ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ഡയമണ്ട് ലീഗിലൂടെ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുടെ സീസണ് ഇന്ന് ആരംഭിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സൂറിച്ചില്‍ നടന്ന ഫൈനല്‍ വിജയിച്ച് ഡയമണ്ട് ലീഗ് ചാമ്പ്യനായ ആദ്യ ഇന്ത്യന്‍ അത്ലറ്റായി 25 കാരനായ ചോപ്ര മാറിയിരുന്നു. അതിനുമുമ്പ് ഒളിമ്പിക്സ് ചാമ്പ്യനായ നീരജ് ചോപ്ര ഓഗസ്റ്റില്‍ ലൊസാനില്‍ ഒരു ഡയമണ്ട് ലീഗ് ഇനത്തില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറുകയുണ്ടായി. ജൂണില്‍ സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് തന്റെ ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തി.
ഈ വര്‍ഷം, ചോപ്ര നിലവിലെ ലോക ജാവലിന്‍ ചാമ്പ്യന്‍ ഗ്രെനഡയില്‍ നിന്നുള്ള ആന്ഡേഴ്സണ് പീറ്റേഴ്സ്, ടോക്കിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെജ്, യൂറോപ്യന്‍ ചാമ്പ്യന്‍ ജര്‍മ്മനിയില്‍ നിന്നുള്ള ജൂലിയന്‍ വെബര്‍, മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുള്ള കെഷോര്‍ണ്‍ വാല്‍ക്കോട്ട് എന്നിവരെ നേരിടും.
കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ എല്‍ദോസ് പോള്‍ ഡയമണ്ട് ലീഗില്‍ അരങ്ങേറ്റം കുറിക്കുന്നതിനാല്‍ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പിലും ഇന്ത്യന്‍ പ്രാതിനിധ്യമുണ്ട്. ലോക അത്ലറ്റിക്സ് സംഘടിപ്പിക്കുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളുടെ വാര്‍ഷിക പരമ്പരയാണ് ഡയമണ്ട് ലീഗ്. ഡയമണ്ട് ലീഗ് പരമ്പരയിലെ ആദ്യ പാദമാണ് ദോഹയിലേത്. സെപ്തംബര്‍ 16, 17 തീയതികളില്‍ യുഎസിലെ യൂജിനില്‍ നടക്കുന്ന ദ്വിദിന ഡയമണ്ട് ലീഗ് ഫൈനലോടെയാണ് സമാപനമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: