തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലയില്‍ അന്തരീക്ഷച്ചുഴി രൂപപ്പെട്ടു. സംസ്ഥാനത്ത് മഴ തുടരും. നാളെ രാവിലെ ഇത് ന്യൂനമര്‍ദമായി മാറും. പിന്നീട് ഒമ്പതിന് തീവ്രമായി മാറും. ഇതിന് ശേഷം വീണ്ടും ശക്തി പ്രാപിച്ച് മോക്ക ചുഴലിക്കാറ്റായി മാറി ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തേക്ക് സഞ്ചരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വരുംദിവസങ്ങളിലും മഴ തുടരും. ഇടിമിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ പരക്കെ മഴയ്ക്കാണ് സാധ്യത. ചിലയിടങ്ങളില്‍ ശക്തമാകും. നാളെ എറണാകുളം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ചാറ്റല്‍/ഇടത്തരം മഴ ലഭിക്കുന്നുണ്ട്. ഉച്ചയോടെ ആരംഭിക്കുന്ന മഴ പലയിടങ്ങളിലും ഏറെ നേരം നീളും. വെള്ളിയാഴ്ച തൊടുപുഴ, പിറവം എന്നിവിടങ്ങളില്‍ നാല് സെ.മീ. വീതം മഴ കിട്ടി.
സംസ്ഥാനത്ത് 40 കിലോമീറ്റര്‍ വരേ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് ഇന്ന് രാത്രിയില്‍ 1.2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയ്ക്കാണ് സാധ്യത. അതിനാല്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറിത്താമസിക്കണം. ഉപകരണങ്ങള്‍ സുരക്ഷിതമാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍, കേരള-കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: