ന്യൂദല്‍ഹി: മണിപ്പൂരിലെ കലാപത്തെക്കുറിച്ച് സംസ്ഥാനത്തിന് പുറത്ത് വര്‍ഗീയ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. രണ്ട് ഗോത്ര വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മലയോര മേഖലയില്‍ നിന്ന് മെയ്തിയ ഹിന്ദു ഗോത്ര സമൂഹത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കുക്കി തീവ്രവാദികള്‍ ഈ സംഘര്‍ഷത്തെ രൂക്ഷമാക്കുകയായിരുന്നു.
ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരെ മാത്രമാണ് അവിടെ അക്രമം നടന്നതെന്ന് മണിപ്പൂരിന് പുറത്ത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം വര്‍ഗീയ സംഘര്‍ഷമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ്തിയ സമുദായത്തിനും ക്ഷേത്രങ്ങള്‍ക്കും നേരെ കുക്കി തീവ്രവാദികള്‍ ക്രൂരമായ ആക്രമണങ്ങളാണ് നടത്തിയത്. മണിപ്പൂരിലെ മലനിരകളില്‍ നശിപ്പിച്ച പ്രൗഢമായ ക്ഷേത്രങ്ങളുടെ ജില്ല തിരിച്ചുള്ള പട്ടിക പുറത്തുവിട്ട പരാണ്ഡെ അക്രമത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ വിഎച്ച്പി ബദ്ധശ്രദ്ധരാണെന്ന് പ്രഖ്യാപിച്ചു. തകര്‍ക്കപ്പെട്ട ദേവാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അക്രമത്തില്‍ പള്ളികള്‍ മാത്രമല്ല പതിനൊന്ന് മഹാക്ഷേത്രങ്ങളും നിരവധി ചെറിയ കോവിലുകളും തകര്‍ന്നു. തെങ്കൂപാലിലെയും മോറിലെയും നാല് ക്ഷേത്രങ്ങളും തിപൈമുഖിലെ മൂന്ന് ക്ഷേത്രങ്ങളും ചിങ്കോയ് ചിങ്ങിലെ നാല് ക്ഷേത്രങ്ങളും അക്രമികള്‍ തകര്‍ത്തു. രണ്ട് ഗോത്ര സമുദായങ്ങള്‍ തമ്മിലുള്ള ദൗര്‍ഭാഗ്യകരമായ ഏറ്റുമുട്ടലില്‍ നിരവധി സ്വത്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
സമാധാനവും സംയമനവും നിലനിര്‍ത്താനും ദേശവിരുദ്ധരും സാമൂഹിക വിരുദ്ധരുമായവരെ ഒറ്റപ്പെടുത്താനും ജനങ്ങള്‍ സത്യമറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും മിലിന്ദ് പരാണ്ഡെ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: