ഡോ.കെ.എസ്. രാധാകൃഷ്ണന്
ജരത്കാരുവിന് പിതാമഹന്മാര് നല്കിയ ഒരു ഉപദേശം മഹാഭാരതത്തില്‍ ആസ്തീക പര്വ്വത്തിലുണ്ട്. മക്കള്‍ ഉണ്ടാകാന്‍ വേണ്ടി നീ വിവാഹം കഴിക്കുക. ജരത്കാരു മഹാമുനിയായിരുന്നു, അത്യുഗ്രപ്രതാപി. തീര്‍ഥ സഞ്ചാരം നടത്തി വായുഭക്ഷണം കഴിച്ച് ജീവിച്ചു. അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഒരുകുഴിയില്‍ തലകീഴായി ചില പിതൃക്കള്‍ കഷ്ടപ്പെടുന്നത് കണ്ടത്. ജരത്കാരു ചോദിച്ചു നിങ്ങള്‍ ആരാണ്. എന്താണ് ഇങ്ങനെ കഴിയാന്‍ കാരണം? അവര്‍ പറഞ്ഞു. ഞങ്ങള്‍ ദൃഡവ്രതന്മാരായ താപസന്മാരാണ്. സന്താന നാശത്താല്‍ അധഃപതനം വന്നു. ജരത്കാരു എന്ന ഒരു സന്താനമേ ഞങ്ങള്‍ക്കുള്ളൂ. അവനാകട്ടെ വിവാഹം കഴിക്കുന്നില്ല. അവന്റെ സന്താനങ്ങള്‍ ഉണ്ടായാല്‍ മാത്രമെ ഞങ്ങള്‍ക്ക് പരമപുരുഷാര്‍ത്ഥമായ മോക്ഷം ലഭിക്കൂ. ഇതു കേട്ടപ്പോള്‍ താനാണ് ജരത്കാരു എന്നു പറഞ്ഞ് വിവാഹിതനാകാന്‍ തിരുമാനിച്ച ജരത്കാരുവിന്റെ കഥ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം നമ്മുടെ സുപ്രീകോടതി സ്വവര്‍ഗ വിവാഹത്തെക്കുറിച്ച് സുദീര്‍ഘമായ ചര്‍ച്ച നടത്തികൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ്.
വിവാഹത്തിന്റെ ലക്ഷ്യം സന്താന ഉത്പാദനത്തിലൂടെ വംശപരമ്പരയെ നിലനിര്‍ത്തുക എന്നതാണ്. ഇത് മനുഷ്യന്റെ മാത്രം പ്രത്യേകതയല്ല. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും ജനിച്ച് സന്താനങ്ങളെ ഉത്പാദിപ്പിച്ച് ആ പരമ്പരയെ നിലനിര്‍ത്തുന്ന പ്രക്രിയയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അത് ആണും പെണ്ണുമായിചേര്ന്ന് നിന്നുകൊണ്ടാണ് ഈ പ്രജനന പ്രക്രിയ പ്രപഞ്ചത്തില്‍ നിര്‍വഹിക്കപ്പെടുന്നത്. ഇതാണ് പ്രപഞ്ചത്തിന്റെ സ്വാഭാവിക നീതിയും രീതിയും.
ഈ സ്വാഭാവിക നീതിയും രീതിയും നിരാകരിക്കുന്ന സമീപനമാണ് സ്വവര്‍ഗ വിവാഹത്തിന്റെ അടിത്തറ. അതിന്റെ പ്രധാന ലക്ഷ്യം ലൈംഗീകതയിലൂടെ കഴിയാവുന്നത്ര സുഖം നുകരുക എന്നതാണ്. ‘എന്തു വന്നാലും തനിക്ക് ആസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം’ എന്നു പറയുന്നവരാണ് അവര്‍. ഇത് പ്രപഞ്ച സ്വഭാവത്തില്‍ നിന്നുള്ള വ്യതിചലനമാണ്. ആ വ്യതിചലനത്തെ പൊതുനിയമമായി വ്യാഖ്യാനിച്ച് ഉറപ്പിക്കുക എന്നതാണ് സ്വവര്‍ഗ വിവാഹത്തെ നിയമപരമായി സാധൂകരിക്കാന്‍ ശ്രമിക്കുന്നവര്‍ ചെയ്യുന്നത്. സുപ്രീം കോടതി അതിന്റെ വിലപ്പെട്ട സമയം ഈ പ്രകൃതി വിരുദ്ധ വ്യാപാരത്തിന്റെ ചര്‍ച്ചയ്ക്കും സാധൂകരണത്തിനും വേണ്ടി ചെലവഴിക്കുന്നൂവെന്നത് ഖേദകരമാണ്. ലക്ഷക്കണക്കിന് മനുഷ്യര്‍ക്കു ലഭിക്കേണ്ട നീതി കാലതാമസം മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം ഒരു വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചക്കായി കോടതി സമയം കണ്ടെത്തുന്നത്.
ഇതിന് കോടതികളെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം ഇപ്പോഴും അവര്‍ അവലംബിക്കുന്ന നിയമ തത്വ വിചാരത്തിന്റെ അപര്യാപ്തത തന്നെയാണ്. നിയമ തത്വവിചാരത്തിന്റെ പിതാവായി ബ്രട്ടീഷുകാര്‍ അംഗീകരിച്ചിരിക്കുന്നത് ജര്‍മി ബന്താം എന്ന തത്വ ചിന്തകനെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തത്വ വിചാരത്തില്‍ യുറോപ്പിന്റെ അഹന്ത മുഴുവന്‍ ഉള്‍ക്കൊള്ളിച്ച വ്യക്തിയാണ് ബന്താം. അദേഹത്തിന്റെ അടിസ്ഥാന മുദ്രാവാക്യം പരമ സുഖം പരമാവധിപേര്‍ക്ക് എന്നതായിരുന്നു. സുഖം എന്നതുകൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കുന്നത് ഇന്ദ്രീയ സുഖത്തെ തന്നെയാണ്. ബന്താം മനുഷ്യനെ ഒരു മാംസപിണ്ഡമായിട്ടാണ് കരുതിയത്. അതിനുള്ളില്‍ അവനെ ചൈതന്യധന്യനാക്കുന്ന ആത്മ പ്രഭാവം ഉണ്ടെന്ന് ബന്താം മനസിലാക്കിയിരുന്നില്ല. ഇദ്ദേഹമാണ് നിയമ തത്വ വിചാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. നിയമത്തെ നിര്‍വചിച്ച് ഉറപ്പിക്കുനത്. അദ്ദേഹം യുറോപ്പാണ് വിഞ്ജാനത്തിന്റെയും വിവേകത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും കേന്ദ്രം എന്ന് വിശ്വസിക്കുകയും അതില്‍ അഹങ്കരിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. യൂറോപ്പിന്റേതല്ലാത്ത വിജ്ഞാനം, കല, സംസ്കാരം, മതം ഇത്യാതികളെല്ലാം അധമമാണെന്ന് കരുതിയിരുന്നു ഈ മഹാന്. അതുകൊണ്ട് ലോകത്ത് എല്ലായിടത്തും യൂറോപ്പിന്റെ വിജ്ഞാന മാതൃകകള്‍ സ്വീകരിക്കപ്പെടണമെന്നും തനത് ദേശീയ വിജ്ഞാനങ്ങള്‍ തമസ്കരിക്കപ്പെടണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇങ്ങനെയുള്ളവരെയാണ് യൂറോ സെന്‍ട്രിക് മനുഷ്യര്‍ എന്ന് വിശേഷിപ്പിക്കുന്നത്.
കോളനി വാഴ്ച്ചക്കാലത്ത് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ബ്രിട്ടന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കോളനിയാക്കി നില നിര്‍ത്താന്‍ ബന്താമിന്റെ ചിന്തകളും ഉപയുക്തമാക്കപ്പെട്ടിരുന്നു. ഈ ബന്താമിന്റെ നിയമ തത്വ വിചാരത്തെയാണ് നമ്മുടെ നിയമ വിദ്യാലയങ്ങള്‍ ഇപ്പോഴും ആശ്രയിക്കുന്നത്. അതുകൊണ്ട് നിയമ വ്യവഹാരത്തില്‍ വ്യാപരിക്കുന്ന അഭിഭാഷകരും ജഡ്ജിമാരും ഉള്‍പ്പെടെയുള്ളവര്‍ ബന്താമിന് അപ്പുറത്തേക്ക് പോകാന്‍ കഴിയാത്തവരായി തീര്‍ന്നിട്ടുണ്ട് എന്നതാണ് വസ്തുത. അതിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് നമ്മുടെ കോടതികള്‍ എന്തിനും ഏതിനും ബ്രട്ടീഷ് നിയമ വ്യാഖ്യാനത്തെയും അമേരിക്കന്‍ നിയമ വ്യാഖ്യാനത്തെയും പ്രമാണ രേഖയായി അംഗീകരിക്കുകയും അതോടൊപ്പം എത്തിച്ചേരുന്നതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നത്. സ്വവര്‍ഗ വിവാഹത്തെക്കുറിച്ച് അഭിഭാഷകര്‍ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കും. അനുകൂലമായി പറയുന്നവര്‍ എടുത്ത് കാണിക്കുന്നത് യൂറോപ്പിന്റെയും അമേരിക്കയുടെയും മാതൃകകളാണ്. എന്നാല്‍ അയ്യായിരം കൊല്ലത്തെ പഴക്കമുള്ള ഒരു മഹാ സംസ്കാരത്തിന്റെ ഉടമകളാണ് തങ്ങള്‍ എന്ന ലളിതമായ വസ്തുത നീതിന്യായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിസ്മരിക്കുന്നത് പരിതാപകരമാണ്.
മഹാഭാരതം ശാന്തി പര്‍വ്വത്തില്‍ ശരശയ്യയില്‍ കിടന്നുകൊണ്ട് ഭീഷ്മര്‍ തന്റെ കൊച്ചു മക്കളായ പാണ്ഡവര്‍ക്ക് രാഷ്ട്ര വ്യവഹാര തത്വം ഉപദേശിക്കുന്ന മനോഹരമായ ഒരു സന്ദര്‍ഭം ഉണ്ട്. രാഷ്ട്രത്തിന്റെ ആധാരം, അതിന്റെ പ്രവര്‍ത്തനം, ഭരണ വ്യവസ്ഥ, നീതിന്യായ സംവിധാനം, നിയമതത്വ വിചാരം, നിയമ വ്യാഖ്യാന തന്ത്രം, എന്നിവയെല്ലാം വിശദമായി അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. മനുഷ്യ നിര്‍മിതമാകുന്ന ഏതുനിയമവും പ്രപഞ്ച നിയമ അനുസാരി ആയിരിക്കണം എന്നതാണ് അതില്‍ എടുത്തു കാണിക്കുന്ന പ്രധാന വസ്തുത. പ്രപഞ്ച നിയമ സംവിധാനത്തിന് വിരുദ്ധമായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അധികാരമില്ല എന്ന കാര്യവും ഭീഷ്മര്‍ പറയുന്നുണ്ട്. പക്ഷെ ഈ വസ്തുത നമ്മുടെ നിയമ വ്യാഖ്യാതാക്കളായ കോടതികള്‍ തുടര്‍ച്ചയായി വിസ്മരിക്കുന്നുവെന്നത് ആശങ്കാജനകമാണ്. ഏത് നിയമത്തെ വ്യാഖ്യാനിക്കുമ്പോഴും അതിനെ നിര്‍വചിക്കുമ്പോഴും ആ നിയമ നിര്‍വചനവും വ്യാഖ്യനവും പ്രപഞ്ച ക്രമത്തിന് യോജിച്ചതാണോ എന്നത് പരിശോധിക്കണം. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നീതിന്യായ സംവിധാനത്തിന് ഭാരതത്തിന്റെ നിയമതത്വ വിചാരം അന്യമായ കാര്യമാണെന്നതാണ് വസ്തുത.
ഭാരതീയ സാഹചര്യങ്ങളില്‍ രൂപം കൊണ്ട ഋഷിപ്രോക്തങ്ങളായ മഹാതത്വങ്ങളെക്കാള് ഊഹാഭ്യാസത്തില് മാത്രം വ്യാപരിക്കുന്ന പാശ്ചാത്യ തത്വചിന്തകന്മാരുടെ വിചാരങ്ങള്ക്കാണവര് പ്രാമുഖ്യം നല്‍കുന്നത്. ഋഷിമാരെ മന്ത്രദൃഷ്ടാക്കള്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അവര്‍ മന്ത്ര സ്രഷ്ടാക്കളല്ല, മന്ത്ര ദൃഷ്ടാക്കള്‍ എന്ന് പറഞ്ഞാല്‍ കണ്ടത് കണ്ടതു പോലെ പറയുക എന്നതാണ് അര്‍ത്ഥം. സ്രഷ്ടാവിന് കാണാത്തതിനെക്കുറിച്ച് ഊഹിക്കാനുള്ള അവകാശം കൂടിയുണ്ട്. പ്രപഞ്ചത്തിന്റെ സൂഷ്മ രൂപം അനുഭവിച്ചറിഞ്ഞവരാണ് ആ മന്ത്രങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ പാശ്ചാത്യ തത്വവിചാരത്തിന് ഒരിടത്തും അനുഭവത്തിന്റെ പിന്ബലമില്ലാ എന്നതാണ് വസ്തുത. അതിന് ഏറ്റവും നല്ല ഉദാഹരണം ചരിത്രത്തില്‍ ജീവിച്ചിരുന്ന സോക്രട്ടീസിനെ നിരാകരിച്ചുകൊണ്ടാണ് പ്ലേറ്റോ തന്റെ ആശയലോകത്തില്‍ മറ്റൊരു സോക്രട്ടീസിനെ സൃഷിടിച്ചെടുത്തത് എന്നതാണ്. അങ്ങനെ ഒരു സോക്രട്ടീസ് ആരുടെയും അനുഭവത്തിന്റെ ഭാഗമല്ല അന്നും ഇന്നും.
നിയമ തത്വവിചാരത്തെക്കുറിച്ചുള്ള ഈ വൈകല്യം നമ്മുടെ കോടതികളുടെ നിയമ വ്യാഖ്യാന കൗശലത്തെയും സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് പലപ്പോഴും വികലമായ വ്യാഖ്യാനങ്ങള്‍ അവര്‍ നടത്തുന്നത്. മനുഷ്യന് വ്യതിരിക്തനാകാന്‍ അവകാശം ഉണ്ടെന്നും ആ വ്യതിരക്തത നിയമം മൂലം സംരക്ഷിക്കപ്പെടണമെന്നും അവര്‍ വ്യാഖ്യാനിക്കുമ്പോള്‍ ഏത് വ്യതിരക്തതയും പ്രപഞ്ച നിയമാനുസാരിയായിരിക്കണം എന്ന ലളിതമായ തത്വത്തെ അവര്‍ വിസ്മരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വവര്‍ഗ വിവാഹത്തിന് സാര്‍വ്വലൗകീകമായ നിയമ പരിരക്ഷ നല്‍കണമോയെന്ന കാര്യം സുപ്രീം കോടതി ഗാഢമായി ചിന്തിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്ത് എല്ലായിടത്തും എല്ലാ ജീവിത രീതികളിലും ഈ പുനരപി ജനനം പുനരപി മരണം എന്ന തത്വം സര്‍വ്വ സ്വീകാര്യമാണ്. ആ മഹാ തത്വത്തെ വിസ്മരിക്കുന്ന വികല ചിന്തകള്‍ക്ക് നിയമപരമായ സാധ്യത നല്‍കാനുള്ള ഒരു ശ്രമത്തെയും അംഗീകരിക്കാന്‍ കഴിയില്ല.
(മുന്‍ വിസിയും മുന്‍ പിഎസ്സി ചെയര്‍മാനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: