ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ കൃഷ്ണദാസ് കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ജന്മഭൂമിയോടു പങ്കുവച്ചു.
തെരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ വിജയം കൂടുതല്‍ തെളിയുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തിനോടൊപ്പം രാഷ്ട്രത്തിന്റെ സുരക്ഷ, ഐക്യം, അഖണ്ഡത തുടങ്ങിയവ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയൊടൊപ്പം കര്‍ണാടകയിലെ ജനങ്ങള്‍ അണിചേരും, കൃഷ്ണദാസ് പറഞ്ഞു.
2005 മുതല്‍ മലയാളികള്‍ക്കിടയില്‍ പ്രചരണത്തിന് എത്തുന്നുണ്ട്. അന്നൊന്നും കാണാത്ത പിന്തുണയാണ് ഇത്തവണ ബിജെപിക്ക് ലഭിക്കുന്നത്. സുരേഷ്ഗോപിയും കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത കണ്‍വന്‍ഷനുകളിലും കുടുംബസംഗമങ്ങളിലും റോഡുഷോകളിലും വലിയ മലയാളി പങ്കാളിത്തമുണ്ട്. ദോസറഹള്ളി, കൃഷ്ണരാജപുരം, ബൊമ്മനഹള്ളി, യശ്വന്തപുരം തുടങ്ങിയവിടങ്ങളിലൊക്കെയാണ് മലയാളികള്‍ കൂടുതലായി വന്നത്. പത്തിലധികം കുടുംബസംഗമങ്ങളിലും നിരവധി റോഡ്ഷോകളിലും വര്‍ക്കേഴ്സ് കണ്‍വന്‍ഷനുകളിലും ഗൃഹസമ്പര്‍ക്കങ്ങളിലും പങ്കെടുത്തു.
കര്‍ണാടകയിലെ മാറ്റം കേരളത്തിലും പ്രതിഫലിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു. ദേശീയ തലത്തിലെ രാഷ്ട്രീയ മാറ്റത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന പുതിയ രാഷ്ട്രീയം കേരളത്തില്‍ ഉരുത്തിരിയുന്നുണ്ട്. കര്‍ണാടകയിലെ ക്രിസ്ത്യന്‍ സമൂഹത്തിലും മറ്റും ബിജെപിക്ക് വലിയ തോതിലൂള്ള പിന്തുണയാണ് ലഭിക്കുന്നത്.
മുസ്ലീങ്ങള്‍ ഭിന്നിച്ച് വോട്ടു ചെയ്യുന്നതു കൊണ്ടാണ് കര്‍ണാടകത്തില്‍ ബിജെപി വിജയിക്കുന്നതെന്ന് ഇവിടെ വന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറയുന്നത് അപകടകരമായ വര്‍ഗീയ പ്രസ്താവനയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. മുസ്ലീങ്ങള്‍ ഭിന്നിച്ചതുകൊണ്ടാണ് ബിജെപി ജയിച്ചതെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ മുസ്ലീങ്ങള്‍ ഒന്നിക്കണമെന്നും എസ്ഡിപി
ഐയുടെ പൊതുചടങ്ങിലാണ് രാജ്മോഹന്‍ പറഞ്ഞത്. പിഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെയാണ് അതില്‍ ഉള്ളത്. നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ പ്രവര്‍ത്തകരുമായി സംവദിക്കുന്ന സമയത്താണ് രാജ്മോഹന്‍ ഇക്കാര്യം പറഞ്ഞത്. ഇതില്‍ നിന്നും വ്യക്തമാകുന്നത് ബജ്രംഗദളിന്റെ നിരോധനം പിഎഫ്ഐയുടെ അജണ്ടയാണെന്നാണ്. ദേശസ്നേഹികളും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമായി കര്‍ണാടകയിലെ തെരഞ്ഞെടുപ്പു മാറി. രാജ്മോഹന്‍ ഒരു പ്രതീകം മാത്രമാണ്. കോണ്‍ഗ്രസിന്റെ നിലപാടാണത്.
ദ് കേരള സ്റ്റോറി എന്ന സിനിമയെ ആരാണോ എതിര്‍ക്കുന്നത് അവര്‍ ലൗ ജിഹാദിനേയും മതഭീകരവാദത്തേയും അനുകൂലിക്കുകയാണ്. ഇക്കൂട്ടര്‍ പിഎഫ്ഐയുടേയും ഐഎസിന്റേയും ആളുകളോ വക്താക്കളോ ആണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കേരളത്തില്‍ നടക്കുന്ന മതഭീകരവാദത്തേയും തീവ്രവാദത്തേയുമാണ് എതിര്‍ക്കേണ്ടത്, കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: