ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളടക്കം അര്‍ഹരായ എല്ലാവര്ക്കും ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാനാകും. പുതിയ സെലക്ഷന് നയം അനുസരിച്ച് നിശ്ചിത ടൂര്‍ണമെന്റുകളിലെ മെഡല്‍ ജേതാക്കള്‍ അല്ലെങ്കില്‍ പോലും ട്രയല്‍സില്‍ പങ്കെടുപ്പിക്കാമെന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അഡ്-ഹോക്ക് പാനലിലെ ധാരണ. ജൂണ്‍ മൂന്നാം വാരത്തില്‍ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം മാറ്റിവച്ച ഏഷ്യന്‍ ഗെയിംസ് സപ്തംബര്‍ 23 മുതല്‍ ചൈനീസ് നഗരമായ ഹാങ്ഷൗവിലാണ് നടക്കുന്നത്.
ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍, ദേശീയ റാങ്കിങ് ടൂര്‍ണമെന്റുകള്‍, ഫെഡറേഷന് കപ്പ്, അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ എന്നിവയില്‍ നിന്നുള്ള മെഡല്‍ ജേതാക്കളെ ട്രയല്‍സില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന ഒരു നയം ഡബ്ല്യുഎഫ്ഐ കഴിഞ്ഞ വര്‍ഷം രൂപപ്പെടുത്തിയിരുന്നു. മെഡല്‍ ജേതാവ് എന്ന മാനദണ്ഡം പാലിക്കാത്ത യോഗ്യനായ ഒരു താരമുണ്ടെന്ന് സംസ്ഥാന അസോസിയേഷന് തോന്നിയാല്‍ അവരെ മത്സരിപ്പിക്കാമെന്നാണ് ഇന്നലെ ചേര്‍ന്ന ഡബ്ല്യുഎഫ്ഐ യോഗത്തിന്റെ തീരുമാനം.
25 സംസ്ഥാന അസോസിയേഷനുകളാണ് ഡബ്ല്യുഎഫ്ഐയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഐഒഎ പാനല്‍ രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ യോഗമായിരുന്നു ഇത്.
ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ് സിങ്ങിനെതിരെ സമരം നടത്തുന്ന വിനേഷ് ഫോഗട്ടിനെയും ബജ്രംഗ് പുനിയയെയും ട്രയല്‍സില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയില്ല. സമരത്തില്‍ പങ്കെടുക്കുന്ന സാക്ഷി മാലിക്കിന് മത്സരിക്കാന്‍ കഴിയില്ല. അതേസമയം ലഖ്നൗ സായ് സെന്ററിലെ സംയുക്ത ദേശീയ ക്യാമ്പില്‍ ചേരുന്നതില്‍ നിരവധി വനിതാ ഗുസ്തിക്കാര്‍ പ്രതിഷേധത്തിലാണ്. പുരുഷ-വനിതാ ക്യാമ്പ് ഒരുമിച്ച് നടത്തുന്നതിനോട് പല രക്ഷിതാക്കളും യോജിക്കുന്നില്ല.
അണ്ടര്‍ 17, അണ്ടര്‍ 23 ഗുസ്തി താരങ്ങള്‍ക്കുള്ള ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 10 മുതല്‍ 18 വരെ ബിഷ്കെക്കില്‍ നടക്കും. ഇതിലേക്കുള്ള ഇന്ത്യന്‍ ടീമിനെ 17 മുതല്‍ 19 വരെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടത്തുന്ന ട്രയല്‍സില്‍ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: