തൃശൂർ: പ്രൗഢി വിളിച്ചോതുന്ന പാറമേക്കാവ് ഭഗവതിയുടെ തിടമ്പ്, വര്‍ണ്ണാഭമായ നെറ്റിപ്പട്ടം, മനോഹരമായ വെഞ്ചാമരങ്ങള്‍, പല നിറമാര്‍ന്ന കുടകള്‍ എന്നിങ്ങനെ മാറ്റുകൂട്ടുന്ന നിരവധി കാഴ്ചകളാണ് പാറമേക്കാവ് അഗ്രശാലയില്‍ സജ്ജമാക്കിയ പൂരച്ചമയ പ്രദര്‍ശനത്തിലുള്ളത്.
45 ഓളം കുടകളും എട്ട് സ്‌പെഷ്യല്‍ കുടകളുമാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. കൂടാതെ ആനകളെ ധരിപ്പിക്കുന്ന മണികള്‍, രാമച്ചം കൊണ്ടുള്ള ഗണപതി വിഗ്രഹങ്ങള്‍, വടക്കുംനാഥ ക്ഷേത്രത്തിന്റെ പൂരക്കാഴ്ച തുടങ്ങി നിരവധി കൗതുകങ്ങള്‍ പൂരച്ചമയ പ്രദര്‍ശനത്തിലുണ്ട്.
ഇതുവരെ ആരും ചെയ്യാത്ത രാമച്ചം കൊണ്ടുള്ള ഗണപതിയുടെ സ്‌പെഷ്യല്‍ കുട, സുബ്രമണ്യ സ്വാമി, കാളി ദേവി എന്നിവരുടെ കുടകള്‍, തുടങ്ങി കുടമാറ്റത്തിന് കാഴ്ചക്കാരെ അത്ഭുതപ്പെടുത്താനും അതിശയിപ്പിക്കാനും സര്‍പ്രൈസ് ആയി സ്‌പെഷ്യല്‍ ഐറ്റം കുടകളാണ് പാറമേക്കാവ് വിഭാഗം കുടമാറ്റത്തിന് നിവര്‍ത്തുന്നത്. ഭക്തര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന കുടകളും കുടമാറ്റത്തിന് ഉപയോഗിക്കും.
പൂരത്തിന്റെ വര്‍ണക്കാഴ്ചയായ കുടമാറ്റത്തിന് സ്‌പെഷ്യല്‍ കുടകള്‍ അണിയറയില്‍ ഒരുക്കി തിരുവമ്പാടി ദേവസ്വം. തിരുവമ്പാടി ദേവസ്വത്തിന്റെ ആനച്ചമയ പ്രദര്‍ശനം നടക്കുമ്പോഴും രഹസ്യ അറയില്‍ തയ്യാറാകുന്ന കുടയുടെ കൗതുകങ്ങളിലാണ് കാഴ്ചക്കാരന്റെ പ്രതീക്ഷ. നിലവില്‍ 53 മുത്തു കുടകളാണ് തിരുവമ്പാടി വിഭാഗത്തിന്റേതായിട്ട് കൗസ്തുഭം ഓഡിറ്റോറിയം ആനചമയ പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ പത്തിലേറെ കുടകള്‍ രഹസ്യ കേന്ദ്രങ്ങളില്‍ ഇനിയും ഒരുങ്ങുന്നുണ്ട്. തൃശ്ശൂര്‍ പൂരത്തിന് ഏറ്റവും മാറ്റുകൂട്ടുന്ന കുടമാറ്റത്തിനുള്ള കുടകളില്‍ പലതും ഇപ്പോഴും മിനുക്കു പണികളില്‍ അവസാന ഘട്ടത്തിലാണ് എന്നതാണ് ശ്രദ്ദേയം.
അവധി ദിനത്തില്‍ എത്തുന്ന പൂരത്തിന് കാണികള്‍ ഏറെ ഉണ്ടാകുമെന്നതിനാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ മാറ്റുകൂട്ടാനുള്ള മിനുക്കുപണികള്‍ ഓരോ കുടയിലും ഒരുക്കിയിട്ടുണ്ടെന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. ചമയ പ്രദര്‍ശനം 29ന് രാത്രി പന്ത്രണ്ട് മണി വരെ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: