കോഴിക്കോട്: ഏതു പരീക്ഷയ്‌ക്ക് തയാറാകണമെന്നറിയാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥികള്‍ ആശങ്കയില്‍. മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടത്താനിരിക്കുന്ന ബിഎഡ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ മാറ്റി വയ്‌ക്കാത്തതാണ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നത്. ഇതേ തീയതികളില്‍ കെ ടെറ്റ് പരീക്ഷ, പിഎസ്‌സി അഭിമുഖങ്ങളും പരീക്ഷകളും വരുന്നതാണ് നിലവില്‍ വിദ്യാര്‍ഥികളെ ആശങ്കയിലാഴ്‌ത്തുന്നത്. മെയ് 30,31 തീയതികളില്‍ കെ ടെറ്റ് പരീക്ഷ, 31, ജൂണ്‍ ഒന്ന് തീയതികളില്‍ പിഎസ്‌സി അഭിമുഖങ്ങള്‍, ജൂണ്‍ രണ്ടിന് എല്‍പിഎസ്എ പിഎസ്‌സി പരീക്ഷ എന്നിങ്ങനെയാണ് മറ്റു പരീക്ഷകള്‍.
ഈ സാഹചര്യത്തില്‍ ബിഎഡ് പരീക്ഷ മാറ്റിവയ്‌ക്കണമെന്നാവിശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ക്ക് വിദ്യാര്‍ഥികള്‍ പരാതി നല്കിയെങ്കിലും ഇനി പരീക്ഷ മാറ്റിവയ്‌ക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ അറിയിച്ചത്. നാല് തവണയാണ് പരീക്ഷ മാറ്റിവച്ചത്. നെറ്റ് എക്‌സാം തീയതിയുമായി ഒരുമിച്ച് വന്നപ്പോള്‍ ആദ്യ തവണ മാറ്റി. മെയ് 22 മുതല്‍ 26 വരെ നടത്താനായിരുന്നു പിന്നീട് നിശ്ചയിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ കലോത്സവം നടക്കുന്നതിനാല്‍ പരീക്ഷ വീണ്ടും മാറ്റി. എന്നാല്‍ ബി സോണ്‍ കലോത്സവത്തിന്
ബിഎഡ് കോളജുകളില്‍ നിന്ന് വളരെ കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നും വിദ്യര്‍ഥികളെ സംബന്ധിച്ച് പരീക്ഷാ തീയതി വന്നതോടെ എല്ലാവരും പരീക്ഷക്കായുള്ള തയാറെടുപ്പിലായിരുന്നെന്നും ബിഎഡ് വിദ്യാര്‍ഥി സലാഹുദ്ദീന്‍ പറയുന്നു. എന്നാല്‍ വീണ്ടും പരീക്ഷ മാറ്റി 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടത്താന്‍ തീരുമാനിച്ചിതാണ് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
സെമസ്റ്റര്‍ പരീക്ഷ എഴുതിയില്ലെങ്കില്‍ അടുത്ത വര്‍ഷം സപ്ലിമെന്ററിയായി എഴുതാമെന്ന മറുപടിയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്. കാത്തിരുന്ന പിഎസ്‌സി, കെ ടെറ്റ് പരീക്ഷ എഴുതിയില്ലെങ്കില്‍ അവസരം നഷ്ടമാകും. കൂടാതെ പിഎസ്‌സി പരീക്ഷകളില്‍ കണ്‍ഫര്‍മേഷന്‍ നല്കിയ ശേഷം പരീക്ഷ എഴുതിയില്ലെങ്കില്‍ പ്രൊഫൈല്‍ ബ്ലോക്കാവാനും കാരണമാകും.
കെ ടെറ്റ്, പിഎസ്‌സി പരീക്ഷാ തീയതികള്‍ വളരെ മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. ഇതൊന്നും പരിശോധിക്കാതെ സര്‍വകലാശാല അധികൃതര്‍ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ തങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും ബിഎഡ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: