ന്യൂദല്‍ഹി: ജനാധിപത്യ ഭാരതത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നതാണ് 28നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം. നാലു നിലകള്‍, 1224 ഇരിപ്പിടങ്ങള്‍, ഭാരതീയ കലകളുടെയും പാരമ്പര്യത്തിന്റെയും മഹിമ തെളിയിക്കുന്ന ദൃശ്യങ്ങളുടെ ആലേഖനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും വലിയ പാര്‍ലമെന്റ് മന്ദിരമാണിത്. വെറും 28 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. ചെലവ് 970 കോടി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെക്കണ്ട് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു.
മോദി സര്‍ക്കാര്‍ ഭരണത്തിലേറി ഒന്‍പതു വര്‍ഷം പൂര്‍ത്തിയാകുന്ന ആഘോഷങ്ങളുടെ ഭാഗമായി, വീര സവര്‍ക്കറുടെ 140-ാം ജന്മദിനത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 2020 ഡിസംബര്‍ 10നു പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചത്. നിര്‍മാണം 2021 ജനുവരിയില്‍ ആരംഭിച്ചിരുന്നു.
വിസ്തീര്‍ണം 65,000 ചതുരശ്ര മീറ്റര്‍. പഴയ കെട്ടിടത്തെക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുത്. എംപിമാര്‍ക്കും വിഐപികള്‍ക്കും വെവ്വേറെ പ്രവേശനമുള്ള മൂന്നു വാതിലുകള്‍. പരമാവധി 888 പേര്‍ക്കിരിക്കാവുന്ന ലോക്സഭാ ഹാള്‍. രാജ്യസഭാ ഹാളില്‍ പരമാവധി 384 പേര്‍ക്കിരിക്കാം. നിലവില്‍ 543 ലോക്സഭാംഗങ്ങളും 245 രാജ്യസഭാംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയില്‍ എംപിമാര്‍ കൂടിയാലും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് സംവിധാനം. സംയുക്ത സമ്മേളനങ്ങള്‍ക്കായി, ലോക്സഭാ ഹാളില്‍ 1272 സീറ്റുണ്ട്. ഏറ്റവും മുകളില്‍ കൂറ്റന്‍ അശോക സ്തംഭം. ലോക്സഭാ ചേംബറിന്റെ ഉള്‍വശത്ത് ദേശീയപക്ഷി മയിലാണ് പ്രമേയം. രാജ്യസഭാ ചേംബറിന്റെ ഉള്‍വശത്ത് ദേശീയ പുഷ്പം താമരയാണ് പ്രമേയം. സുരക്ഷയുടെ കാര്യത്തിലും ഭദ്രം. ലോഞ്ച്, ലൈബ്രറി, കമ്മിറ്റി ഹാള്‍, കാന്റീന്, പാര്‍ക്കിങ് തുടങ്ങിയവയെല്ലാം സജ്ജമാണ്. മന്ദിരത്തിനുള്ളിലായി മുറ്റത്ത് ദേശീയ വൃക്ഷമായ ആല്‍മരം.
ഭരണഘടനയുടെ സവിശേഷതകളും ഭാരതത്തിന്റെ പൈതൃകവും ചിത്രീകരിക്കുന്ന ഭരണഘടനാ ഹാളും ഗാലറിയും ഇതോടൊപ്പമൊരുക്കിയിട്ടുണ്ട്. ദിവ്യാംഗരുടെ സുഗമമായ സഞ്ചാരത്തിനുള്ള സൗകര്യങ്ങളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുണ്ടാകും.
കടലാസ്രഹിത പാര്‍ലമെന്റില്‍ അത്യാധുനിക ഡിജിറ്റല്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നു. ബ്രിട്ടീഷ് വാസ്തു ശില്‍പ്പികളായ എഡ്വിന് ല്യുട്ടന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും രൂപകല്‍പ്പന ചെയ്തതാണ് ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം. 1927ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അഹമ്മദാബാദ് ആസ്ഥാനമായ എച്ച്സിപി ഡിസൈന്‍ പുതിയ മന്ദിരം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ബിമല്‍ പട്ടേലാണ് കെട്ടിടത്തിന്റെ ആര്‍ക്കിടെക്ട്, ടാറ്റ പ്രൊജക്ട്സ് നിര്‍മാതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: