ബെംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ 224 മണ്ഡലങ്ങളിലാണ് പോളിങ്. വൊട്ടെണ്ണല്‍ 13ന് നടക്കും. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളാണ് പ്രധാനമായും മത്സരിക്കുന്നത്. കടുത്ത പോരാട്ടത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് അഭിപ്രായ വോട്ടെടുപ്പുകളില്‍ പറയുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കർണാടക മന്ത്രിമാർ എന്നിവർ തെരഞ്ഞെടുപ്പിന്റെ ആദ്യ നിമിഷങ്ങളിൽ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി കഴിഞ്ഞു. ആകെ 5.31 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. മത്സര രംഗത്ത് 2613 സ്ഥാനാര്‍ഥികള്‍. ബിജെപി 224, കോണ്‍ഗ്രസ് 223, ജെഡിഎസ് 207. വനിതാ സ്ഥാനാര്‍ഥികള്‍ 185. പോളിങ് സ്റ്റേഷനുകള്‍ 58,545. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 72.13 ശതമാനവും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 68.81 ശതമാനവുമായിരുന്നു പോളിങ്.
കർണാടക ജനത ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു. 75 മുതൽ 80 ശതമാനത്തിലധികം ജനങ്ങൾ ബിജെപിയെ പിന്തുണക്കുമെന്നും തങ്ങൾ 130 മുതൽ 135 സീറ്റുകൾ വരെ നേടുമെന്നും യെദ്യൂരപ്പ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.
ബജ്റംഗ്ദൾ വിവാദം കോൺഗ്രസിന്റെ മണ്ടത്തരത്തിന്റെ ഉദാഹരണമാണെന്ന് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വിലക്കയറ്റത്തിൽ തങ്ങൾ കോൺഗ്രസിനൊപ്പമാണെന്നും ജനങ്ങൾക്ക് ഭാരമുണ്ടാക്കാൻ അനുവദിക്കില്ലെന്നും എന്നാൽ പ്രതിപക്ഷത്തിന് ഇതിനെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരു വിജയനഗറിലെ 52-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു നിർമ്മല സീതാരാമന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1.56 ലക്ഷം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 84,119 കര്‍ണാടക പോലീസുകരും ബാക്കി കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: