സനില്‍ പി. തോമസ്
അതീവ സുരക്ഷയുള്ള ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഫോട്ടോഗ്രഫി അനുവദിക്കില്ല എന്ന മുന്നറിയിപ്പ് കണ്ടു പുറത്തുകടന്നപ്പോള്‍ ‘വെല്‍കം ടു പാരഡൈസ് ഓണ്‍ എര്‍ത്ത്’ അഥവാ ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് സ്വാഗതം എന്ന കശ്മീര്‍ ടൂറിസം ഡയറക്ടറേറ്റിന്റെ ബോര്‍ഡ്. ഒപ്പം ടൂറിസം ഓഫീസും. തൊട്ടപ്പുറത്ത് വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കുള്ള കവാടത്തിനു മുകളില്‍ കശ്മീരിലേക്കു സ്വാഗതം എന്നെഴുതിയിരിക്കുന്നു. സുരക്ഷാ ഭടന്മാര് ഉണ്ടെങ്കിലും സമ്മര്‍ദമില്ലാത്ത, തീര്‍ത്തും സൗഹൃദം തോന്നിയ അന്തരീക്ഷം. എങ്കിലും സംശയം തീര്‍ക്കാന്‍ ടൂറിസം വകുപ്പിന്റെ ഓഫീസില്‍ കയറിതിരക്കി. ”ഇവിടെ ഫോട്ടോ എടുക്കാമോ?”
”ഓ… തീര്‍ച്ചയായും.” ഭാര്യ സുജയ്ക്കൊപ്പം അവിടെ നിന്നു ഫോട്ടോ എടുത്തു. ഞങ്ങളുടെ മലയാളി സംഘത്തിലെ എല്ലാവരും ആവേശത്തോടെ ഫോട്ടോയെടുത്തു.
ഭൂമിയിലെ സ്വര്‍ഗം എന്ന വിശേഷണം കണ്ടപ്പോള്‍ പണ്ട് കോട്ടയം കുമാരനല്ലൂര്‍ ദേവീവിലാസം ഹൈസ്കൂളില്‍ ചരിത്ര അധ്യാപിക പഠിപ്പിച്ചത് ഓര്‍ത്തു. കശ്മീര്‍ സന്ദര്‍ശിച്ച ബാബര്‍ ചക്രവര്‍ത്തി കുറിച്ചത്രെ- ”ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്; അത് ഇതാണ്; അത് ഇതാണ്.”
വിമാനത്താവളത്തിനു സമീപത്തെ റോഡുകളിലും മറ്റു പലയിടങ്ങളിലും ആയുധധാരികളായ പട്ടാളക്കാരെ കാണാം. അമ്പത് അടി ഇടവിട്ടുവരെ സുരക്ഷാഭടന്മാര്. ഇവരുടെ ജാഗ്രത കാണുമ്പോള്‍ നമ്മുടെ രക്തം തിളയ്ക്കും. ഒരു സല്യൂട്ട് കൊടുക്കാന്‍ മനസ്സ് വെമ്പും. അവരുടെ ജാഗ്രതയും സമര്‍പ്പണവുമാണ് നമ്മുടെ സുരക്ഷ. കമ്പിവേലി കെട്ടിത്തിരിച്ചതും, മണല്‍ച്ചാക്കുകള്‍ നിരത്തി പ്രതിരോധം ഉറപ്പാക്കിയതുമായ ആര്‍മി പോസ്റ്റുകള്‍ കാണാം. ഏത് ഭീകരാക്രമണവും ചെറുക്കാനുള്ള മുന്‍കരുതല്‍ പ്രകടമാണ്.
പട്ടാളക്കാരുടെ സാന്നിധ്യം ഇല്ലാത്ത സ്ഥലങ്ങളും കശ്മീരില്‍ കണ്ടു. നാട്ടുകാര്‍ക്കൊപ്പം സഞ്ചാരികളും യാതൊരു സമ്മര്‍ദ്ദവുമില്ലാതെ യാത്രചെയ്യുന്നു. ജി 20 സമ്മേളനത്തിന്റെയും ഖേലോ ഇന്ത്യ ശീതകാല ഗെയിംസിന്റെയും ബോര്‍ഡുകള്‍ കശ്മീരില്‍ എവിടെയും കാണാം. ജമ്മുകശ്മീര്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്റ്റേഡിയത്തിനു ചുറ്റും വിവിധ കായിക ഇനങ്ങളുടെ ചിത്രങ്ങള്‍. എവിടെയും ഒരു ഉണര്‍വ് പ്രകടം.
ശീതകാല ഗെയിംസ്
ഒരിക്കല്‍ക്കൂടി
ഖോലോ ഇന്ത്യ ശീതകാല വിനോദങ്ങള്‍ ഗുല്‍മാര്‍ഗില്‍ ഫെബ്രുവരി 10 മുതല്‍ 14 വരെ നടന്നു. 26 സ്വര്‍ണവും 25 വെള്ളിയും 25 വെങ്കലവുമായി തുടര്‍ച്ചയായ മൂന്നാം തവണയും ജമ്മുകശ്മീര്‍ കിരീടം നേടി. 2020 ല്‍ ലേയിലായിരുന്നു പ്രഥമ ഗെയിംസ്. പിന്നെ ഗുല്‍മാര്‍ഗിലും. ജമ്മു കശ്മീര്‍ സ്പോര്‍ട്സ് കൗണ്‍സിലും ജമ്മുകശ്മീര്‍ വിന്റര്‍ ഗെയിംസ് അസോസിയേഷനും സായ്യും സ്പോര്‍ട്സ് മന്ത്രാലയവും ചേര്‍ന്നാണ് ഗെയിംസ് നടത്തിയത്.
ദേശീയ ശീതകാല ഗെയിംസ് 1996 ലും 2004 ലും 2009 ലും കശ്മീരില്‍ നടന്നിട്ടുണ്ട്. പക്ഷേ, ഇത്രയും പ്രചാരം കിട്ടിയില്ല. സ്കീയിങ്, സ്നോ റഗ്ബി, സ്നോ ബേസ്ബോള്‍, മൗണ്ടനീറിങ്, സ്നോ ഷൂ റണ്ണിങ്, ഐസ് ഹോക്കി, ഫിഗര്‍ ആന്‍ഡ് സ്പീഡ് സ്കേറ്റിങ് തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടന്നു.
ഗുല്‍ മുസ്തഫ ദേവിലൂടെ കശ്മീരിന് ഒരു ശീതകാല ഒളിംപ്യന്‍ പിറന്നു. സ്കീയിങ് താരമാണ് ഗുല്ദേവ്. ഐപിഎല്ലിലും ഐഎസ്എല്ലിലും മാത്രമല്ല ഷൂട്ടിങ്ങിലും കശ്മീര്‍ താരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. യുവതലമുറ സ്പോര്‍ട്സില്‍ ശ്രദ്ധിച്ചുതുടങ്ങി.
ഇനി മേയ് 22 മുതല്‍ 24 വരെ ജി 20 ടൂറിസം പ്രവര്‍ത്തന സമിതി യോഗം ശ്രീനഗറില്‍ നടക്കും. ജി20 ന്റെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യയാണെന്നും ആഗോളതലത്തില്‍ രാജ്യത്തിനു ലഭിച്ച അംഗീകാരമാണിതെന്നും കശ്മീര്‍ ജനത മനസ്സിലാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ മറ്റേതൊരു ഭൂപ്രദേശവും പോലെയാണ് ഇവിടവുമെന്ന് സന്ദര്‍ശകര്‍ക്കും തോന്നും.
സ്വിറ്റ്സര്‍ലന്‍ഡിലെ ടിറ്റ്ലിസ് മഞ്ഞുമലയിലേതുപോലെ കേബിള്‍ കാറില്‍ ഗുല്‍മാര്‍ഗിന്റെ ഫേസ് ഒന്നില്‍ എത്താം. സ്കീയിങ്ങും സ്ലെഡ്ജിങ്ങും ഇവിടെയുണ്ട്. സ്നോബൈക്കിങ് ഫേസ് രണ്ടില്‍ ചെന്നാല്‍ ആസ്വദിക്കാം. ഒപ്പം മഞ്ഞുമഴ കൂടിയായപ്പോള്‍ ടിറ്റ്ലിസിനെക്കാള് ഹൃദ്യമായ അനുഭവമാണ് അഫര്‍വത് പര്‍വതത്തിലെ കൊടുമുടിയില്‍. പക്ഷേ, ഗുല്‍മാര്‍ഗിലേക്കുള്ള ഇടുങ്ങിയ വഴിയും വൃത്തിയില്ലാത്ത ചുറ്റുപാടുകളും മാറണം. മാറ്റത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. തടിനിര്‍മിത സ്ലെഡ്ജില്‍ നമ്മളെ ഇരുത്തി മഞ്ഞുമലയില്‍ വലിച്ചുകയറ്റുന്നവരില് വയോധികരും. കൊല്‍ക്കത്തയിലെയും ദല്‍ഹിയിലെയും പഴയകാല റിക്ഷാവണ്ടിക്കാരെ ഓര്‍ത്തുപോകും. പക്ഷേ, എല്ലാവരും സന്തോഷത്തിലാണ്. സഞ്ചാരികളുടെ ഒഴുക്ക് അവര്‍ ആസ്വദിക്കുന്നു. വണ്ടിവലിക്കുന്നവരും ബൈക്ക് ഓടിക്കുന്നവരും 50 രൂപ ടിപ് ചോദിക്കും. അതില്‍ അവര്‍ സംതൃപ്തരാണ്. പൈനും ദേവദാരുവും ചിനാറുമെല്ലാം പാതക്കിരുവശവും നിറഞ്ഞു നില്ക്കുന്നു. ഗുല്‍മാര്‍ഗിലേക്ക് പ്രകൃതി ആസ്വദിച്ച് യാത്ര ചെയ്യാം.
പഹല്‍ഗാമിലേക്കുള്ള യാത്രയില്‍ അമര്‍നാഥ് യാത്രികര്‍ കടന്നുപോകുന്ന പാതകാണാം. അമര്‍നാഥ് ഗുഹക്ഷേത്രവും അകലെയല്ല. ശങ്കരചാര്യക്ഷേത്രവും അമര്‍നാഥ് യാത്രികര്‍ സന്ദര്‍ശിക്കാറുണ്ടത്രെ.
ബേറ്റാബ് വാലിയില്‍ ക്രിക്കറ്റ് ബാറ്റ് നിര്‍മിക്കുന്ന വില്ലോ മരങ്ങള്‍ നിറഞ്ഞുനില്ക്കുന്നു. ഇന്ത്യയില്‍ പഞ്ചാബിലും കശ്മീരിലുമാണ് വില്ലോ മരങ്ങള്‍ ഉള്ളത്. ചന്ദന്‍വാരി ഗുല്‍മാര്‍ഗ് പോലെ മഞ്ഞില്പൊതിഞ്ഞതാണ്. ഇടുങ്ങിയ വഴിയാണ്. ചെറിയ വാഹനങ്ങളില്‍ വേണം എത്തുവാന്‍. മാലിന്യമാണ് ഇവിടുത്തെ പ്രധാന പ്രശ്നം. പക്ഷേ, റോഡിന്റെ അരികില്‍ ഇരുമ്പുവേലികള്‍ ഉയര്‍ന്നുവരുന്നു. റോഡിന് അല്‍പ്പം വീതികൂടിയായാല് സഞ്ചാരം എളുപ്പമാകും.
പതിനേഴാം ശതകത്തില്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ നിര്‍മിച്ച പൂന്തോട്ടങ്ങളാണ് നിഷാദ് ബാഗും ഷാലിമാര്‍ ബാഗും. ശ്രീനഗറിലെ ഹസ്റത്ബാല്‍ മോസ്ക്കില്‍ സന്ദര്‍ശകര്‍ ഏറെയെത്തുന്നു. പുരുഷന്മാര്ക്ക് പള്ളിയില്‍ പ്രവേശിക്കാം. സ്ത്രീകള്‍ക്ക് തലയില്‍ തുണിയിട്ട് പുറത്തുനിന്ന് ഉള്‍ഭാഗം കാണാം. ഒരു താഴികക്കുടം (മിനാര്‍) മാത്രമാണ് ഈ പള്ളിയില്‍ എന്നത് പ്രത്യേകതയായി പറയുന്നു.
കരകൗശല ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നിടത്തും ഉണങ്ങിയ പഴങ്ങള്‍ വില്ക്കുന്നിടത്തുമെല്ലം കുങ്കുമപ്പൂ (സാഫ്രോണ്‍) ഇട്ട കട്ടന്‍ചായ തന്നാണു സ്വീകരണം. പക്ഷേ, സാഫ്രോണ്‍ സീസണ് അല്ലായിരുന്നതിനാല്‍ അതിന്റെ ഭംഗി ആസ്വദിക്കാനായില്ല. എന്നാല്‍ കടുകുപാടങ്ങളില്‍ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ് മനോഹര കാഴ്ചയൊരുക്കുന്നു.
സ്വതന്ത്രപദവി നഷ്ടമായി;
കേന്ദ്രഭരണ പ്രദേശമായി
2020 ജൂലൈ 15 ന് അര്‍ധരാത്രി ശ്രീനഗറിലെ സിവില്‍ സെക്രട്ടേറിയറ്റില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ന്നു. ആറു ദശാബ്ദമായി ഉയര്‍ന്നുപറന്നിരുന്ന ജമ്മുകശ്മീരിന്റെ പതാക ഇനിയില്ല. അഥവാ ജമ്മു കശ്മീര്‍ ഇനി ഇന്ത്യയിലെ മറ്റെവിടത്തെയും പോലെ ത്രിവര്‍ണപതാകയ്ക്കു കീഴില്‍. ജമ്മു കശ്മീരിന് സ്വതന്ത്രസംസ്ഥാന പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370, 35 എ വകുപ്പുകള്‍ ഇന്ത്യന്‍ പാരലമെന്റ് റദ്ദാക്കി. ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്റ് പാസാക്കുകയായിരുന്നു.
ദിവാന് ബഹദൂര്‍ സര് നരസിംഹ ഗോപാല സ്വാമി അയ്യങ്കാര്‍ തയാറാക്കിയ, ജമ്മു കശ്മീരിന് പ്രാദേശിക സ്വാതന്ത്ര്യം അനുവദിക്കുന്ന 370-ാം വകുപ്പാണ് ഇല്ലാതായത്. ഇന്ത്യന്‍ ഭരണഘടനയുടെ രൂപകല്‍പ്പനയിലും ഭാഗഭാക്കായിരുന്ന ഗോപാല സ്വാമി അയ്യങ്കാര്‍ 1937-43 കാലത്ത് കശ്മീരില്‍ ‘പ്രധാനമന്ത്രി’ സ്ഥാനം വഹിച്ചിരുന്നു. സംസ്ഥാന പദവി മാറ്റി ജമ്മു കശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിന് പുതുശേരിയിലെപ്പോലെ ലെജിസ്ലേച്ചര്‍ ഉണ്ട്. ലഡാക്കില്‍ ആകട്ടെ ചണ്ഡീഗഡിലെപ്പോലെ ലെജിസ്ലേറ്റീവ് ഇല്ല.
”ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു. അവരാണ് കശ്മീര്‍ പ്രശ്നം വഷളാക്കിയത്. അരാജകത്വത്തിനും ഒറ്റപ്പെടലിനും കലാപത്തിനും ഇതു വഴിതുറന്നു. ഷെയ്ക്ക് അബ്ദ്ദുള്ളയെ പ്രീതിപ്പെടുത്തുവാന്‍വേണ്ടി ഇന്ത്യന്‍ നേതാക്കള്‍ വഴിവിട്ട് അദ്ദേഹത്തിന്റെ വിഘടന ആവശ്യങ്ങള്‍ അംഗീകരിച്ചു.” കശ്മീര്‍ എ ടെയ്ല് ഓഫ് ഷെയിം എന്ന പുസ്തകത്തില്‍ ഹരി ജയ്സിങ് എഴുതി. ചണ്ഡീഗഡ് ട്രിബ്യൂണ്‍ പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്ന ഹരി ജയ്സിങ് ഷെഫീല്‍ഡിലെ ‘ദ മോണിങ് ടെലിഗ്രാഫ്, ലണ്ടനിലെ ‘ദ ഗാര്ഡിയന്’ പത്രങ്ങളുടെയും ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പണ്ഡിറ്റ് നെഹ്റുവിന് ഷെയ്ക്ക് അബ്ദുള്ളയോട് മൃദുസമീപനമായിരുന്നെന്നു പറയുന്ന ഹരി ജയ്സിങ്, കശ്മീര്‍ ഇന്ത്യയോട് ചേര്‍ക്കാന്‍ മഹാരാജാ ഹരി സിങ് അഭ്യര്‍ഥിച്ചപ്പോള്‍ തീരുമാനമെടുക്കാനും നെഹ്റു ഹരി ജയ്സിങ് കുറ്റപ്പെടുത്തുന്നു. നെഹ്റുവിന്റെ കഴിവുകളെ അംഗീകരിച്ചുകൊണ്ടാണ് പുസ്തകം കശ്മീര്‍ പ്രശ്നത്തില്‍ വന്ന പാളിച്ചകള്‍ അടിവരയിട്ടു കാണിക്കുന്നത്. കശ്മീരിനു സ്വാതന്ത്ര്യം നല്‍കുന്നതിനെ നെഹ്റു എതിര്‍ത്തിരുന്നെന്ന് പുസ്തകം പറയുന്നു.
”മഹാരാജാ ഹരിസിങ് ഒരിക്കലും പാക്കിസ്ഥാനോട് ചേരില്ലായിരുന്നു. ഷെയ്ക്ക് അബ്ദുള്ളയ്ക്കാകട്ടെ മുഹമ്മദ് അലി ജിന്നയോടും ലിയാഖത് അലി ഖാനോടും നല്ല ബന്ധവുമല്ലായിരുന്നു.” ഇക്കാര്യങ്ങള്‍ നമ്മുടെ നേതാക്കള്‍ മനസ്സിലാക്കിയില്ലെന്ന് ഹരി ജയ്സിങ് കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ഷെയ്ക്കിനെയും കുടുംബത്തെയും തൃപ്തിപ്പെടുത്തി. ഷെയ്ക്ക് ആകട്ടെ ജമ്മുവിനും ലഡാക്കിനും വേണ്ടി ഒന്നും ചെയ്തില്ല. അതുപോലെ ബുദ്ധമതക്കാരെയും ഹിന്ദുക്കളെയും പരിഗണിച്ചില്ല. കശ്മീരി ഭാഷയ്ക്കു പകരം ഉറുദു ഔദ്യോഗിക ഭാഷയാക്കി. ഫലം നേതാക്കന്മാര് എല്ലാംതന്നെയും, സര്‍ക്കാര്‍ ജീവനക്കാരില്‍ 90 ശതമാനവും കശ്മീര്‍ താഴ്വരയില് നിന്നുള്ളവരായി. നേതാക്കള്‍ അവസരവാദികള്‍ ആയപ്പോള്‍ തീവ്രവാദികള്‍ ജനങ്ങളുടെ മനസ്സില്‍ കടന്നുകയറി.
ഹിന്ദുസംസ്കാരം
നിറഞ്ഞുനിന്നിരുന്ന നാട്
ഹിന്ദു സംസ്കാരത്തിന്റെ നഴ്സറികളില്‍ ഒന്നായിരുന്നു കശ്മീര്‍ ഒരു കാലത്ത്. വിതാസ്ത (ഇപ്പോള്‍ ഝലം) നദിക്കരയിലെ ശ്രീനഗറിനെക്കുറിച്ച് ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ട്. പാണ്ഡവര്‍ പ്രയാണകാലത്ത് ഈ താഴ്വര കടന്നിരുന്നതായും പറയുന്നു. 1586ല്‍ മുഗള്‍ ഭരണം വന്നു. ആര്യന് ഹിന്ദുക്കളുടെ കാലമാണ് കശ്മീരിന്റെ സുവര്‍ണകാലമെന്നു പറയപ്പെടുന്നു. അശോക ചക്രവര്‍ത്തിയാണ് കശ്മീരില്‍ ബുദ്ധമതം പ്രചരിപ്പിച്ചത്. അഞ്ചുകാലഘട്ടമായിട്ടാണ് കശ്മീര്‍ ചരിത്രം വേര്‍തിരിക്കപ്പെടുന്നത്. ഹിന്ദു, മുസ്ലിം, സിഖ്, ദോഗ്ര. പിന്നീട് 1947 മുതല്ക്കുള്ള കാലം. 27 വര്‍ഷം സിക്കുകാര്‍ കശ്മീര്‍ ഭരിച്ചിരുന്നു എന്ന് ഓര്‍ക്കണം.
ഭൂപ്രദേശത്തിന്റെ 26 ശതമാനം ജമ്മുവിലും 16 ശതമാനം കശ്മീരിലും 58 ശതമാനം ലഡാക്കിലുമാണ്. ജനസംഖ്യയില്‍ ഇത് യഥാക്രമം 45%, 53%, 2% ആണത്രേ. ഭാഷാപരമായി ജമ്മു കശ്മീരില്‍ മൂന്നു വ്യത്യസ്ത ജനവിഭാഗമുണ്ട്. കശ്മീരിലെ പണ്ഡിറ്റ് സമുദായം പഠനകാര്യങ്ങളിലും വികസനത്തിലും വളരെ മുന്നിലായിരുന്നു. ക്രിസ്താബ്ദം 631 ല്‍ കശ്മീരിലെത്തിയ ചൈനീസ് സഞ്ചാരി യുയാന്‍ ച്വാങ് ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
മുഗള്‍ രാജവംശത്തിന്റെ ആധിപത്യത്തിനു മുന്‍പ്, പതിനാലാം ശതകത്തിന്റെ തുടക്കത്തില്‍ ഇസ്ലാം ഭരണാധികാരികള്‍ കശ്മീര്‍ കയ്യടക്കി. ഇവരില്‍ സുല്‍ത്താന്‍ സിക്കന്തര്‍ (1389-1413) തീവ്ര ഇസ്ലാം നിയമങ്ങള്‍ അടിച്ചേല്പിച്ചു. വിഖ്യാതമായ ഹൈന്ദവ ഗ്രന്ഥങ്ങള്‍ ദാല്‍ തടാകത്തില്‍ എറിഞ്ഞുനശിപ്പിച്ചു.
പക്ഷേ, മുഗള്‍ രാജാക്കാന്മാര് ബാബറും ഹുമയൂണും അക്ബറും ഷാജഹാനുമൊക്കെ ഇതരമതസ്ഥരെയും അംഗീകരിച്ചാണ് കശ്മീര്‍ ഭരിച്ചത്. ഇന്ത്യാ-പാക്കിസ്ഥാന് വിഭജനത്തിനു മുന്‍പ് കശ്മീരില്‍ വര്ഗീയതയില്ലായിരുന്നുവെന്നാണ് ഹരി ജയ്സിങ് എഴുതിരിക്കുന്നത്. ഷെയ്ക്ക് അബ്ദുല്ല ഉള്‍പ്പെടെയുള്ള നേതാക്കള്‍ എല്ലാംതന്നെ കശ്മീര്‍ താഴ്വരയില് നിന്നുള്ളവരായിരുന്നു. ജമ്മുവും ലഡാക്കും അവഗണിക്കപ്പെട്ടു. ഈ സ്ഥിതിവിശേഷമാണു മാറുന്നത്.
ഇപ്പോള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ജമ്മുകശ്മീരില്‍ സ്ഥലം വാങ്ങാമെന്നായി. പ്രാദേശികമായി തോട്ടകൃഷിക്കും ഭക്ഷ്യ സംസ്കരണത്തിനും വലിയ കുതിപ്പിനു വഴിതുറന്നു. കരകൗശല ഉല്‍പ്പന്നങ്ങള്‍ നേരിട്ടു കയറ്റുമതിചെയ്യാനും സാധിക്കും.
സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു
ടൂറിസമാണ് തങ്ങളുടെ പ്രധാന വരുമാനമാര്‍ഗമെന്ന് കശ്മീരികള്‍ക്ക് അറിയാം. ഇപ്പോള്‍ സഞ്ചാരികള്‍ കശ്മീരിലേക്ക് ഒഴുകുകയാണ്. ഞങ്ങള്‍ കശ്മീരില്‍ ഉള്ളപ്പോള്‍ മറ്റു മൂന്നു മലയാളി സംഘങ്ങളെ കണ്ടു. തമിഴ്നാട്ടില്‍ നിന്നും മറ്റും എത്തിയവര്‍ വേറെ. കശ്മീരില്‍ രണ്ടു സീസണ് ആണു പ്രധാനം. ആപ്പിളും മറ്റു ഫലങ്ങളും നിറയുന്ന ഏപ്രില്‍-സെപ്റ്റംബര്‍ കാലവും ടുലിപ് പുഷ്പങ്ങള്‍ വിരിയുന്ന മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളും 2008 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ദിരാഗാന്ധി സ്മാരക ടുലിപ് പുന്തോട്ടം ഏഷ്യയില്‍ തന്നെ വലുതാണ്. ഹൃദ്യമായ ദൃശ്യവിരുന്നായിരുന്നു ടുലിപ് ഗാര്ഡന്.
ദാല്‍ തടാകത്തിലെ ഷിക്കാരാ റൈഡ് കശ്മീരിന്റെ പാരമ്പര്യം വിളിച്ചോതുന്നു. വള്ളങ്ങളില്‍ കുഷന് ഇട്ട ഇരിപ്പിടങ്ങള്‍ സ്ത്രീകള്‍ക്കായി വേര്‍തിരിക്കാന്‍ തുഴച്ചില്‍കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒഴുകുന്ന ചന്തകൂടിയാണ് ദാല്‍ തടാകത്തില്‍ ദൃശ്യമാകുന്നത്. തടാകക്കരയിലെ കടകള്‍ കൂടാതെ വള്ളങ്ങളിലും വില്‍പ്പന തകൃതി. പക്ഷേ, ഒരു കാലത്ത് കശ്മീരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഹൗസ്ബോട്ടുകള്‍ പലതും അറ്റകുറ്റപ്പണി നടക്കാതെ നശിച്ചു. ചുറ്റുപാടുകളും വൃത്തിഹീനമാണ്.
ശ്രീനഗറില്‍ ഏഷ്യന്‍ പാര്‍ക്ക് ഹോട്ടലില്‍ വച്ചാണ് മൊഹ്സിന്‍ ബെയ്ഗിനെ പരിചയപ്പെട്ടത്. ശാരീരിക വൈകല്യങ്ങളെ ഉള്‍ക്കരുത്തുകൊണ്ട് അതിജീവിച്ച്, എല്ലാവരോടും സൗഹൃദം കാട്ടിയും പുഞ്ചിരിച്ചും ജീവിക്കുന്ന വ്യക്തിത്വം. ടൂറിസം മേഖലയിലാണു പ്രവര്‍ത്തനം. വീല്‍ചെയറില്‍ നീങ്ങുവാനും മറ്റൊരാളുടെ സഹായം വേണം. വീല്‍ചെയര്‍ പിന്നില്‍ വയ്ക്കാന്‍ സൗകര്യമുള്ള കാറില്‍ കുന്നും മലയും കയറി എല്ലായിടത്തും എത്തുന്നു. മൊഹ്സീന് വലിയ സുഹൃദ് വലയമുണ്ട്. അത് സന്ദര്‍ശകരെ സഹായിക്കാന്‍ ഉപയോഗിക്കുന്നു. ഞങ്ങളുടെ യാത്ര സംഘടിപ്പിച്ച ബെന്നീസ് റോയല്‍ ടൂര്‍സിന്റെ ഏഷ്യന്‍ വിഭാഗം മേധാവി, ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ജോജു ജോര്‍ജിന്റെ സുഹൃത്താണ് മൊഹ്സീന്. ജോജുവാണു പരിചയപ്പെടുത്തിയത്. ടൂറിസം രംഗത്തെ കുതിപ്പ് മൊഹ്സീന്റെ മുഖത്ത് വായിക്കാം.
റോയല്‍ ബാട്ടൂ ഹോട്ടലില്‍ 2014ലെ വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെട്ടവരും രക്ഷിച്ചവരും അടങ്ങിയൊരു ഫോട്ടോ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതില്‍ മേല്‍പ്പറഞ്ഞ ജോജുവും ദൂരദര്ശന് മുന്‍ സ്പോര്‍ട്സ് പ്രൊഡ്യൂസര്‍ ജോണ്‍ സാമുവലും ഉണ്ട്.
ആപ്പിള്‍ മാത്രമല്ല, വാല്‍നട്ട്, പീച്ച്, പെയര്‍, ചെറി തുടങ്ങിയവയെല്ലാം കശ്മീരില്‍ സുലഭമാണ്. മരങ്ങളൊക്കെ പൂത്തുതുടങ്ങിയിട്ടേയുള്ളൂ. പക്ഷേ, നല്ല ആപ്പിള്‍ ജൂസ് വഴിയോരങ്ങളില്‍ ലഭിക്കും. ”കഴിഞ്ഞ സീസണിലേത് ഫ്രീസറില്‍ സൂക്ഷിച്ചതാണ് ഇപ്പോള്‍ ജൂസ് ആക്കുന്നത്” ആപ്പിള്‍ ജൂസ് വില്‍ക്കുന്ന പെണ്‍കുട്ടി പറഞ്ഞു.
ഉണങ്ങിയ പഴങ്ങള്‍ക്ക് കശ്മീര്‍ പേരുകേട്ടതാണ്. പക്ഷേ, പച്ചക്കറിയും മറ്റും പഞ്ചാബില്‍ നിന്നും ഹിമാചലില്‍ നിന്നും എത്തണം. ബഌബെറി, ബ്ലാക്ക്ബെറി, കിവി തുടങ്ങിയ പഴങ്ങള്‍ക്കൊപ്പം കൈതച്ചക്കയും ഉണങ്ങിയത് ലഭിക്കും. കിലോയ്ക്ക് 1000 മുതല്‍ 1200 രൂപവരെ വില. കൈതച്ചക്ക കേരളത്തില്‍ നിന്നാണ് എത്തുന്നത്. അതുകണ്ടപ്പോള്‍ അറിയാതെ ചോദിച്ചുപോയി. ”അല്ല കേരളത്തിന് ഇതെന്തുകൊണ്ട് സാധിക്കുന്നില്ല?” കൈതച്ചക്ക മാത്രമല്ല ഏത്തയ്ക്കയും ചക്കയും മാങ്ങയുമൊക്കെ നമുക്ക് ഉണക്കി വില്‍ക്കരുതോ? കാത്തിരിക്കുക. കശ്മീര്‍ താമസിയാതെ കയറ്റുമതിക്കും വഴിതേടും. വികസനം പൂര്ണമായാല് ശീതകാല ഒളിംപിക്സിനുപോലും സാധ്യതയുണ്ട്. കശ്മീരിന്റെ സമഗ്രവികസനമാണു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതു നാട്ടുകാര്‍ പൂര്‍ണമായി മനസ്സിലാക്കുമ്പോള്‍ തീവ്രവാദം പുറത്താകും. സംശയം വേണ്ട. കശ്മീരിന്റെ നല്ല നാളെക്കായ് കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: