മുംബയ് : നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷം സേവത്തിന്റെയും മികച്ച ഭരണത്തിന്റെയും പാവങ്ങളുടെ ഉന്നമനത്തിന്റെയും
കാലമായിരുന്നുവെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അനുരാഗ് സിംഗ് താക്കൂര്‍ . ബിജെപിയുടെ മഹാ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി മുംബൈയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പാവപ്പെട്ടവര്‍ക്കുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം വീടുകള്‍, പാചകവാതക കണക്ഷനുകള്‍, പൈപ്പ് വെള്ളം ലഭ്യമാക്കുക എന്നിവയും നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റോഡ്, വിമാനത്താവളം, ജലപാത, റെയില്‍വേ എന്നിവയുടെ നിര്‍മ്മാണം റെക്കോര്‍ഡ് വേഗത്തിലാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെക്കുറിച്ചുള്ള മോര്ഗന് സ്റ്റാന്‍ലി റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച അദ്ദേഹം ഇന്ത്യയിലും ഇന്ത്യയുടെ നേതൃത്വത്തിലും ലോകത്തിന് പ്രതീക്ഷയുണ്ടെന്ന് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ജനപ്രീതിയുള്ളതുമായ പ്രധാനമന്ത്രിയാണെന്ന വസ്തുതയുമായി പൊരുത്തപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അതിനാലാണ് ഇന്ത്യയെ അപമാനിക്കുന്ന പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നതെന്നും അനുരാഗ് സിംഗ് താക്കൂര്‍ കുറ്റപ്പെടുത്തി.
ഗുസ്തിക്കാരുടെ പ്രതിഷേധം സംബന്ധിച്ച് , സമിതി രൂപീകരിക്കുക, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക തുടങ്ങി താരങ്ങള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. കേസില്‍ അന്വേഷണം അതിവേഗത്തിലാണ് നീങ്ങുന്നത്. അന്വേഷണം അവസാനിക്കുന്നതുവരെ താരങ്ങള്‍ കാത്തിരിക്കണം. സ്പോര്‍ട്സും കളിക്കാരും പ്രധാനമാണ്.
മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ അനുരാഗ് സിംഗ് താക്കൂര്‍ സന്ദര്‍ശനം നടത്തി. മുംബൈയിലെ വ്യാപാരികളുമായും വിശിഷ്ട വ്യക്തികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: