൃഷ്ടിക്കുന്നവയാണ് ആശാന്റെ കഥാപാത്രങ്ങളെന്നും ആമുഖഭാഷണത്തില്‍ മാധ്യമപ്രവര്ത്തകന് മുരളി പാറപ്പുറം അഭിപ്രായപ്പെട്ടത് വിഷയത്തിന്റെ വിവിധ വാതിലുകള്‍ തുറന്നിട്ടു.
ആശാനെയും വള്ളത്തോളിനെയും ഉള്ളൂരിനെയുംപോലെ ഒരേ കാലത്ത് സമശീര്‍ഷരായ മൂന്നുകവികള്‍ ഒരു ഭാഷയിലും ഉണ്ടായിട്ടില്ലെന്നും, സാമൂഹിക പരിഷ്കരണങ്ങളില്‍ ശ്രദ്ധയൂന്നിയ ആശാന് തന്റെ ദൗത്യത്തെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നുവെന്നും അധ്യക്ഷത വഹിച്ച കവിയും നിരൂപകനുമായ കല്ലറ അജയന് വിലയിരുത്തി. നൂറ് വര്‍ഷം മുന്‍പത്തെ ആശാന്റെ നായികമാര്‍ കാണിച്ച ധൈര്യം ഇന്നത്തെ സ്ത്രീകള്‍ക്കില്ലെന്നും, സുന്ദരമായ അന്തരംഗമുള്ളവരായിരുന്നു അവരെന്നും പറഞ്ഞുകൊണ്ട് മുഖ്യപ്രഭാഷണം നടത്തിയ നിരൂപകന് വി.ആര്.സുധീഷ്, ആശാന്റെ കാവ്യപ്രപഞ്ചത്തിലൂടെ അവിരാമം സഞ്ചരിക്കുകയായിരുന്നു. ”ആശാന്റെ നായികമാരെല്ലാം അവസാനം മരിക്കുകയാണ്. അതുകൊണ്ട് ആശാന് ഒരു സീരിയല്‍ കില്ലറാണെന്ന് ചിലര്‍ ആക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ മാനുഷ ഗര്വമൊക്കെ അസ്തമിക്കുകയും ഇഷ്ടന്മാര് പിരിയുകയും ചെയ്യുന്ന അധ്യാത്മ വിദ്യാലയമാണ് ഈ ഭൂമിയും അതിലെ വാസവുമെന്ന് പ്രരോദനത്തില്‍ പറയുന്ന ആശാന്റെ വീക്ഷണം നമ്മുടെ മുന്നിലുണ്ട്. തുച്ഛവും ക്ഷണികവുമായ ജീവിതത്തിന് നിത്യതയിലേക്ക് ഉയരാന്‍ കഴിയുന്നത് സ്നേഹത്തിലൂടെയാണെന്ന് ആശാന്റെ നായികമാര്‍ നമ്മെ അറിയിക്കുകയാണെന്നും സുധീഷ് പറഞ്ഞവസാനിപ്പിക്കുമ്പോള്‍ പുതിയൊരു വെളിച്ചം വീണുകിട്ടുകയായിരുന്നു.
സാവിത്രിയുടെ കഥ പറയാനല്ല, ഒരു നാടിന്റെ നീറുന്ന ചുറ്റുപാടുകളെക്കുറിച്ച് വിമര്‍ശനാത്മകമായി പറയാന്‍ വേണ്ടിയാണ് ആശാന് ദുരവസ്ഥ എഴുതിയതെന്നും, സ്നേഹഗായകനായി ആശാനെ ചുരുക്കിക്കാണുന്നവര്‍ തുവ്വൂര്‍ കിണറില്‍നിന്നും ഇപ്പോഴും ഉയരുന്ന രോദനങ്ങള്‍ കേള്‍ക്കുന്നില്ലെന്നും ഗാനരചയിതാവായ ഐ.എസ്. കുണ്ടൂര്‍ സവിശേഷമായി നിരീക്ഷിച്ചു. ആശാന്റെ മാറ്റം കാവ്യജീവിതത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അദൈ്വതദര്ശനത്തിന്റെയും സനാതനധര്‍മത്തിന്റെയും അനുസ്യൂതമായ തുടര്‍ച്ച കാണാനാവുമെന്നും, ബുദ്ധമതത്തോടുള്ള ആശാന്റെ ആഭിമുഖ്യം ഇതിന്റെ നിരാകരണമല്ലെന്നും വിലയിരുത്തിയ ഡോ. പി. ശിവപ്രസാദ്, ആശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായും മറ്റും വിശേഷിപ്പിക്കുന്നതിന്റെ കഥയില്ലായ്മകളെ തുറന്നുകാണിച്ചു.
കലാ-സാഹിത്യ പര്‍വം
ഖസാക്കിന്റെ ഇതിഹാസം രചിക്കപ്പെട്ട മണ്ണില്‍ നടന്ന തപസ്യയുടെ വാര്‍ഷികോത്സവം കലയുടെയും സാഹിത്യത്തിന്റെയും അരങ്ങായി മാറുകയായിരുന്നു. ഔദ്യോഗിക പരിപാടികള്‍ക്കപ്പുറം കലയുടെയും സാഹിത്യത്തിന്റെയും മേഖലയിലുള്ള പലരും സമ്മേളനത്തിനെത്തുകയും തങ്ങളുടെ കൃതികള്‍ പ്രകാശിപ്പിക്കുകയും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മണിക്കൂറില്‍ 106 കുഞ്ഞുകവിതകളെഴുതി കേരള ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടിയ പ്രമോദിനി ദാസിന്റെ ‘മഷിരേഖകള്‍’ എന്ന കവിതാസമാഹാരവും, ലൂഷിത രാജന്റെ ‘ഇരട്ടിമധുരം’ എന്ന കവിതാസമാഹാരവും സമ്മേളനവേദിയില്‍ പ്രകാശനം ചെയ്യപ്പെട്ടു. കവിതയില്‍ പുതുകാലത്തിന്റെ സ്പന്ദനങ്ങള്‍ ആവാഹിക്കുന്ന ഇരുവര്‍ക്കും തപസ്യയുടെ വേദി വലിയ അംഗീകാരവും ആത്മവിശ്വാസവുമാണ് നല്‍കിയിരിക്കുന്നത്.
വിവിധ കാലാംശങ്ങളുടെ ഇടവേളകളില്‍ സംഗീതാര്‍ച്ചനയും ഗാനാലാപനവും ഉപകരണസംഗീതവും ലഘുനാടകവും ഇന്ദ്രജാലവുമൊക്കെ അവതരിപ്പിച്ചത് ആസ്വാദകരുടെ മനംകവര്‍ന്നു. കേരളത്തിന്റെ തനതു കലാരൂപങ്ങളിലൊന്നും പാലക്കാടിന്റെ ഗ്രാമീണത്തുടിപ്പുകള്‍ പേറുന്നതുമായ കണ്യാര്കളിയുടെ അവതരണം പുതുമയുള്ള കലാനുഭവമായിരുന്നു. പത്മദാസിന്റെ ‘മുണ്ട്’ എന്ന കവിതയുടെ നാടകാവിഷ്കാരവും വേറിട്ട ദൃശ്യാനുഭവമായി.
സംഘടനാപര്‍വം
തപസ്യയുടെ സംഘടനാപരമായ ശാക്തീകരണത്തെക്കുറിച്ചുള്ള ചിന്തകളും മാര്‍ഗനിര്‍ദേശങ്ങളും അവതരിപ്പിക്കപ്പെട്ട പ്രതിനിധി സമ്മേളനം അഭിജിത് ഗോഖലെയാണ് ഉദ്ഘാടനം ചെയ്തത്. സംഘടനയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് വിവിധ പരിപാടികള്‍ ആവിഷ്കരിക്കണം, ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന് ഗ്രാമോത്സവങ്ങള്‍ സംഘടിപ്പിക്കണം എന്നതുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ”കവിത, നോവല്‍, ജീവചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും ഭാരതീയമായ പ്രഭാവം സൃഷ്ടിക്കുന്ന വികാസമുണ്ടാവണം. സ്റ്റാന്‍പ്പ് കോമഡി, സ്കിറ്റ് തുടങ്ങിയവയിലൂടെ സാമൂഹ്യ പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരണം. ഇടതുപക്ഷവും വലതുപക്ഷവും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക മാത്രം ചെയ്യുമ്പോള്‍ പരിഹാരങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ നമുക്ക് കഴിയണം. ദേശീയ വീക്ഷണമുള്ള കൃതികള്‍ രചിക്കപ്പെടണം. പുസ്തക ചര്‍ച്ച തപസ്യയുടെ പരിപാടികളില്‍ ഉള്‍പ്പെടുത്തണം.” തപസ്യയുടെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ആദ്യയോഗമായി ഈ പ്രതിനിധി സഭയെ കണക്കാക്കണമെന്നു പറഞ്ഞ ഗോഖലെ, 50 വര്‍ഷത്തിനപ്പുറവും തപസ്യയുടെ യാത്ര തുടരേണ്ടതുണ്ടെന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്.
പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അനൂപ് കുന്നത്ത് വാര്‍ഷിക റിപ്പോര്‍ട്ടും സി. രജിത് കുമാര്‍ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, പി.ജി. ഗോപാലകൃഷ്ണന് നന്ദി അറിയിക്കുകയും ചെയ്തതോടെ പ്രതിനിധി സമ്മേളനം സമാപിച്ചു.
സമാപന പര്‍വം
പുതിയ ഭാരവാഹികളുടെ പ്രഖ്യാപനത്തിനുശേഷം സമാപന സമ്മേളനമായിരുന്നു. സി.കെ. മൂസദ് നഗറിലാണ് തപസ്യയുടെ വാര്‍ഷികോത്സവം നടക്കുന്നതെന്ന് ഓര്‍മിപ്പിച്ച സംഘടനാ സെക്രട്ടറി ശ്രീജിത്ത് തണ്ട്രായി, തപസ്യയെ നയിച്ച മുന്‍ഗാമികളുടെ പ്രവര്‍ത്തന മികവ് മാതൃകയാക്കണമെന്ന് സമാപന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനും കെ.ടി. രാമചന്ദ്രന് ജനറല്‍ സെക്രട്ടറിയുമായി പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ശ്രീജിത്ത് തണ്ട്രായി വീണ്ടും സംഘടനാ സെക്രട്ടറിയായി. പദ്മശ്രീ പി. നാരായണക്കുറുപ്പ്, പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിഖ്യാത ശില്‍പ്പി കാനായി കുഞ്ഞിരാമന്, ഡോ. സുവര്‍ണ നാലാപ്പാട്ട്, ആര്‍ട്ടിസ്റ്റ് മദനന്, എം.എ. കൃഷ്ണന്, ആര്. സഞ്ജയന് എന്നിവര്‍ രക്ഷാധികാരിമാര്‍. കല്ലറ അജയനാണ് വര്‍ക്കിങ് പ്രസിഡന്റ്. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, മുരളി പാറപ്പുറം, യു.പി.
സന്തോഷ്, ഐ.എസ്. കുണ്ടൂര്‍, രജനി സുരേഷ്, ശ്രീനാഥ് കല്ലക്കട്ട എന്നിവര്‍ ഉപാധ്യക്ഷന്മാര്. ജി.എം. മഹേഷ് ജോയിന്റ് ജനറല്‍ സെക്രട്ടറി. പി.ജി. ഗോപാലകൃഷ്ണന്, എം.വി. ശൈലേന്ദ്രന്, ടി.എസ്. നീലാംബരന്‍, ഇ.എം. ഹരി, പി.ജി. ശ്രീകുമാര്‍ എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍. അനൂപ് കുന്നത്ത് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കെ.സച്ചിദാനന്ദന്, പി.കെ.സുധാകരന് എന്നിവര്‍ ജോ. ട്രഷറര്‍മാരായി.
പി.വിജയാംബിക, ഡോ. വി.സുജാത, സി. രജിത് കുമാര്‍, എം. സതീശന്, സി.സി.സുരേഷ്, എസ്. രാജന് ബാബു, കെ. സതീഷ് ബാബു, പി.ഇ. ദാമോദരന്‍, രാമകൃഷ്ണന് വെങ്ങര, പ്രമോദ് കാളിയത്ത്, ഗോപി കൂടല്ലൂര്‍, ഡോ. പി.ശിവപ്രസാദ്, വി.കെ. ബിജു, അസി. പ്രൊഫ. ലക്ഷ്മി ദാസ്, പ്രശാന്ത് ബാബു കൈതപ്രം, കാവാലം ശശികുമാര്‍, അനുകൃഷ്ണന്‍ കാരക്കാട് എന്നിവര്‍ സംസ്ഥാനസമിതിയംഗങ്ങള്‍. സാഹിത്യം, മാധ്യമം, നാടകം, സിനിമ, അനുഷ്ഠന കല, സംഗീതം, ചിത്രകല എന്നീ ഉപസമിതികളുടെ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ എഴുത്തുകാര്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന യു.പി.സന്തോഷ് അവതരിപ്പിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു.
സര്‍ഗാത്മകവും സംഘടനാപരവുമായ ആവേശത്തോടെയാണ് രണ്ട് ദിവസത്തെ ഒത്തുചേരലിനുശേഷം വാര്‍ഷികോത്സവത്തിന്റെ പ്രതിനിധികള്‍ പാലക്കാടിനോട് വിട പറഞ്ഞത്.
(തപസ്യ നാല്‍പ്പത്തിയേഴാം വാര്‍ഷികോത്സവത്തെക്കുറിച്ച് ജി.ഗോപാലകൃഷ്ണപിള്ള തയ്യാറാക്കിയ അവലോകനത്തോട് കടപ്പാട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: