വിഴിഞ്ഞം: പ്രധാന്‍മന്ത്രി ഗ്രാം സടക് യോജനപ്രകാരം നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അപാകത ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. ഓവര്‍സിയറെ തടഞ്ഞുവച്ച നാട്ടുകാര്‍ കരാറുകാരന്റെ അഴിമതിക്ക് ഉദ്യോഗസ്ഥരും സഹായം ഒരുക്കുന്നതായി ആരോപിച്ചു.
വിഴിഞ്ഞം ആട്ടറമൂല-മുക്കോല റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിഷ്ണു പ്രശാന്ത്, മണ്ണക്കല്ല് വാര്‍ഡ് മെംബര്‍ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്. ടാറിംഗ് കൃത്യമായ അനുപാതം അനുസരിച്ചല്ല നടത്തിയതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ടാറിംഗ് കഴിഞ്ഞ ഭാഗങ്ങളില്‍ വലിയ മെറ്റല്‍ കഷണങ്ങള്‍ പൊങ്ങി നില്ക്കുന്നു. ചിലയിടങ്ങളില്‍ ടാര്‍ ഇളകി മാറിയ അവസ്ഥയാണ്. കൃത്യമായ നിരപ്പ് ഇല്ലാതെ പല സ്ഥലങ്ങളിലും ടാറിംഗ് പൂര്‍ത്തിയാക്കി. മുമ്പ് പലതവണ റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സ്ഥലത്ത് ഉണ്ടായിരുന്ന ഓവര്‍സിയറെ ഉള്‍പ്പടെ തടഞ്ഞ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത്.
2.73 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന റോഡ് നിര്‍മാണത്തിന് അഞ്ചുവര്‍ഷത്തേക്ക് മെയിന്റനന്‍സ് തുകയായി 24ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 2022 ഏപ്രില്‍ 13 ആണ് ആട്ടറമൂല മുതല്‍ പുന്നകുളം, പയറുമൂട്, വട്ടവിള വഴി മുക്കോല പോകുന്ന 4.7 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ റോഡ് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചൂണ്ടി കാണിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ കരാറുകാരനെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. 2023 ഏപ്രില്‍ 12ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍ നാളിതുവരെയായിട്ടും റോഡ് നിര്‍മാണം പാതിവഴിയിലാണ്. പഴയറോഡ് കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നതും റോഡ് നിര്‍മാണത്തിലെ കാലതാമസവും ഇത് വഴിയുള്ള വാഹന ഗതാഗതം തടസപ്പെടുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. റോഡ് നിര്‍മാണത്തില്‍ ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട് അധികാരികള്‍ ഇടപ്പെട്ട് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്ന് ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: