ബ്രിട്ടീഷ് എഞ്ചിനീയര്‍മാരായ എഡ്വിന് ല്യൂട്ടിന്‍സും ഹെര്‍ബര്‍ട്ട് ബേക്കറുമാണ് നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശില്‍പ്പികള്‍. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യയിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി, കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്, ചേംബര്‍ ഓഫ് പ്രിന്‍സസ് എന്നിവയ്ക്കായി ആറുവര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
1921ല്‍ ആരംഭിച്ച് 1927ല്‍ നിലവിലെ വൃത്താകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയിയും ഇന്ത്യയിലെ ഗവര്‍ണ്ണര്‍ ജനറലുമായിരുന്ന ലോര്‍ഡ് ഇര്വിന് ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. 83 ലക്ഷം രൂപയായിരുന്നു അന്നത്തെ നിര്‍മ്മാണ ചിലവ്. 5.66 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന മന്ദിരത്തെ 1947ലെ സ്വാതന്ത്ര്യലബ്ദിയോടെ പാര്‍ലമെന്റ് ഹൗസ് അഥവാ സന്‍സദ് ഭവന് എന്ന് നാമകരണം ചെയ്തു.
ലോക്സഭാ ഹാള്‍, രാജ്യസഭാ ഹാള്‍, സെന്‍ട്രല്‍ ഹാള്‍ എന്നിങ്ങനെ മൂന്നു പ്രധാന ഹാളുകളും പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, രാജ്യസഭാധ്യക്ഷന് എന്നിവരുടെ ഓഫീസുകളും പാര്‍ലമെന്റിലുണ്ട്. കേന്ദ്രമന്ത്രിമാരുടേയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഓഫീസുകളും നിലവിലെ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്നു.
എന്നാല്‍ സ്ഥലപരിമിതിയും ലോക്സഭയിലേയും രാജ്യസഭയിലേയും അംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതും കെട്ടിടത്തിന്റെ കാലപ്പഴക്കവും മൂലമാണ് പുതിയ പാര്‍ലമെന്റ് നിര്‍മ്മാണം എന്ന ആശയത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നത്. 96വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. യുപിഎ ഭരണകാലത്ത് ലോക്സഭാ സ്പീക്കറായിരുന്ന മീരാകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദ്ദേശം, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് നടപ്പാക്കാന്‍ തീരുമാനിച്ചതെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: