മന്ത്രിക്കായാലും വകതിരിവ് വേണം. വകതിരിവില്ലാത്ത അഭിപ്രായങ്ങള്‍ക്ക് കിട്ടുന്ന പ്രഹരം വലുതാകും. ഡോ. വന്ദനദാസ് കൊല്ലപ്പെട്ടസംഭവം കേട്ട ഉടന്‍ മന്ത്രി വീണാ ജോര്‍ജിന്റെ അഭിപ്രായം അങ്ങിനെയായിരുന്നു. ‘ഡോക്ടര്‍ വന്ദനയ്ക്ക് പരിചയക്കുറവായിരുന്നു’ എന്ന് മന്ത്രിപറഞ്ഞത് കേട്ടവരെല്ലാം പ്രതികരിച്ചത് ‘ഛെ’ എന്നുതന്നെയായിരുന്നു. അതിനെ തുടര്‍ന്നുള്ള അഭിപ്രായങ്ങള്‍ ഒട്ടും മയമില്ലാത്തതായിരുന്നു. പിന്നീട് മന്ത്രി തിരുത്തി. ‘സീനിയര്‍ ഡോക്ടര്‍മാര്‍ നല്കിയ സന്ദേശത്തെ തുടര്‍ന്നാണ് അങ്ങിനെ പറഞ്ഞതെന്ന്.’ ഏത് സീനിയര്‍ ഡോക്ടറാണ് പുലര്‍ച്ചെ നാലരയ്ക്ക് ആശുപത്രിയിലുണ്ടായിരുന്നത്? അവിടെ നടന്ന സംഭവങ്ങള്‍ സംബന്ധിച്ച് മന്ത്രി പ്രാഥമികമായി മനസ്സിലാക്കിയതെന്നാണ്?
ആരോഗ്യമന്ത്രി പറഞ്ഞതിനെ പ്രതിപക്ഷനേതാവ് രൂക്ഷമായ ഭാഷയിലാണ് ചോദ്യം ചെയ്തത്. ഒരു ഹൗസ് സര്ജന് ഏത് പരിചയമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അതിലും രൂക്ഷമായാണ് പ്രതികരിച്ചത്. ‘തൈരിന്കുടമുടഞ്ഞാല് നായയ്ക്ക് സദ്യ’ എന്നപോലെയായി പ്രതികരണങ്ങളെല്ലാം. കണ്ണില്‍ ക്ലിസറിന്‍ ഉപയോഗിച്ചാണ് വന്ദനയുടെ വീട്ടിലെത്തി വീണ കണ്ണീര് പൊഴിച്ചതെന്ന് പറയുമ്പോള്‍ അതിനെപോലും തള്ളിക്കളയാന്‍ മന്ത്രിയുടെ കൈയില്‍ മരുന്നില്ലാത്ത ദയനീയാവസ്ഥ. വകതിരിവില്ലാതെ പറഞ്ഞതിന് കൊടുക്കേണ്ടിവന്ന വില.
പ്രതി സന്ദീപ് മദ്യലഹരിയിലാണെന്ന് പറയുന്നു. സന്ദീപ് മാത്രമാണോ ബോധമില്ലാത്ത അവസ്ഥയില്‍? ഒപ്പം വന്ന പോലീസുകാര്‍ക്ക് ആര്‍ക്കെങ്കിലും ബോധമുണ്ടായിരുന്നോ? ഇവിടെയാണ് വന്ദനയുടെ പിതാവിന്റെ ചോദ്യം പ്രസക്തമാകുന്നത്. ‘ഹോം ഗാര്ഡിനോടൊപ്പംവിട്ട് വന്ദനയെ കൊല്ലാന്‍ കൊടുത്തല്ലൊ’ എന്ന ചോദ്യം പ്രസക്തമല്ലെ. ഹോം ഗാഡിന് ആറേഴ് കുത്തേറ്റു. എന്നിട്ടും അയാള്‍ പറയുന്നത് കെട്ടില്ലെ. ‘എനിക്ക് 65 വയസ്സായി. എന്റെ കാര്യം വിട്. ആ മോള്….’ ആരുത്തരംനല്കും ആ ചോദ്യത്തിന്?
ശ്വാസകോശം വരെ നീണ്ട കുത്തേറ്റ ഡോ. വന്ദനയെ ഉടന്‍ പരിശോധിച്ച് മരുന്നുനല്‍കാന്‍ കൊട്ടാരക്കര ആശുപത്രിയില്‍ സംവിധാനമില്ലെ? എല്ലാ ആശുപത്രികളും ലോകനിലവാരത്തിലെത്തിയെന്ന് അടിക്കടി വീമ്പടിക്കുന്ന ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും അതിന് ഉത്തരമുണ്ടോ? 60 കിലോമീറ്റര്‍ അകലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് പ്രാഥമിക ചികിത്സപോലും ലഭ്യമാക്കിയതെന്ന് ഓര്‍ക്കുമ്പോള്‍ ഡോ. വന്ദനയെ കുത്തിയതിനേക്കാള്‍ ക്രൂരതയല്ലെ ഇതൊക്കെ എന്നാരും ചോദിച്ചുപോകും. ഡിവൈഎഫ്ഐ, സിപിഎം നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് കേള്‍ക്കുമ്പോഴാണ് ആശ്ചര്യം. മയക്കുമരുന്നിനെതിരെ പ്രചരണം സംഘടിപ്പിക്കാനാണ് ഡിവൈഎഫ്ഐയുടെ പരിപാടി. മയക്കുമരുന്ന് വില്പന നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ തീരുന്നതല്ലെ പ്രശ്നം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പിടികൂടിയ 100 കിലോ കഞ്ചാവ് കേസിലെ പ്രതികളെല്ലാം ഡിവൈഎഫ്ഐക്കാരല്ലെ. ഒരാള്‍ വഞ്ചിയൂരിലെ എസ്എഫ്ഐ സെക്രട്ടറി അഖിലായിരുന്നു. എറണാകുളത്തെയും ആലപ്പുഴയിലെയും കഥപറയേണ്ടതില്ലല്ലൊ.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുനില്ക്കാന് സാധിക്കുമോ? ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയന് അലംഭാവം കാട്ടിയ ഒരു പോലീസുകാരനോട് പോലും വിശദീകരണം ചോദിച്ചോ? പ്രതി സന്ദീപ് അധ്യാപകനല്ലെ. മദ്യപിച്ച് ബോധംകെട്ട് നടക്കുന്ന ഈ വ്യക്തിയെ സസ്പെന്റ് ചെയ്തത് തന്നെ ഒരു ദിവസം കഴിഞ്ഞാണ്. സിപിഎം ആധ്യാപകസംഘടനാ പ്രവര്‍ത്തകനാണയാള്‍. ഇനിയും അയാളെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ തന്നെയാണോ തീരുമാനം? എഫ്ഐആര്‍ തയ്യാറാക്കിയതിലെ അവ്യക്തതയും ആശയക്കുഴപ്പവും പോലീസ് മേധാവിയുടെ മൊഴിയുമെല്ലാം അതുതന്നെയല്ലെ സംശയം ജനിപ്പിക്കുന്നത്. ഇത്രയും സംഭവം അങ്ങ് യുപിയിലോ മറ്റോ ആയിരുന്നെങ്കില്‍ ഡിവൈഎഫ്ഐയുടെ നാവിന് നീളംകൂടുമായിരുന്നില്ലെ.
പോലിസിന്റെ ഏറ്റവും ദയനീയമായ പരാജയമാണ് വന്ദനയുടെ കൊലപാതകത്തില്‍ കണ്ടത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാള്‍ ആക്രമണം നടത്തിയപ്പോള്‍ പോലീസുകാര്‍ ഓടി രക്ഷപ്പെടുകയെന്ന് വിചിത്രകാഴ്ച! ഇതാണോ കേരളത്തിലെ ഭരണ സംവിധാനത്തിന്റെ സ്ഥിതി? കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വച്ച് 11 കുത്തേറ്റുപിടഞ്ഞ ഡോ. വന്ദനയ്ക്ക്, പ്രാഥമിക ചികിത്സ നല്‍കിയത് സ്വകാര്യ ആശുപത്രിയിലാണ്. അപ്പോള്‍ ചികിത്സ നല്‍കാനുള്ള യാതൊരു സൗകര്യവും കുത്തേറ്റു വീണ താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലേ?’ എന്നിട്ടും നമ്പര്‍ വണ്‍ കേരളം എന്ന് വീമ്പടിക്കും.
”ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍, ഇവിടുത്തെ ഭരണസംവിധാനം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ടാണ് പോലീസിന് ഇവിടെ ശക്തമായ ഇടപെടല്‍ നടത്താന്‍ സാധിക്കാതെ പോയത്? പോലീസുകാരുടെ കയ്യില്‍ എന്തു കൊടുത്തിട്ടാണ് പിണറായി വിജയന് വിടുന്നത്? പോലീസിന്റെ കൈയില്‍ തോക്കുണ്ടായിരുന്നില്ലേയെന്ന് ഹൈക്കോടതിയും ചോദിച്ചിരിക്കുന്നു. ഡോക്ടര്‍ സ്വന്തം ചോരയാണെങ്കില് ഇങ്ങിനെയാണോ പെരുമാറുന്നതെന്ന് സുരേഷ്ഗോപിയും ചോദിച്ചിരിക്കുന്നു. ക്രമസമാധാനപാലനത്തിന് പോകുന്ന പോലീസുകാര്‍ക്ക് എന്തുപരിശീലനമാണ് കൊടുക്കുന്നത്? ഗുണ്ടകളെയും ലഹരിക്ക് അടിമകളായ മനോരോഗികളെയും നിലയ്ക്കു നിര്‍ത്താന്‍ എന്തുസംവിധാനമാണ് അവര്‍ക്കുള്ളത്? കൊല്ലം ജില്ലയില്‍ തന്നെ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ അതിഭീകരമായ ആക്രമണം ഡിവൈഎഫ്ഐ ഗുണ്ടകള്‍ നടത്തി. പാലക്കാട് കൊങ്ങാട് എംഎല്‍എ ഡോക്ടര്‍മാരോട് തട്ടിക്കയറി. പനിയുമായി ഭര്ത്താവുമായെത്തിയ ശാന്തകുമാരി ഡോക്ടറോട് കയര്‍ത്തുകയറി. രോഗിയെ തൊട്ടുനോക്കി മരുന്നുകുറിച്ചതാണ് പ്രശ്നം. ഇങ്ങിനെയുള്ള സമീപനമാണ് കൊല്ലം സംഭവം ഉണ്ടാക്കുന്നതെന്നാണ് ശാന്തകുമാരി പറഞ്ഞത്.
‘ഇവിടുത്തെ ക്രമസമാധാനില തകര്‍ന്നു തരിപ്പണമായി. മയക്കുമരുന്നുമാഫിയ വിലസുകയാണ്. ഇവിടെ ഒരു നിയമവും പാലിക്കപ്പെടുന്നില്ല. ആര്‍ക്കും നിയമസംവിധാനത്തെ ഭയമില്ല. രണ്ടുദിവസം മുന്‍പ് താനൂരില്‍ കണ്ടത് അതാണ്. ലൈസന്‍സില്ലെന്നു മാത്രമല്ല, മീന്‍പിടിക്കുന്ന ബോട്ടിനെ ടൂറിസ്റ്റു ബോട്ടാക്കാന്‍ കേരളത്തിലല്ലാതെ എവിടെ സാധിക്കും. 20 പേരെ കയറ്റാവുന്ന ബോട്ടില്‍ 40 പേരെ കയറ്റി എന്നും സര്‍വീസ് നടത്തുന്നു. എല്ലാ നിയമങ്ങളും അവഗണിച്ച് മനുഷ്യക്കുരുതി നടത്താന്‍ ബോട്ടുടമയ്ക്ക് എങ്ങനെ സാധിച്ചു? സിപിഎം നേതാക്കളും ഈ ബോട്ടുടമയും തമ്മിലുള്ള ബന്ധമെന്താണ്? ആ ബോട്ടില്‍ മയക്കുമരുന്ന് വിതരണം നടക്കുന്നതായി പോലീസിന് വിവരം കിട്ടിയിട്ട് നാലുമാസമായി. എന്നിട്ട് എന്തുനടപടി സ്വീകരിച്ചു? മയക്കുമരുന്ന് ഉപയോഗം അന്വേഷിക്കാന്‍ ബോട്ടില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. മരിച്ചതില്‍ ഒരാള്‍ ആ പോലീസുകാരനാണ്.
താനൂര്‍ ദുരന്തത്തില്‍ റിയാസും അബ്ദുള്‍ റഹിമാനും ഉത്തരവാദികളാണ്. 22 പേരെ കൊലയ്ക്കു കൊടുത്തശേഷം മന്ത്രി അബ്ദുറഹ്മാന് അംഗീകാരം കൊടുത്തിരിക്കുന്നു. അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്കി. അതിലും വലിയ വകതിരിവില്ലാത്ത വര്‍ത്തമാനമാണ് മരുമോന് മന്ത്രി പറയുന്നത്. ഇടതു സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്രെ. ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നത് ബിജെപിക്കല്ല. റിയാസ് മന്ത്രിക്കാണ്. ഗള്‍ഫ് യാത്രമുടക്കിയതിന്റെ ചൂടും ചൂരും തീര്‍ക്കാന്‍ ഇങ്ങനെയുള്ള നട്ടാല്‍ മുളയ്ക്കാത്ത വിത്തുതന്നെ പാകണോ? നായയ്ക്ക് സദ്യ ഇരിക്കട്ടെ എന്നത് തന്നെയല്ലെ ഈ തൈരുകലം ഉടയ്ക്കുന്നതിന് പിന്നിലെന്നതാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: