കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും പത്ര പ്രവര്‍ത്തകനും തപസ്യ സംസ്ഥാന പ്രസിഡന്റുമായ വി.എം കൊറാത്തിന്റെ 18ാമത് അനുസ്മരണ സമ്മേളനം ജൂണ്‍ നാല് ഞായറാഴ്ച. പുതിയറയിലെ എസ്.കെ. പൊറ്റക്കാട് ഹാളില്‍ വെച്ചാണ് അനുസ്മരണ സമ്മേളനം നടത്തുക. ഇതോടൊപ്പം തപസ്യയുടെ പ്രൊഫഷണല്‍ നാടകമായ ‘ആരണ്യ പര്‍വ്വത്തിന്റെ ഉദ്ഘാടനവും നടക്കും.
തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തപസ്യ ജില്ലാ അധ്യക്ഷന്‍ വത്സന് നെല്ലിക്കോട് അധ്യക്ഷനാകും. എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. കെ.പി. ശശിധരന്, പത്ര പ്രവര്ത്തകന് പി. ബാലകൃഷ്ണന് തുടങ്ങിയവര്‍ വി.എം. കൊറാത്ത് അനുസ്മരണ പ്രഭാഷണം നടത്തും.
തുടര്‍ന്ന് തപസ്യയുടെ പ്രൊഫണഷല്‍ നാടകമായ ആരണ്യ പര്‍വ്വത്തിന്റെ ഉദ്ഘാടനം നാടക നടനും സംവിധാനകനുമായ കെ. കലാധരന്‍ നിര്‍വഹിക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇംഗ്ലീഷ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ വനവാസി ഗോത്രമേഖലയില്‍ നിന്ന് ബലിദാനിയായ പഴശ്ശിരാജയുടെ കുറിച്യ പടത്തലവന് തലക്കര ചന്തുവിന്റ വീര സാഹസിക കഥയാണ് നാടകത്തിന്റെ ഇതിവൃത്തം. എം.കെ. രവി വര്‍മ്മയുടെ രചനയില്‍ ശശി നാരായണനാണ് നാടകം സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: