ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 500 ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും എച്ച്.എസ്. പ്രണോയിയും. ആറാം സീഡായ സിന്ധു 21-16, 13-21, 22-20 എന്ന സ്കോറിന് ചൈനയുടെ യി മാന്‍ ഷാങ്ങിനെ പരാജയപ്പെടുത്തിയപ്പോള്‍ പ്രണോയ് ജപ്പാന്റെ കെന്റ നിഷിമോട്ടോയ്ക്കെതിരെ 25-23, 18-21, 21-13 എന്ന സ്കോറിന് ജയിച്ചു.
ശനിയാഴ്ച നടക്കുന്ന സെമിയില്‍ ഏഴാം സീഡും ലോക ഒമ്പതാം റാങ്കുകാരിയുമായ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്ക തുന്ജംഗിനെയാണ് സിന്ധു നേരിടുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡ് ചൈനയുടെ യി ഷി വാങിനെ 21-18, 22-20 എന്ന സ്കോറിന് തുന്ജംഗ് അട്ടിമറിച്ചു.
തുന്ജംഗ് അടുത്തിടെയായി മികച്ച ഫോമിലാണ്. ഏപ്രിലില്‍ നടന്ന മാഡ്രിഡ് സ്പെയിന് മാസ്റ്റേഴ്സ് ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തുന്‍ജംഗിനോട് തോറ്റിരുന്നു.
സെമിഫൈനലില്‍ ലോക ഒമ്പതാം നമ്പര്‍ താരം പ്രണോയ് ഇന്തോനേഷ്യയുടെ 57-ാം റാങ്കുകാരന് ക്രിസ്റ്റ്യന്‍ അഡിനാറ്റയെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലില്‍ കിദംബി ശ്രീകാന്തിനെ 16-21, 21-16, 21-11 എന്ന സ്കോറിന് കിസ്റ്റ്യന്‍ അഡിനാറ്റ തോല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: