കുമളി : പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് നാടുകടത്തിയ അരിക്കൊമ്പന് കുമളിക്ക് സമീപത്തായി എത്തിയെന്ന് റിപ്പോര്‍ട്ട്. ജിപിഎസ് കോളറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അരിക്കൊമ്പന് കുമളിക്ക് ആറ് കിലോമീറ്റര്‍ വരെ അടുത്തുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
ബുധനാഴ്ചയോടെയാണ് അരിക്കൊമ്പന് കുമളിക്ക് സമീപത്തേയ്ക്ക് എത്തിയത്. ഇവിടെ നിന്നും ആകാശദൂരം കുമളിക്ക് ആറു കിലോമീറ്റര്‍ അകെലായാണ് കുമളിയെങ്കിലും അരിക്കൊമ്പന് വീണ്ടും ചിന്നക്കനാലിലേക്ക് എത്തില്ലെന്ന് ആവര്‍ത്തിക്കുകയാണ് വനം വകുപ്പ്. തമിഴ്നാടിന്റെ വനമേഖലയില്‍ ഉള്‍പ്പെടെ അരിക്കൊമ്പന് ഇതിനകം യാത്ര ചെയ്തെങ്കിലും ചിന്നക്കനാലിലേക്കു മടങ്ങുന്നതിന്റെ യാതൊരു സൂചനയും ലഭ്യമല്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു. അരിക്കൊമ്പന്റെ സഞ്ചാരപാത നിര്‍ണയിക്കുന്നതിനായി വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നുണ്ട്.
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്ത് അരിക്കൊമ്പന് കഴിഞ്ഞ ദിവസം തിരിച്ചെത്തുകയും പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്തുള്ളതായി കണ്ടെത്തിയിരുന്നു. ആറു ദിവസം മുമ്പാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയിലേക്ക് ആന എത്തിയത്. ഇവിടെയുണ്ടായിരുന്ന വനംവകുപ്പിന്റെ ഷെഡ്ഡും അരിക്കൊമ്പന് തകര്‍ത്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തമിഴ്നാട് സര്‍ക്കാര്‍ നീക്കിയിട്ടില്ല. മടങ്ങിവരാനുള്ള ഇനിയും സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: