പനാജി: വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഷാംഗായ് സഹകരണ സംഘടന(എസ്‌സിഒ) അംഗങ്ങള്‍ ഗോവയില്‍ എത്തി. ഇന്നും നാളെയുമായി ഗോവയിലാണ് യോഗം.
ഇന്ന് രാവിലെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഷാംഗായ് സഹകരണ സംഘടന സെക്രട്ടറി ജനറല്‍ ഷാങ് മിംഗുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ എസ്‌സിഒ പ്രസിഡന്‍സിക്കുള്ള അദ്ദേഹത്തിന്റെ പിന്തുണയ്‌ക്ക് ഡോ ജയശങ്കര്‍ നന്ദി അറിയിച്ചു.ഷാംഗായ് സഹകരണ സംഘടനയെ അഭിവൃദ്ധിപ്പെടുത്തുന്നതിനുളള അവസരമാണ് ഇന്ത്യയുടെ പ്രസിഡന്റ് പദവിയിലൂടെ കൈവരുന്നതെന്നും എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ട്ടപ്പുകള്‍, പരമ്പരാഗത വൈദ്യശാസ്ത്രം, യുവജന ശാക്തീകരണം, ബുദ്ധ പൈതൃകം, ശാസ്ത്ര സാങ്കേതിക വിദ്യകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ഡോ എസ് ജയശങ്കര്‍ റഷ്യന്‍, ചൈനീസ് വിദേശകാര്യമന്ത്രിമാരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയേക്കും. വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ത്യയ്‌ക്കും മറ്റ് അംഗരാജ്യങ്ങള്‍ക്കും സഹകരണവും തര്‍ക്ക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയൊരുക്കും.
ഷാംഗായ് സഹകരണ സംഘടന എട്ട് രാജ്യങ്ങളുടെ സംഘടനയാണ്. 2001 ജൂണ്‍ 15 ന് ഷാംഗായില്‍ സ്ഥാപിതമായി. ഇന്ത്യ, ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയാണ് അംഗരാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: