ന്യൂഡല്‍ഹി: ഇതുവരെയുള്ള ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ കണക്ക് പ്രകാരം രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്സും മൂന്നാമന്മാരായ ലഖ്നൗ സൂപ്പര്‍ ജയിന്റ്സും ഇന്ന് വെവ്വേറെ മത്സരങ്ങളില്‍ ഇറങ്ങും. പ്ലേഓഫ് ഉറപ്പിച്ച ഇരുവര്‍ക്കും ജയിച്ചാല്‍ പ്ലേഓഫിലെ കളികള്‍ നിര്‍ണയിക്കാന്‍ സാധിക്കും. ചെന്നൈയുടെ എതിരാളി ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്. ലഖ്നൗവിന്റേത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും.
ചെന്നൈയ്ക്കും ലഖ്നൗവിന് 15 പോയിന്റ് വീതമാണുള്ളത്. റണ്‍റേറ്റിന്റെ മേല്‍ക്കൈയോടെ ചെന്നൈ പട്ടികയില്‍ രണ്ടാമതായി നില്ക്കുന്നു. ജയിച്ചാല്‍ ഇരുവര്‍ക്കും 17 പോയിന്റ് വീതമാകും. അപ്പോഴും 18 പോയിന്റ് നേടി ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിന്റെ ഒന്നാം സ്ഥാനത്തിന് ഒന്നും സംഭവിക്കില്ല. റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഇരുടീമുകളുടെയും സ്ഥാനം മാറിമറിയുമോയെന്നത് ഇന്നത്തെ മത്സരഫലം നിര്‍ണയിക്കും.
രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതാണ് ചെന്നൈ-ഡല്‍ഹി പോരാട്ടം. പത്ത് പോയിന്റുമായി പട്ടികയില്‍ 9-ാം സ്ഥാനത്തുള്ള ഡല്‍ഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. ഇരുവരും ഈ സീസണില്‍ നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരം കഴിഞ്ഞിട്ട് അധികം ദിവസമായിട്ടില്ല. മെയ് പത്തിന് നടന്ന മത്സരത്തില്‍ ചെന്നൈ 27 റണ്‍സിന്റെ ജയം സ്വന്തമാക്കി. അത് ചെന്നൈയുടെ ഹോം ഗ്രൗണ്ടിലായിരുന്നു. ഇന്നത്തെ കളി ഡല്‍ഹിയുടെ തട്ടകത്തിലാണ്. പ്ലേഓഫ് സ്ഥിതിഗതികള്‍ ഭദ്രമാക്കാന്‍ എന്ത് വിലകൊടുത്തും തല ധോണിയും കൂട്ടരും ഇറങ്ങുമ്പോള്‍ മറുവശത്ത് കൂടുതല്‍ തോല്‍വി വഴങ്ങാതെ കരുത്തു കാട്ടുകയെന്നതാവും ഡല്‍ഹി ടീമിന്റെ ലക്ഷ്യം.
ചെന്നൈയുടെ സമാനമായ സ്ഥിതിഗതികളുമായാണ് ലഖ്നൗവും ഇന്നിറങ്ങുന്നത്. പക്ഷെ എതിരാളികള്‍ കൊല്‍ക്കത്തയാണ്. ജയിച്ചാല്‍ ഒരുപക്ഷേ അവസാന നിമിഷം ഭാഗ്യപരീക്ഷണങ്ങള്‍ക്കൊടുവില്‍ കൊല്‍ക്കത്തയ്ക്ക് പ്ലേഓഫ് യോഗ്യത നേടിയെടുക്കാന്‍ സാധിച്ചെന്നും വരും. അതിനാല്‍ അവര്‍ക്ക് എന്ത് വിലകൊടുത്തും ജയിച്ചേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: