ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി ഇന്ത്യക്കു ലഭിച്ച ചെങ്കോല്‍ ഇക്കാലമത്രയും വെറുമൊരു ഊന്നുവടി പോലെ മൂടിവച്ചിരുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തന്നെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടതും ഏറെ ലജ്ജാകരവുമായ അദ്ധ്യായങ്ങളിലൊന്നാണെന്നു കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
സ്വാതന്ത്ര്യ സമരചരിത്രം ഗംഭീരമായി ആഘോഷിക്കുന്നതിനിടയിലും നമ്മള് ചിലപ്പോഴെങ്കിലും ഇത്തരം വീണ്ടുവിചാരങ്ങള്‍ക്ക് കൂടി ഉത്തരം തേടേണ്ടതുണ്ടെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു. ബ്രിട്ടനില്‍ നിന്ന് സ്വതന്ത്ര ഇന്ത്യക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ലഭിച്ച സ്വര്‍ണച്ചെങ്കോല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വസതിയായിരുന്ന പ്രയാഗ് രാജിലെ ദേശീയ മ്യൂസിയത്തില്‍ ഇത്രയും കാലം സൂക്ഷിച്ചത് സംബന്ധിച്ചാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമപ്രതീകമായ ഒരു മന്ദിരത്തിന്റെ ഉദ്ഘാടനം ജനാധിപത്യത്തെ പരിപാലിക്കുന്നത്തിനു ബാദ്ധ്യസ്ഥരായ ജനാധിപത്യവാദികളും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ബഹിഷ്ക്കരിക്കുന്നതില്‍ യാതൊരു യുക്തിയുമില്ല.
മറിച്ച് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പറയുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിനിധീകരിക്കുന്നത് കേവലം നിസ്സാരമായ രാഷ്ട്രീയമാണ്. രാജ്യതാല്പര്യങ്ങള്ക്കൊത്ത് നീങ്ങുകയാണെങ്കില്‍ രാഷ്ട്രീയമായി എതിര്ചേരിയിലുള്ളവരായാലും പിന്തുണക്കാന്‍ ഒരു മടിയുമില്ല താനും. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ബിജു ജനതാദളിന്റെ തീരുമാനത്തെ പരാമര്‍ശിച്ചാണ് സഹമന്ത്രി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: