ന്യൂദല്‍ഹി: രാജ്യത്തെ 142 കോടി പേരുടെ അഭിലാഷ സാക്ഷാത്കാരമായ, ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ചരിത്രപരവും പവിത്രവുമായ ചെങ്കോൽ ലോക്സഭാ സ്പീക്കറുടെ ഇരിപ്പടത്തിനരികിൽ സ്ഥാപിച്ചു. നിലവിളക്ക് കൊളുത്തിയാണ് പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ശേഷം ഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. തുടര്‍ന്നു നടന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ ശങ്കരാചാര്യ മഠത്തിലേതുള്‍പ്പെടെയുള്ള സംന്യാസിമാരും മറ്റു മത പണ്ഡിതരും പങ്കെടുത്തു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവന്ഷ്, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തു. തമിഴ്നാട്ടിലെ ശൈവ മഠങ്ങളിലെ പുരോഹിതർ,പാർലമെന്റ് നിർമ്മാണ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിർമ്മാണ തൊഴിലാളികളുടെ പ്രതിനിധികളെ ഈ അവസരത്തിൽ പ്രധാനമന്ത്രി ആദരിച്ചു. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ പുരോഹിതരാണ് ചെങ്കോല്‍ കൈമാറിയത്. 20 ശൈവമഠങ്ങളിലെ പുരോഹിതരും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രോച്ചാരണങ്ങളോടെയായിരുന്നു ചടങ്ങ്.
ഉച്ചയ്ക്ക് 12ന് ദേശീയ ഗാനാലാപനത്തോടെയാണ് ഔപചാരിക ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെയും സന്ദേശങ്ങള്‍ വായിക്കും. പുതിയ 75 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ചടങ്ങുകള്‍ അവസാനിക്കും.
പാര്‍ലമെന്റംഗങ്ങള്‍ക്കു പുറമേ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍, മുന്‍ ലോക്സഭാ സ്പീക്കര്‍മാര്‍, രാജ്യസഭാ ചെയര്മാന്മാര് എന്നിവരെ ഉദ്ഘാടന ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍, ഡോ. പി.ടി. ഉഷ എംപി എന്നിവരാകും ചടങ്ങില്‍ പങ്കെടുക്കുന്ന മലയാളി എംപിമാര്‍. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബഹിഷ്കരിക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാര്‍ ചടങ്ങിലുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: