ബെംഗളൂരു: തെരഞ്ഞെടുപ്പിന്റെ വിജയലഹരി ആഘോഷിക്കുന്ന കോണ്‍ഗ്രസിന് കര്‍ണ്ണാടകത്തില്‍ അടുത്ത ഗ്രൂപ്പ് യുദ്ധത്തിലേക്ക്. മുഖ്യമന്ത്രിയാര് എന്ന ചോദ്യമാണ് കോണ്‍ഗ്രസിന് തലവേദനയാകുന്നത്.
കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെയോ അതോ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോ, ആരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കും എന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് തലവേദന നല്‍കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഞായറാഴ്ച ചേരുകയാണ്. അതില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നറിയുന്നു. പക്ഷെ ഈ യോഗത്തില്‍ ഗ്രൂപ്പുപോരിന്റെ ആദ്യ പോര്‍വിളി പരസ്യമായി മുഴങ്ങുമെന്നറിയുന്നു.
ഈ പ്രശ്നം വോട്ടിംഗിനെ ബാധിക്കരുത് എന്ന് കരുതി തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ശിവകുമാറും സിദ്ധരാമയ്യയും അവരവരുടെ നിയോജകമണ്ഡലങ്ങളില്‍ നിന്നും വിജയിച്ചിട്ടുണ്ട്.
ഇതിനിടെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം എന്ന രീതിയില്‍ അദ്ദേഹത്തന്റെ അനുയായികള്‍ സമൂഹമാധ്യമങ്ങളിലൂടെ തരംഗം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. തന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണിതെന്നും അതിനാല്‍ തനിക്ക് ഒരവസരം കൂടി നല്‍കണമെന്നാണ് സിദ്ധരാമയ്യ ഉയര്‍ത്തുന്ന ആവശ്യം. മൂന്നാമതൊരാള്‍ കൂടി മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുനട്ടിരിക്കുന്നുണ്ട്. അത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ആണ്. ഹൈക്കമാന്റിന്റെയും എംഎല്‍എമാരുടെയും തീരുമാനമാണ് ആകെ മുഖ്യമന്ത്രിയാക്കണമെന്നത് എന്നും സിദ്ധരാമയ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: