തിരുവനന്തപുരം: നിര്‍മാണത്തൊഴിലാളികളുടെ പെന്ഷന് പ്രതിമാസം 5000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്. നിര്‍മാണത്തൊഴിലാളി ഫെഡറേഷന് (ബിഎംഎസ്) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ രാപകല്‍ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന് മദ്യവും ലോട്ടറിയും വിറ്റുകിട്ടുന്ന തുകയാണ് കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗം. 37 ശതമാനം വരുമാനവും ഈ വിധത്തിലാണ്. കേരളം ഭരിച്ചവര്‍ മറ്റ് വിഭവ സമാഹരണത്തില്‍ പരാജയപ്പെട്ടു. 1957ല്‍ ആകെ രാജ്യവരുമാനത്തിന്റെ വിഭവസമാഹരണത്തില്‍ അഞ്ചു ശതമാനമായിരുന്നു കേരളത്തിന്റെ പങ്ക്. ഇപ്പോള്‍ അത് നാലു ശതമാനമായി കുറഞ്ഞു.
നിത്യനിദാന ചെലവുകള്‍ക്കു പോലും കടം വാങ്ങേണ്ട അവസ്ഥയാണ്. സാമ്പത്തികമായി തകര്‍ന്ന സര്‍ക്കാര്‍ സാധാരണക്കാരായ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന് സംസ്ഥാന സെക്രട്ടറി സി.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലീം തെന്നാലിപുരം, സെക്രട്ടറിമാരായ വി.ബി. സത്യന്, എ.ആര്. രതീഷ്, ഡി.എസ്. ഉണ്ണി, ട്രഷറര്‍ കെ. ജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: