കവനമന്ദിരം പങ്കജാക്ഷന്
(ലവണോപാഖ്യാനം)
സരസീരുഹചാരുലോചനന്‍ ശ്രീരാഘവന്‍ ഗുരുനായകനോടു ചോദിച്ചു- സ്വപ്നമെങ്ങനെ ഗുരോ സത്യമായിട്ടുവന്നു? ഹൃത്പ്പൂവില്‍ എന്തോര്‍ത്തിട്ടും സംശയം നീങ്ങുന്നില്ല. കനിവോടരുല്ചെയ്തീടേണമെന്നു കേട്ടു മുനിനായകന്‍ ഇങ്ങനെ പറഞ്ഞു- സര്‍വ്വവും സംഭവിക്കുന്നത് അവിദ്യയില്‍ എന്നു ബോധിക്കുക. ഇതു നന്നായി ഗാധിവൃത്താന്തംകൊണ്ടറിയാം. ചേതോവാസനാവശംകൊണ്ട് കാകതാളീയം (യദൃച്ഛയാ സംഭവിക്കുന്നത്) എന്നപോലെ അന്യോന്യം മഹാവ്യവഹാരങ്ങള് താനേതന്നെ വളരെ യോജിച്ചുകൊണ്ടീടുന്നവെന്ന് അറിയുക. രാജാവ് ആ ഇന്ദ്രജാലക്കാരന്റെ ചേഷ്ടകാരണം പക്കണം (കാട്ടാളക്കുടില്)മുതലായതൊക്കെയും കാണുന്നകാലം പാരം ഉല്ലസിതയായീടുന്ന അവിദ്യ പിറ്റേന്നാളും നല്ലവണ്ണം ഉല്ലസിതയായി. ലവണരാജാവിനാല് അപ്പോള്‍ സ്വപ്നവി്രഭമമായിട്ട് യാതൊന്നു കാണപ്പെടുന്നുവോ, വിന്ധ്യാപര്‍വ്വത- പുല്ക്കസ-സ്വജനങ്ങളാല് ഹന്ത! സംവിദിതയായിവന്നു. രാജാവിന് അകതാരില്‍ ഏതൊരു തോന്നല്‍ ഉണ്ടായിവന്നുവോ ആ തോന്നല്‍തന്നെ ചണ്ഡാളന്മാര്ക്കുമുണ്ടായി. ചണ്ഡാളന്മാര്ക്ക് മനസ്സിന് ഏതൊരു തോന്നല്‍ ഉണ്ടായിവന്നിതൊ ആ തോന്നല്‍തന്നെ രാജാവിനുമുണ്ടായി. ശ്രീരാമ! വ്യവഹാരഗതിയാകുന്ന മായയ്ക്ക് പ്രതിമാനമാകുന്ന സത്തയുണ്ടായി വരുന്നു. ഇന്നുള്ള പദാര്ത്ഥങ്ങള്ക്കൊക്കെയും സംവേദനമെന്നിയെ വേറൊരു സത്തയില്ലെന്ന് നീ അറിയുക.
ദൃഷ്ടാവിവന്റെയും ദൃശ്യത്തിന്റെയും സംബന്ധത്തില് ദ്രഷ്ടാവിന് ഏതു രൂപം ഭവിക്കുന്നവോ സുമതേ! ത്രിപുടിയില്ലാതെയുള്ള അതുതന്നെ വിമലവും പരവുമായ പദമെന്ന് ഉള്ളില്‍ ധരിക്കുക. ഒന്നിനെ ഉപേക്ഷിച്ചിട്ട് മാനസം പിന്നെ വേറെയൊന്നിനെ പ്രാപിക്കുന്നതിന്റെ മദ്ധ്യേ രാമ! യാതൊരുരൂപമാണു ചേതസ്സിനു ഭവിച്ചീടുന്നത്, ആലോചിച്ചാല്‍, മൂന്നവസ്ഥയും വിട്ടതായ തത്സ്വരൂപമായി മാന്യനായുള്ളോരു നീ എല്ലായ്പ്പോഴും ഭവിച്ചീടുക.
ഹേ രാമ! ജാഗ്രം, സ്വപ്നം, സുഷുപ്തി* എന്നീ മൂന്നും ചേരാത്ത നിന്റെ രൂപം യാതൊന്നോ, അത് സനാതനം, അജഡം, അചേതനം എന്നിവയില്‍ തന്മയമായി എല്ലായ്പ്പോഴും ഭവിക്കും. അത് മനോരഹിതമായും കല്ലിന്റെ ഉള്ളുപോലെ ആയീടുന്നുവെന്നും കരുതുക. സന്മതേ! ജഡതയെ പെട്ടെന്ന് ദൂരെക്കളഞ്ഞ് നീ എല്ലായ്പ്പോഴും തന്മയമായി ഭവിക്കുക. വിളംബംകൂടാതെയും അത്യന്തോല്ക്കൃഷ്ടമായ യുക്തിയോടും ഭവഭാവനയോടും കൂടാതെ ചിത്തത്തിനെ ദൂരെക്കളഞ്ഞിട്ട് എങ്ങനെയാകുന്നുവോ അങ്ങനെ സ്ഥിരനായിട്ടു വാഴുക. ഹേ രാമ! സംസാരമാകുന്ന അത്യുഗ്രമായ പൊട്ടക്കുളത്തിനു ചേരുന്നതും നല്ലതുമായ യന്ത്രവാഹിനിയായീടുന്ന വാസനയെന്നു പേരുള്ള കയറിനെ നീ പണിപ്പെട്ട് ഛേദിച്ചുകളയണം. ഒന്നാമതായി പരമാത്മതത്ത്വത്തില്നിന്നു വന്നതായ ശൂന്യമായ മനസ്സിന്റെ വികല്പ**ങ്ങളെക്കൊണ്ട് ഇക്കാണുന്ന ശൂന്യമായ ജഗത്തിനെ; ശൂന്യമാകുന്ന ആകാശത്തെ ശൂന്യമായ നീലനിറമായി രാമചന്ദ്ര! തോന്നിച്ചീടുന്നു. സങ്കല്പം ക്ഷയിക്കുമ്പോള്‍ മാനസ്സ് നശിക്കുന്നുവെങ്കില്‍ ഭവമോഹമാകുന്ന മഞ്ഞു നീങ്ങും. ശരത്ക്കാലത്തില്‍ സ്വച്ഛമാകുന്ന ആകാശംപോലെ ആദ്യം പരമാദ്വയമായ ചിന്മാത്രം പ്രകാശിക്കും.
*വിശ്വന്, തൈജസന്‍, പ്രാത്ജ്ഞന് എന്ന മൂന്നു പദങ്ങളുടെ സ്ഥാനങ്ങളായ ജാഗ്രത്, സ്വപ്നം, സുഷുപ്തി (ത്രിപുടി) എന്ന അവസ്ഥകളെ സൂക്ഷ്മം, സ്ഥൂലം, കാരണം എന്നു നിര്‍വചിക്കാം. ഈ മൂന്ന് അവസ്ഥകളെ വിശകലനം ചെയ്തിട്ടാണ് വേദാന്തികള്‍ ആത്മാവിന്റെ അസ്തിത്വത്തെയും ഏകത്വത്തെയും പറ്റിയുള്ള നിഗമനത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്. (മാണ്ഡൂക്യകാരിക).
**വികല്പം: (ഒത്ത) വിഷയമില്ലാത്ത ശബ്ദത്തെ അനുസരിച്ചുണ്ടാകുന്നതാണ് വികല്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: