ആലപ്പുഴ: കയര്‍വ്യവസായമേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് കയര്‍ഫാക്ടറി തൊഴിലാളി ജീവനൊടുക്കി. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മുരിങ്ങവെളി എം.കെ. ശശിയെ(68) ആണ് വീടിനുള്ളില്‍ കൈഞരമ്പു മുറിച്ച് രക്തംവാര്‍ന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ്. ദീര്‍ഘനാളായി കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. മാസങ്ങളായി തൊഴിലില്ലാത്തതിന്റെ വിഷമത്തിലായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. ഭാര്യ: രാധ. മകന്‍: വിവേക്. മരുമകള്‍: നീതു.
ജില്ലയിലെ കയര്‍ മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. കയര്‍ മേഖലയില്‍ പണിയെടുത്തിരുന്ന കഞ്ഞിക്കുഴി പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ ശശിയും, പള്ളിപ്പുറം പഞ്ചായത്തില്‍ കുറ്റിയാഞ്ഞിലി വെളി ബാബുവും കടക്കെണിയില്‍പ്പെട്ട് ഏതാനും മാസം മുമ്പാണ് ജീവനൊടുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ കയര്‍മേഖല ഏതാനും വര്‍ഷങ്ങളായി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ചെറുകിട കയര്‍ഫാക്ടറികളിലും സൊസൈറ്റികളിലും ഏറെ നാളായി പണിയില്ല. കയര്‍പിരി മേഖലയും സ്തംഭിച്ചിരിക്കുകയാണ്.
കയര്‍ ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതും, കയര്‍കോര്‍പ്പറേഷന്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത ഉത്പന്നങ്ങളുടെ വില മാസങ്ങളായി നല്കാത്തതുമാണ് പ്രതിസന്ധി. ഇടനിലക്കാര്‍ വില കുറച്ച് വന്‍കിടക്കാര്‍ക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനാല്‍ ചെറുകിട കയര്‍ഫാക്ടറികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കയര്‍പിരി മേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പണിയെടുക്കുന്ന തൊഴില്‍ മേഖലയാണിത്. തമിഴ്‌നാട്ടില്‍ നിന്നടക്കം കയര്‍ വിലക്കുറവില്‍ വ്യാപകമായി എത്തുന്നതിനാല്‍ ഇവിടുത്തെ തൊഴിലാളികള്‍ക്ക് പണിയില്ലാത്ത അവസ്ഥയാണ്. കയര്‍ഫെഡ് ഏറ്റെടുത്ത കയറിന്റെ വില നല്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാധിനമുള്ള തൊഴില്‍ മേഖലയാണ് ഇടതുസര്‍ക്കാരിന്റെ നയവൈകല്യം കാരണം തകര്‍ന്നടിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: