കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പന് പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ആനയെ മയക്കുവെടി വയ്ക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.
നാളെ പുലർച്ചെയോടെ ആനയെ മയക്കുവെടി വയ്ക്കാനാണ് തമിഴ്നാടിന്റെ തീരുമാനം. തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് മയക്കുവെടി വയ്ക്കാന്‍ ഉത്തരവിട്ടത്. അരിക്കൊമ്പനെ പിടികൂടി മേഘമലയിലെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിടാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടുകയായിരുന്നു. ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്.
ഇന്ന് രാവിലെയാണ് അരിക്കൊമ്പന് കമ്പം ടൗണിലിറങ്ങിയത്. ജനവാസമേഖലയിലൂടെ പാഞ്ഞോടിയ ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ ആന തകര്‍ത്തു. പ്രദേശത്തെ ഒരു പുളിമരത്തോട്ടത്തിലാണ് ആന ഇപ്പോഴുള്ളത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ആനയെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ജനങ്ങള്‍ ഒന്നും ചെയ്യരുത്, ആളുകള്‍ വീട്ടില്‍ തന്നെ തുടരണമെന്നും പോലീസ് നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: