ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരം കത്തി കൊച്ചി മഹാനഗരത്തിലെ ദശലക്ഷക്കണക്കിന് മനുഷ്യരും മറ്റു ജീവികളും നേരിട്ട മഹാദുരന്തം അറിഞ്ഞതാണല്ലോ ? കോടികളുടെ അഴിമതികളാണ് അതിനു പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിയമ സംവിധാനങ്ങള്‍ അന്വേഷണം നടത്തി അതിന്റെ സത്യം പുറത്തു കൊണ്ടു വരട്ടെ. എന്നാല്‍ ഒരു പൗരന്‍ എന്ന നിലയ്‌ക്ക് എനിയ്‌ക്ക് ചൂണ്ടിക്കാണിയ്‌ക്കാനുള്ളത് വേറൊരു പൊതു വിഷയമാണ്. കാലത്തിനനുസരിച്ച് ഇനിയും മാറാത്ത നമ്മുടെ ജനങ്ങളുടെ മനോഭാവത്തെ പറ്റിയാണ് അത്. രാജ്യത്ത് കൊണ്ടു വന്നുകൊണ്ടിരിയ്‌ക്കുന്ന മാറ്റങ്ങള്‍ എന്താണെന്ന് ദിവസേനയെന്നോണം അനുഭവിച്ചു കൊണ്ടിരിയ്‌ക്കുന്നവരാണ് നമ്മള്‍. പത്തു വര്‍ഷം മുമ്പ് ഭാവനയില്‍ പോലും കാണാന്‍ ധൈര്യപ്പെടാതിരുന്ന പലതും ഇന്ന് നമ്മുടെ ചുറ്റിലും കാണുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. വിമാനത്താവളങ്ങള്‍, മെട്രോ സ്‌റ്റേഷനുകള്‍, റയില്‍വേ സംവിധാനങ്ങള്‍, എക്‌സ്പ്രസ് വേകള്‍ തുടങ്ങിയവയുടെ നിലവാരത്തില്‍ വന്നിരിയ്‌ക്കുന്ന ഗുണപരമായ മാറ്റം അമ്പരപ്പിയ്‌ക്ക്ന്നതാണ്. എന്നാല്‍ ഇവയൊക്കെ അനുഭവിയ്‌ക്കാന്‍ തക്ക പക്വതയും അര്‍ഹതയും ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ആര്‍ജ്ജിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ശതകോടികള്‍ ചെലവഴിച്ച് ഉണ്ടാക്കിയെടുത്തു കൊണ്ടിരിയ്‌ക്കുന്ന ഇത്തരം സംവിധാനങ്ങളെ വളരെ അലംഭാവത്തോടും നിന്ദ്യമായിട്ടുമാണ് പലരും ഉപയോഗിയ്‌ക്കുന്നത് എന്ന് പറയാതെ വയ്യ. ട്രെയിനിലെ ടോയിലെറ്റുകളും മറ്റു സംവിധാനങ്ങളും ഉപയോഗിയ്‌ക്കുമ്പോഴും മറ്റും എത്ര നിരുത്തരവാദ പരമായിട്ടാണ് ഒരു കൂട്ടര്‍ അവയെ കൈകാര്യം ചെയ്യുന്നത് !
പൊതുമുതല്‍ ബഹുമാനത്തോടെ കൈകാര്യം ചെയ്യണം എന്ന രീതിയില്‍ ജനങ്ങളുടെ സമീപനം മാറാതെ എത്ര മികച്ച സൗകര്യങ്ങള്‍ കെട്ടിപ്പടുത്താലും അധികകാലം അവ ജനങ്ങള്‍ക്ക് ഉപയുക്തമായി നിലനില്‍ക്കില്ല. അതിന് ചെയ്യാവുന്ന ഒരു പരിഹാരം, ട്രെയിന്‍ പോലുള്ള സംവിധാനങ്ങളില്‍ കെയര്‍ ടേക്കര്‍ ചുമതലയുള്ള ഉദ്യോഗസ്ഥരെ നിയമിയ്‌ക്കുക എന്നതാണ്. ടിക്കറ്റില്ലാ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്നതു പോലെ, പൊതു സംവിധാനങ്ങള്‍ നശിപ്പിയ്‌ക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ ആ ഉദ്യോഗസ്ഥന് അധികാരം നല്‍കണം. ടി ടി ഇ യ്‌ക്ക് പോലും ആ അധിക ചുമതല നല്കാം. സ്‌റ്റേഷനുകളില്‍ എന്നപോലെ കമ്പാര്‍ട്ട്‌മെന്ടുകളിലോ, ട്രാക്കുകളിലോ ചപ്പു ചവറുകള്‍ വലിച്ചെറിയുന്നവര്‍ക്ക് സ്‌പോട്ടില്‍ പിഴ ചുമത്താം. ജനങ്ങള്‍ അത് സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയേ ഉള്ളൂ. ഉയര്‍ന്ന ക്ലാസില്‍ തുടങ്ങി ക്രമേണ എല്ലായിടത്തും ഇത് കര്‍ക്കശമായി നടപ്പാക്കണം. അല്പ സമയത്തേയ്‌ക്ക് താന്‍ കയറുന്ന കമ്പാര്‍ട്ട്‌മെന്റില്‍ അല്ലെങ്കില്‍ ടോയിലെറ്റില്‍ തന്റെ യാത്രയ്‌ക്ക് ശേഷം പിന്നാലേ വരുന്ന യാത്രക്കാര്‍ക്കും സ്വച്ഛത അനുഭവിയ്‌ക്കാന്‍ അര്‍ഹതയുണ്ട് എന്ന് ഓരോ യാത്രക്കാരനും തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തിന് കിട്ടിയ വന്ദേഭാരത് ട്രെയിനിനു നേരെ ആദ്യദിവസം തന്നെ ഉത്തരവാദപ്പെട്ടയാള്‍ എന്ന് കരുതേണ്ട ഒരു ജനപ്രതിനിധിയുടെ അനുയായികള്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ നമ്മള്‍ കണ്ടു. വന്ദേ ഭാരത് ട്രെയിനിലെ തന്നെ ആണെന്ന് പറഞ്ഞു കൊണ്ട് തൂത്തു കൂട്ടിയ ചവറിന്റെ ഒരു ഫോട്ടോയും തൊട്ടടുത്ത ദിവസം സോഷ്യല്‍ മീഡിയയില്‍ കാണുകയുണ്ടായി. വേസ്റ്റ് ബിന്നില്‍ ഇടാതെ പ്രബുദ്ധ യാത്രക്കാര്‍ സീറ്റുകള്‍ക്കടിയിലോ നിലത്തോ ഇട്ടിരുന്ന ചവറുകളായിരുന്നു അത്. ഇങ്ങനെ പൊതുമുതല്‍ നശിപ്പിയ്‌ക്കുന്ന ആരെങ്കിലും സ്വന്തം വീട്ടിലോ വാഹനത്തിലോ ഇങ്ങനെ ചെയ്യുമൊ ? കഴിഞ്ഞ ദിവസം കേരളത്തിലേക്ക് എത്തിയ ഒരു ദീര്‍ഘദൂര ട്രെയിനിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ ഞാന്‍ കണ്ട കാഴ്ചയാണ് വീഡിയോയില്‍. ഇത് ജുഗുപ്‌സാവഹം എന്നു തന്നെ പറയേണ്ടിയിരിയ്‌ക്കുന്നു. പൊതുയാത്രാ സംവിധാനങ്ങളില്‍ ഇങ്ങനെ പെരുമാറുന്ന നമ്മള്‍ ലോകത്തിന് മുന്നില്‍ വളരെ മോശപ്പെട്ട ഒരു പ്രതിച്ഛായയാണ് സൃഷ്ടിച്ചു കൊണ്ടിരിയ്‌ക്കുന്നത്. നമ്മുടെ വിനോദ സഞ്ചാര സാധ്യതകളേയും പുരോഗതിയേയും ഇത് പ്രതികൂലമായി ബാധിയ്‌ക്കും എന്നതുറപ്പ്. ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെടാനും വേണ്ട പരിഹാരങ്ങള്‍ ഉണ്ടാകാനും ആഗ്രഹിയ്‌ക്കുന്നു. ഒപ്പം ഇതു ചെയ്യുന്ന ജനങ്ങളും സ്വയം മനസ്സിലാക്കി ഇത്തരം പ്രവൃത്തികളില്‍ നിന്ന് പിന്തിരിയുമെന്ന് പ്രതീക്ഷിയ്‌ക്കുന്നു.
വേസ്റ്റ് പരമാവധി കുറയ്‌ക്കുക, ഉണ്ടാകുന്ന വേസ്റ്റ് എങ്ങും വലിച്ചെറിയാതെ അവയ്‌ക്കായി വച്ചിരിയ്‌ക്കുന്ന ഇടങ്ങളില്‍ നിക്ഷേപിയ്‌ക്കുക, മാലിന്യ സംഭരണികള്‍, ടോയിലെറ്റുകള്‍, കുടിവെള്ള സംവിധാനങ്ങള്‍, ചാര്‍ജ്ജിംഗ് പോയിന്റുകള്‍ തുടങ്ങിയ നമ്മുടെ എണ്ണമറ്റ പൊതു സംവിധാനങ്ങള്‍ കേടു വരുത്താതെ ശ്രദ്ധയോടെ ഉപയോഗിയ്‌ക്കുക, അവകാശങ്ങളോടൊപ്പം കടമകളെപ്പറ്റിയും ബോധവാന്മാരാകുക തുടങ്ങി ജനങ്ങളുടെ പൗരധര്‍മ്മവും അവബോധവും വര്‍ദ്ധിപ്പിയ്‌ക്കാന്‍ വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യും എന്ന് പ്രതീക്ഷിയ്‌ക്കുന്നു.
രാമാനുജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: