ഇംഫാല്‍: കലാപമൊതുങ്ങിയതിനു പിന്നാലെ മണിപ്പൂരിലെ തീവ്രസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ദേശീയ സുരക്ഷയ്ക്ക് ഗുരുതരഭീഷണി ഉയര്‍ത്തി, സസ്പെന്ഷന് ഓഫ് ഓപ്പറേഷന്റെ കീഴിലുള്ള കുക്കി തീവ്രവാദികള്‍ സംസ്ഥാന, കേന്ദ്ര സുരക്ഷാ സേനകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തിയത് അന്വേഷണ ഏജന്‍സികള്‍ ഗുരുതരമായാണ് കാണുന്നത്. 40,000 അധിക സൈനികരെ കേന്ദ്ര സുരക്ഷാ സേന മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്.
മെയ്തിയ ഗോത്രസമൂഹത്തിന് നേരെ കുക്കി തീവ്രവാദികള്‍ നടത്തിയ വംശീയ ആക്രമണമാണ് അറുപത് പേരുടെ മരണത്തിനിടയാക്കിയ കലാപത്തിലേക്ക് മണിപ്പൂരിനെ നയിച്ചത്. അക്രമികളെ തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന് ദി കോര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി(സിഒസിഒഎംഐ) സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മെയ്തിയ, കുക്കി സമൂഹങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം തകര്‍ക്കുന്നതിന് പിന്നില്‍ ഈ തീവ്രവാദി സാന്നിധ്യമാണെന്നാണ് കൊക്കോമി ചൂണ്ടിക്കാട്ടുന്നത്.
കുക്കി തീവ്രവാദികള്‍ മൊയ്റങ്ഗ്പുരല്‍, ഗൊലതാബി, ടോര്‍ബങ്, മക്ലാങ്, ദോലൈതാബി എന്നിവിടങ്ങളില്‍ സുരക്ഷാസേനയെ ആക്രമിച്ചിരുന്നു. മാരകമായ ആയുധങ്ങളും അവരുടെ പക്കലുണ്ടായിരുന്നു.
മണിപ്പൂരിലെ മലയോര ജില്ലകളില്‍ മെയ്തിയ വിഭാഗം ന്യൂനപക്ഷമാണ്. ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, കാങ്പോക്പി ജില്ലകളില്‍ കുക്കി പ്രബലമാണ്, അക്രമം ഭയന്ന് മെയ്തിയകള്‍ ഒഴിഞ്ഞുപോയ ഗ്രാമങ്ങളും വീടുകളും ആയുധധാരികളായ കുക്കി തീവ്രവാദികള്‍ പിടിച്ചെടുത്തതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്കായി ഇറങ്ങിയ മൂന്ന് മെയ്തിയ യുവാക്കളെ 11 ന്, ബിഷ്ണുപൂരിലെ ടോര്‍ബങ് ബംഗ്ലാ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേമേഖലയില്‍ സുരക്ഷാസേനയ്ക്കെതിരെ വെടിവയ്പും നടന്നിരുന്നു.
അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പില്‍, മണിപ്പൂര്‍ പോലീസ് കമാന്‍ഡോ എച്ച് ജിതന്‍ സിങ് കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 10ന് പുഖാവോ തേരാപൂര്‍ ദോലൈതാബി അണക്കെട്ടിലെ മലനിരകളില്‍ പട്രോളിങ്ങിനിടെ തീവ്രവാദികള്‍ അസം റൈഫിള്‍സിനെയും ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: