മനോജ് പൊന്‍കുന്നം
പൊതുചടങ്ങുകളില്‍ ഈശ്വരപ്രാര്‍ത്ഥന ആര്‍എസ്എസ് തുടങ്ങിയതല്ല, ഇന്നത്തെ വിവാദങ്ങള്‍ കണ്ടാല്‍ അങ്ങനെ തോന്നും. ഏത് കാര്യവും പ്രാരംഭം കുറിക്കുന്നത് ഈശ്വരപ്രാര്ഥനയോടെ എന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. പ്രാചീന കാലം മുതല്‍ തുടര്‍ന്നുവരുന്നതുമാണ്. സമാനമായ ചില ആചാരങ്ങളും ചടങ്ങുകളും ലോകത്തിന്റെ എല്ലാ കോണുകളിലും നിലനില്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി പോലും അവരുടെ യോഗങ്ങള്‍ക്ക് മുന്‍പ് പതാക ഉയര്‍ത്തുകയും തുടര്‍ന്ന് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് എറിഞ്ഞു കൊണ്ട് തൊണ്ട പൊട്ടുമാറ് ഇന്‍ക്വിലാബ് വിളിക്കുകയും ചെയ്യുന്നതും ഒരു ആചാരമാണ്, അങ്ങിനെ ചെയ്താല്‍ ആരുടേയും വിശപ്പ് മാറില്ല, സമൂഹത്തിന്റെ പട്ടിണിയും തീരില്ല. പക്ഷെ അത് അവര്‍ക്ക് ഊര്‍ജം പകരുന്നു, ആത്മവിശ്വാസം നല്കുന്നു.
ഈശ്വര പ്രാര്‍ഥന വര്‍ഗീയമാണ് എന്ന ചിന്ത ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ ആര്‍ക്കും ഉണ്ടായിട്ടില്ല, ഒരു മതസമൂഹത്തില്‍ നിന്നും അതിനോട് എതിര്‍പ്പ് ഉയര്‍ന്നിട്ടില്ല, ഈശ്വരപ്രാര്‍ഥന നിഷിദ്ധമാണ് എന്ന് ഒരു സാമൂഹിക പ്രവര്‍ത്തകനും ഇതുവരെ ചിന്തിച്ചിട്ടില്ല, ഈശ്വര പ്രാര്‍ഥനയുടെ പേരില്‍ ഏതെങ്കിലും വിധത്തിലുള്ള സംഘര്‍ഷങ്ങള്‍ ഇതുവരെ എവിടെയും ഉണ്ടായതായി കേട്ടിട്ടില്ല. താല്‍പ്പര്യമില്ലാത്ത സംഘടനകളും പ്രസ്ഥാനങ്ങളും അത് ഒഴിവാക്കിയിട്ടുണ്ടാവാം. പക്ഷെ അത് ഒരു പൊതുചര്‍ച്ചക്ക് പാത്രമാക്കുവാന്‍ അവരും ശ്രമിച്ചിട്ടില്ല.
ഇപ്പോഴുള്ളതിലും കടുത്ത യാഥാസ്ഥിതിക കമ്യൂണിസ്റ്റ് നേതാക്കള്‍ കേരളത്തെ നയിച്ചപ്പോഴും ഈശ്വര പ്രാര്‍ഥനയില്‍ പ്രശ്നം കണ്ടിരുന്നില്ല. അവരൊക്കെ പങ്കെടുത്തിരുന്ന പൊതുയോഗങ്ങളില്‍ ഈശ്വര പ്രാര്‍ഥന നടക്കുകയും അപ്പോള്‍ ശാന്തരായി എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യുമായിരുന്നു. അവര്‍ ഒരിക്കലും അതിനോട് അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടില്ല.
എന്നാല്‍ അടുത്തകാലത്ത് ഈശ്വര പ്രാര്‍ത്ഥനയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 2016 ല്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ചൊല്ലിയ സംസ്കൃത ശ്ലോകത്തിനെതിരെ അസഹിഷ്ണുത പ്രകടിപ്പിച്ച് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പരസ്യമായി പ്രതികരിച്ചത് പൊതുസമൂഹത്തെ ആശ്ചര്യപ്പെടുത്തിയ സംഭവമായിരുന്നു. അതിനെ എതിര്‍ത്തും അനുകൂലിച്ചും ചൂടേറിയ ചര്‍ച്ചകളും ഉണ്ടായി.
വര്‍ഗീയമായി ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒരു വിഷയത്തിലേക്ക് വര്‍ഗീയതയുടെ വിത്തെറിയുകയായിരുന്നു അവര്‍ അന്ന് ചെയ്തത്. ആ വിത്തുകള്‍ മുളപൊട്ടി വേരുപിടിച്ചുവളര്‍ന്നു ഫലം നല്കി തുടങ്ങിയിരിക്കുന്നു. ഇന്ന് പൊതുപരിപാടികളില്‍ ഈശ്വര പ്രാര്‍ഥനയേ പാടില്ല എന്ന് പരസ്യമായി പറഞ്ഞിരിക്കുന്നത് മറ്റൊരു മന്ത്രിയാണ്. അത് പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണ് എന്ന് തോന്നുന്നില്ല, കാരണം അങ്ങനെയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടി വേദികളില്‍ നടന്നിട്ടുള്ളതായി കേട്ടുകേള്‍വിയില്ല. പാര്‍ട്ടി ചര്‍ച്ചകളിലൂടെ നയരൂപീകരണം നടത്തി തീരുമാനമെടുക്കാത്ത നയപരമായ ഒരു വിഷയത്തില്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുവാനുള്ള സ്വാതന്ത്ര്യം ഇന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നു എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ പോക്ക് എങ്ങോട്ടാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ്.
അത് ചില ഗൂഢലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടായിരുന്നു എന്നത് വ്യക്തമാണ്. പാര്‍ട്ടിയുടെ നിശബ്ദ പിന്തുണ അതിനുണ്ട്. അത് സാവധാനം വലിയ രാഷ്ട്രീയ സാമൂഹിക ചര്‍ച്ചകളിലേക്ക് എത്തുകയും ചെയ്യും. പൊതുവേദികളില്‍ ആ ചര്‍ച്ചകള്‍ വാക്കുകള്‍ കൊണ്ടുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണമായേക്കാം, നാളെ അത് അണികള്‍ ഏറ്റെടുക്കാം, പൊതുപരിപാടികളില്‍ ഈശ്വരപ്രാര്‍ത്ഥന വേണ്ട എന്ന ആവശ്യം ചില കോണുകളില്‍ നിന്നെങ്കിലും ഉയരാം. ആ ആവശ്യം അംഗീകരിക്കപ്പെടുകയോ അംഗീകരിക്കപ്പെടാതിരിക്കുകയോ ചെയ്യാം. അംഗീകരിക്കപ്പെടാതിരിക്കുമ്പോള്‍ അവിടെ വിവാദങ്ങള്‍ക്ക് തിരികൊളുത്താം. സംഘര്‍ഷങ്ങള്‍ ഉണ്ടാവാം,
നേതാക്കന്മാര്ക്ക് ഘോരാഘോരം പ്രസംഗിക്കാം, ഒടുവില്‍ തീരുമാനത്തിലെത്താം, എല്ലാ പ്രശ്നങ്ങളുടെയും കാരണം ഈശ്വര പ്രാര്‍ത്ഥനയാണ്, അതുകൊണ്ട് ഈശ്വര പ്രാര്‍ത്ഥന നിരോധിക്കുക.
ഈശ്വര പ്രാര്‍ത്ഥന ഇല്ലെങ്കില്‍ എന്താണ് പ്രശ്നം എന്ന ചോദ്യം ന്യായമാണ്, ഒരു പ്രശ്നവുമില്ല, പക്ഷെ നമ്മുടെ സംസ്കാരത്തില്‍ നിന്നും വലിയൊരു വ്യതിയാത്തിന് അത് തുടക്കം കുറിക്കും, സ്കൂളുകളില്‍ ഇന്ന് നിലനില്‍ക്കുന്ന ചടങ്ങുകളില്‍ വ്യത്യാസമുണ്ടാവും, അത് കുട്ടികളുടെ സാമൂഹിക സാംസ്കാരിക വളര്‍ച്ചയെ ബാധിക്കും. ഭാവിയില്‍ നമ്മള് തുടരുന്ന മറ്റ് ചില ആചാരങ്ങള്‍ക്ക് നേരെയും ഇതേ വാദങ്ങള്‍ ഉണ്ടാവും, അതിന്റെ പേരിലും വിവാദങ്ങളും തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവും, അവയും നിരോധിക്കപ്പെടും, അപ്പോഴും നമ്മള് ചോദിക്കും എന്താണ് പ്രശ്നം എന്ന്.
കമ്യുണിസ്റ്റ് പാര്‍ട്ടി പരിപാടികളില്‍ പോലും നിസ്കാരത്തിനു വേദി ഒരുക്കുകയും പൊതു ഇടങ്ങളും ഹൈവേകളും പോലുംകയ്യേറി ഈദ് നമസ്ക്കാരങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന ഇതുവരെ ഇല്ലാതിരുന്ന മറ്റൊരു കീഴ് വഴക്കം നമ്മുടെ ഇതേ നാട്ടില്‍ ആരംഭിച്ചിട്ടുണ്ട് എന്നകാര്യം പക്ഷെ ഈ വിവാദങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
തീര്‍ച്ചയായും ഒരു മതേതര രാജ്യമായ ഇന്ത്യയില്‍ ഒരു മതത്തിന്റെയും മതപരമായ ചടങ്ങുകള്‍ക്കും വിലക്കില്ല, ചില അവസരങ്ങളില്‍ പൊതു ഇടങ്ങളില്‍ പോലും സമൂഹത്തിന്റെ ബുദ്ധിമുട്ടുകള്‍ വകവെക്കാതെ അതിന് സൗകര്യം ഒരുക്കുകയും ചെയ്യുന്നുണ്ട്. മതനിയമങ്ങള്‍ പിന്തുടരുന്ന പല രാജ്യങ്ങളിലെയും മതസമൂഹം അനുഭവിക്കുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം പൊതുനിയമം പിന്തുടരുന്ന ഭാരതത്തിലെ അതേ സമൂഹം അനുഭവിക്കുന്നുണ്ട് എന്നത് നിഷേധിക്കുവാന്‍ കഴിയാത്ത വസ്തുതയാണ്.
കുഴപ്പമവിടെയല്ല, ഈ രാജ്യം നിലനിന്നുപോരുന്നതും ലോകത്തിന്റെ നെറുകയിലേക്ക് എത്തുന്നതും അതിന്റെ സംസ്കാരിക പൈതൃകം മുറുകെ പിടിക്കുന്നതുകൊണ്ടും വ്യവസ്ഥിതികള്‍ കൊണ്ടുമാണ്. ആ സംസ്കാരവും വ്യവസ്ഥിതിയും നിലനിന്നില്ലെങ്കില്‍ നാളെ നമ്മുടെ രാജ്യമില്ല. ആ സംസ്കാരിക പൈതൃകമാണ് വിവിധ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ജനങ്ങളെ ഒരു ചരടില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. അത് പിന്തുടരുന്ന കാലത്തോളം നമുക്ക് പിന്നോട്ട് നോക്കേണ്ട ആവശ്യമുണ്ടാവില്ല. പക്ഷെ ആ സംസ്ക്കാരവും വ്യവസ്ഥിതികളും തകരുമ്പോള്‍ ഭാരതം ഭാരതമല്ലാതാവും. അതിനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം ചില കോണുകളില്‍ നിന്നും ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.
അതുകൊണ്ട് രാജ്യത്തെ, അതിന്റെ പൈതൃകത്തെ സ്നേഹിക്കുന്ന നമ്മള് ഓരോരുത്തരും നമ്മുടെ മഹത്തായ സംസ്കാരങ്ങളും ആചാരങ്ങളും പിന്തുടരുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കുവാന്‍ തയാറാവില്ല എന്ന ഉറച്ച തീരുമാനത്തിലെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: