ന്യൂദല്‍ഹി : പാരമ്പര്യത്തെയും ആധുനികതയെയും കുറ്റമറ്റ രീതിയില്‍ സമന്വയിപ്പിച്ചുകൊണ്ട് ഭാരത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഒരുങ്ങിക്കഴിഞ്ഞു. ചരിത്ര മുഹൂര്‍ത്തത്തിനായി ഭാരതീയര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാര്‍ലമെന്റിനോട് കിടപിടിക്കുന്നതല്ല. മറിച്ച് അതിനും മുകളില്‍ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും ഒത്തിണക്കി കൊണ്ടാണ് സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ധീരദേശാഭിമാനി വീരസവര്‍ക്കറുടെ 140-ാം ജന്മദിനത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെടുന്നത്. പുതിയ പാര്‍ലമെന്റ് അപ്പര്‍ ഹൗസിലെ ലോട്ടസ്-തീം ഉള്ള ഇന്റീരിയറുകളാല്‍ പ്രൗഢഗംഭീരമാണ്. വിശുദ്ധിയുടെയും പ്രബുദ്ധതയുടെയും പ്രതീകമായ താമര, നമ്മുടെ നിയമനിര്‍മ്മാണപ്രക്രിയയുടെ സത്തയെ തികച്ചും ഉള്‍ക്കൊള്ളുന്നതായി മാറും.
ലോക്സഭാ ചേംബറിന്റെ ഉള്‍വശം ദേശീയപക്ഷി മയിലിനെ പ്രമേയമാക്കിയും രാജ്യസഭാ ചേംബറിന്റെ ഉള്‍വശം ദേശീയ പുഷ്പം താമര പ്രമേയമാക്കിയുമാണ് പണിതിരിക്കുന്നത്. അംഗങ്ങള്‍ക്ക് പരസ്പരം ഇടപഴകാനായി സെന്‍ട്രല്‍ ലോഞ്ച് ഒരുക്കിയിട്ടുണ്ട്. ദേശീയ വൃക്ഷമായ ആല്‍മരത്തെ അടിസ്ഥാനമാക്കിയാണ് സെന്‍ട്രല്‍ ലോഞ്ച് ഒരുക്കിയിരിക്കുന്നത്. നടുമുറ്റത്ത് ആല്‍മരവുമുണ്ട്. രാജ്യസഭയിലെ ഇരിപ്പിടങ്ങളുടെ എണ്ണം 250 ല്‍ നിന്ന് 384 ആക്കുകയും ലോക്സഭയിലെ സീറ്റിങ് കപ്പാസിറ്റി 550ല്‍ നിന്ന് 888 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.
സുരക്ഷാ കാര്യങ്ങളില്‍ ഒരു പിഴവും വരുത്താനാകാത്ത വിധത്തില്‍ കൂടിയാണ് സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം. രാജ്യസഭയിലെ ഇരിപ്പിടങ്ങളുടെ എണ്ണം 250 ല്‍ നിന്ന് 384 ആയി ഉയര്‍ന്നു. ലോക്സഭയിലെ സീറ്റിങ് കപ്പാസിറ്റി 550ല്‍ നിന്ന് 888 ആയി ഉയര്‍ത്തി. നിലവില്‍ ഡല്‍ഹിയും പരിസരവും സീസ്മിക് സോണ്‍ IV ആണെങ്കിലും ഒരു പടികൂടി കടന്ന് സീസ്മിക് സോണ്‍ V മാനദണ്ഡപ്രകാരാമാണ് നിര്‍മിച്ചിട്ടുള്ളത്.
ആത്മനിര്‍ഭരതയുടെ പ്രതീകമായി രാജ്യതലസ്ഥാനത്തു ഉയര്‍ന്നിരിക്കുന്ന പുതിയ പാര്‍ലമെന്റ് ഒരു വാസ്തുവിദ്യാ വിസ്മയം എന്നതിനൊപ്പം സാമ്പത്തിക, തൊഴില്‍ മേഖലയില്‍ വലിയൊരു ഉത്തേജനം കൂടിയാണ്. ഇത് 23 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ട്ടിച്ചത്. കൂടാതെ വ്യാവസായിക സാമൂഹിക മേഖലുടെ വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടായിട്ടുണ്ട്. 26045 മെട്രിക് ടണ്‍ സ്റ്റീലും 63807 മെട്രിക് ടണ്‍ സിമന്റുമാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
പഴകെട്ടിടത്തിന്റെ പോരായ്മകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് പുതിയ മന്ദിരത്തിന്റെ നിര്‍മാണം. സീറ്റിങ് കപ്പാസിറ്റി ഉയര്‍ത്തുന്നത് ഉള്‍പ്പടെ സംവിധാനങ്ങളില്‍ ഒന്നും പാഴാക്കാതെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി മികച്ച സൗകര്യങ്ങളാണ് സെന്‍ട്രല്‍ വിസ്തയിലുള്ളത്. ഒപ്പം ഭാരതത്തിന്റെ കലാസൃഷ്ടികളും പാര്‍ലമെന്റിന്റെ ചുമരുകള്‍ക്ക് കൂടുതല്‍ മികവേകും. ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന 5000ത്തോളം കലാസൃഷ്ടികളാണ് വിവിധ രീതിയില്‍ മന്ദിരത്തിന്റെ അകത്തളങ്ങളെ അലങ്കരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം കലാകാരന്മാരുടേതാണ് ഈ സൃഷ്ടികള്‍.
മൂന്ന് പ്രധാന കവാടങ്ങള്‍ക്ക് പേരും നല്‍കിയിട്ടുണ്ട്. ജ്ഞാനദ്വാര്‍, ശക്തിദ്വാര്‍, കര്‍മദ്വാര്‍ എന്നിങ്ങനെയാണ് പേരുകള്‍. പ്രവേശന കവാടങ്ങളിലായി ആന, കുതിര, ഗരുഡന്, ഹംസം, മകരമത്സ്യം, ശാര്‍ദൂല എന്നിവയുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രത്യേക പ്രവേശന കവാടങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുണ്ട്. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകള്‍, എംപിമാര്‍ക്കായി ലോഞ്ച്, ലൈബ്രറി, വിവിധ കമ്മിറ്റികള്‍ക്കായി സമ്മേളനമുറികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായ എച്ച്സിപി ഡിസൈനാണ് പുതിയ മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്. ബിമല്‍ പട്ടേലാണ് ആര്‍ക്കിടെക്റ്റ്. കേന്ദ്രപൊതുമരാമത്ത് വകുപ്പിന് കീഴില്‍ ടാറ്റാ പ്രൊജക്ട്സ് ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ മാറ്റം, ഉള്ളിലേക്കുള്ള പ്രവേശനക്ഷമതയിലും അതുപോലെ സംവാദങ്ങളിലും ചര്‍ച്ചകളിലും ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കുന്നതിലും പ്രതിഫലിക്കും എന്നതില്‍ തര്‍ക്കമില്ല. പൂര്‍ണമായും ഭാരതീയമായ ഇന്‍ഫ്രാസ്ട്രക്ചറുകളും അത്യന്താധുനിക സൗകര്യങ്ങളും കൊണ്ട് തീര്‍ത്തിട്ടുള്ള സെന്‍ട്രല്‍ വിസ്ത പുതിയ ചരിത്രം തന്നെയാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: