ചെന്നൈ: നഗ്നത കാണാവുന്ന കണ്ണടകള്‍ വില്‍പ്പനയ്ക്ക് എന്ന പേരില്‍ വന്‍ തട്ടിപ്പ് നടത്തിയ, മലയാളികള്‍ ഉള്‍പ്പെട്ട നാലംഗ സംഘം അറസ്റ്റില്‍. പ്രതികളെ കോയമ്പേടുള്ള ലോഡ്ജില്‍ നിന്നും പോലീസ് പിടികൂടി. തൃശ്ശൂര്‍ സ്വദേശിയായ ഷുഹൈബ്, മലപ്പുറം സ്വദേശി ഇര്‍ഷാദ്, വൈക്കം സ്വദേശി ജിത്തു, ബെംഗളൂരു സ്വദേശി സൂര്യ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
നാലംഗ സംഘം തോക്ക് ചൂണ്ടി ആറു ലക്ഷം രൂപ കവര്‍ന്നുവെന്ന ചെന്നൈ സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് കോയമ്പേട് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളില്‍ നിന്ന് കൈത്തോക്ക്, വിലങ്ങുകള്‍, നാണയങ്ങള്‍, കണ്ണട ഉള്‍പ്പെടെ നിരവധി സാമഗ്രികള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. നഗ്നത കാണാവുന്ന എക്സ്റേ കണ്ണടകള്‍ വില്പനയ്ക്ക് ഉണ്ടെന്ന പേരില്‍ പ്രതികള്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കും. ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നല്കി ഓര്‍ഡര്‍ ചെയ്യാമെന്നാണ് പരസ്യം.
ഈ കണ്ണട വാങ്ങാന്‍ തയാറാകുന്നവരെ ഇവര്‍ താമസിക്കുന്ന ഹോട്ടലിലേക്കു വിളിച്ചുവരുത്തും. ശേഷം പരീക്ഷിക്കാനായി ഒരു കണ്ണട നല്‍കും. എന്നാല്‍ കണ്ണടയില്‍ കൂടി നോക്കുമ്പോള്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. ഇത് പറയുമ്പോള്‍ പിന്നീട് കണ്ണട തിരിച്ചു വാങ്ങി നന്നാക്കുന്നുവെന്ന വ്യാജേന നിലത്തിട്ടു പൊട്ടിച്ച് നശിപ്പിക്കും.
തുടര്‍ന്ന് കണ്ണടയുടെ വിലയായിട്ടുള്ള ഒരു കോടി രൂപ പ്രതികള്‍ ആവശ്യപ്പെടും. നല്കാന് വിസമ്മതിക്കുന്നതോടെ പോലീസിനെ വിളിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തും. രണ്ടു പേര് പോലീസ് വേഷം ധരിച്ച് തോക്കുമായി പുറത്തു നില്ക്കും. മാനഹാനി ഭയന്ന് ഇരകള്‍ പോലീസില്‍ പരാതിപ്പെടില്ലെന്ന ധൈര്യത്തിലാണ് പ്രതികള്‍ തുടര്‍ച്ചയായി തട്ടിപ്പുകള്‍ നടത്തി വന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: