അഹമ്മദാബാദ്: അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് മാത്രം മതിയായിരുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ കൃത്യമായ ബൗളിങ്ങിലൂടെ പിടിച്ചുകെട്ടിയ ദല്‍ഹി ക്യാപ്പിറ്റല്‍സിന് ഒടുവില്‍ അഞ്ച് റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത് ദല്‍ഹി ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടൈറ്റന്‍സിനെ 20 ഓവറില്‍ 6 വിക്കറ്റിന് 125 റണ്‍സെടുക്കാനേ ഡല്‍ഹി ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ. ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധസെഞ്ചുറിയും രാഹുല്‍ തെവാട്ടിയയുടെ ഫിനിഷിംഗും ഏല്ക്കാതെ വന്നപ്പോള്‍ രണ്ട് വീതം വിക്കറ്റുമായി ഖലീല്‍ അഹമ്മദും ഇഷാന്ത് ശര്‍മ്മയും ഓരോരുത്തരെ പുറത്താക്കി ആന്റിച്ച് നോര്‍ക്യയും കുല്‍ദീപ് യാദവും ദല്‍ഹിക്ക് ആശ്വാസ ജയമൊരുക്കി. അവസാന ഓവറില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ഇഷാന്താണ് ഹീറോ.
മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കവും പാളി. ഖലീല്‍ അഹമ്മദിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ വൃദ്ധിമാന്‍ സാഹ (6 പന്തില്‍ 0) വിക്കറ്റിന് പിന്നില്‍ സാള്‍ട്ടിന്റെ കൈകളിലെത്തി. നാലാം ഓവറിലെ ആദ്യ ബോളില്‍ ശുഭ്മാന്‍ ഗില്ലിനെ (7 പന്തില്‍ 6) ആന്റിച്ച് നോര്‍ക്യ മടക്കി. ഇഷാന്ത് ശര്‍മ്മയുടെ അഞ്ചാം ഓവറിലെ ആറാം പന്തില്‍ വിജയ് ശങ്കറും (9 പന്തില്‍ 6), കുല്‍ദീപ് യാദവിന്റെ ഏഴാം ഓവറിലെ നാലാം ബോളില്‍ ഡേവിഡ് മില്ലറും (3 പന്തില്‍ 0) പുറത്തായതോടെ ടൈറ്റന്‍സ് 32-4. മൂന്നാമനായി ക്രീസിലെത്തിയ നായകന് ഹാര്‍ദിക് പാണ്ഡ്യയും ആറാമന്‍ അഭിനവ് മനോഹറും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല. 18-ാം ഓവറിലെ ആദ്യ പന്തില്‍ അഭിനവ് മനോഹറിനെ (33 പന്തില്‍ 26) പുറത്താക്കി ഖലീല്‍ ബ്രേക്ക് ത്രൂ നേടി. ഇതിനിടെ പാണ്ഡ്യ അര്‍ധസെഞ്ചുറി പിന്നിട്ടു. ഹാര്‍ദികിനൊപ്പം രാഹുല്‍ തെവാട്ടിയും ക്രീസില്‍ നില്‍ക്കേ ടൈറ്റന്‍സിന് 12 പന്തില്‍ 33 വേണമെന്നായി. 19-ാം ഓവറില്‍ നോര്‍ക്യയുടെ ആദ്യ മൂന്ന് പന്തുകള്‍ നന്നായെങ്കിലും തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പിന്നാലെ പറത്തി രാഹുല്‍ തെവാട്ടിയ ആവേശമാക്കി. ഇതോടെ ഇഷാന്ത് ശര്‍മ്മയുടെ 20-ാം ഓവറില്‍ 12 റണ്‍സ് മാത്രമായി വിജയലക്ഷ്യം. നാലാം പന്തില്‍ വെടിക്കെട്ട് വീരന് രാഹുല്‍ തെവാട്ടിയയെ (7 പന്തില്‍ 20) ഇഷാന്ത് ശര്‍മ്മ പുറത്താക്കിയതോടെ കളി ദല്‍ഹിയുടെ കൈകളിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: