കായംകുളം: സോളര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂരിലാണ് സംഭവം. ഇദ്ദേഹത്തിന്റെ കാര്‍ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടത്.ഹരിപ്പാട് സ്വദേശിയാണ് ഹരികൃഷ്ണന്. ഇദ്ദേഹം പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് സോളര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. ഹരികൃഷ്ണന് അടുത്തിടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഹരികൃഷ്ണനെതിരെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്.
സോളര്‍ കേസില്‍ സരിതയെ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തലശേരിയില്‍ നിന്ന് എസ്ഐ ബിജു ലൂക്കോസിന്റെ നേതൃത്വത്തില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ പുറപ്പെട്ട പൊലീസ് സംഘത്തെ മറികടന്നു ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ടു സരിതയെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ആരോപണം. സരിതയുടെ അറസ്റ്റിനെ തുടര്‍ന്നു വിവാദത്തിലകപ്പെട്ട ഹരികൃഷ്ണനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനു വിജിലന്‍സ് കേസെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ പെരുമ്പാവൂരിലെ ഫ്ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തുകയും ചെയ്തു. വസ്തു ഇടപാടുകളുമായും വരവു ചെലവുമായും ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ അന്ന് പിടിച്ചെടുത്തിരുന്നു. പിന്നീട് ഹരികൃഷ്ണന് സസ്പെന്‍ഷനും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: